ADVERTISEMENT

മസാലപ്പൊടികളിലും എണ്ണകളിലും മറ്റും മായം ചേര്‍ക്കുന്നതായി നമുക്കറിയാം. വളരെ ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് നിറവും മണവും അളവും തൂക്കവുമെല്ലാം കൂട്ടുന്നത് ആന്തരാവയവങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാകാന്‍ കാരണമാകും. നിത്യേന ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കളില്‍ മാത്രമല്ല, ഓ ആര്‍ എസ്, പനീര്‍, ബട്ടര്‍, കശുവണ്ടി തുടങ്ങിയവയിലെല്ലാം മായം ചേര്‍ത്ത് വിപണിയില്‍ എത്തുന്നുണ്ട്, കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് ഇവ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. 

ആരും പ്രതീക്ഷിക്കാത്ത വെളുത്തുള്ളിയില്‍ വരെ മായം കണ്ടെത്തിയതോടെ വിപണിയില്‍ കിട്ടുന്ന ഒന്നും വിശ്വസിച്ച് വാങ്ങിക്കാന്‍ പറ്റില്ല എന്ന അവസ്ഥയായി. 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ വെളുത്തുള്ളി വാങ്ങിച്ച ഒരു സ്ത്രീക്ക് കിട്ടിയത്, വെളുത്തുള്ളിയുടെ തൊലിയില്‍ പൊതിഞ്ഞ കൃത്രിമ വെളുത്തുള്ളിയായിരുന്നു. കിലോയ്ക്ക് നാന്നൂറ് രൂപയ്ക്കടുത്ത് വിലയുള്ള വെളുത്തുള്ളി ഇങ്ങനെ ചെയ്യുമ്പോള്‍ വന്‍ ലാഭമാണ് കച്ചവടക്കാര്‍ക്ക് കിട്ടുന്നത്.

കടയില്‍ നിന്നും വെളുത്തുള്ളി വാങ്ങിക്കുമ്പോള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഇങ്ങനെ പണി കിട്ടാതെ സൂക്ഷിക്കാം.

നിറം പരിശോധിക്കുക

ശരിക്കുമുള്ള വെളുത്തുള്ളിയുടെ നിറം ശുദ്ധമായ വെള്ളയല്ല, മാത്രമല്ല, പുറത്ത് പുള്ളിക്കുത്തുകളും മറ്റും കാണും. ഇങ്ങനെയുള്ളവ തിരഞ്ഞെടുക്കുക.

നടുവേ പിളര്‍ക്കുക

സാധാരണയായി വീടുകളിലേക്ക് വാങ്ങിക്കുമ്പോള്‍ കിലോ കണക്കിന് വെളുത്തുള്ളിയൊന്നും ആരും വാങ്ങിക്കാറില്ല, ചെറിയ അളവില്‍ മാത്രമേ വാങ്ങിക്കാറുള്ളൂ. അതിനാല്‍ ഇവ കടയില്‍ നിന്നും തിരഞ്ഞെടുത്ത ശേഷം ചെറുതായി പിളര്‍ത്തി നോക്കുക. ഉള്ളില്‍ വെളുത്തുള്ളി അല്ലികള്‍ തന്നെയാണ് ഉള്ളതെന്ന് ഉറപ്പുവരുത്തുക.

ആകൃതി നോക്കുക

യഥാർത്ഥ വെളുത്തുള്ളിക്ക് ക്രമരഹിതമായ ആകൃതിയും ഘടനയുമാണ് ഉള്ളത്, വ്യാജ വെളുത്തുള്ളിയുടെ പുറംതൊലി വളരെ മിനുസമാർന്നതും ആകൃതി കൃത്യവുമായിരിക്കും.

ഗന്ധം പരിശോധിക്കുക

യഥാർത്ഥ വെളുത്തുള്ളിക്ക് രൂക്ഷമായ മണം ഉണ്ടാകും, വ്യാജ വെളുത്തുള്ളിക്ക് ഒന്നുകിൽ മണം ഉണ്ടാകില്ല, അല്ലെങ്കിൽ രാസവസ്തുക്കളുടെ ഗന്ധമായിരിക്കും ഉണ്ടാവുക.

വിലയും നോക്കണം

ശരിക്കുള്ള വെളുത്തുള്ളിക്ക് നല്ല വിലയാണ്. എന്നാല്‍, വ്യാജന്‍ വിലക്കുറവില്‍ കിട്ടും. വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന വെളുത്തുള്ളി വ്യാജമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വില കൂടി ശ്രദ്ധിക്കുക.

English Summary:

Avoid Fake Garlic Buying Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com