ADVERTISEMENT

ബദാം, കശുവണ്ടി മുതലായവയ്ക്കൊപ്പം ഫിറ്റ്നസ് പ്രേമികളുടെ അടുക്കളകളില്‍ സ്ഥാനം പിടിച്ചു കൊണ്ടിരിക്കുന്ന ഒരു വിത്താണ് മഖാന. ഈ വിത്തിന് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു.

ഇന്ത്യ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ ചതുപ്പുകുളങ്ങളില്‍ ആണ് ഇവ പ്രധാനമായും കാണുന്നത്. ചൈനക്കാർ നൂറ്റാണ്ടുകളായി ഈ ചെടി നട്ടുവളർത്തുന്നു. എന്നാല്‍ ലോകത്തിലെ ആകെ മഖാനയുടെ 90% ഉത്പാദിപ്പിക്കുന്നത് ഇന്ത്യൻ സംസ്ഥാനമായ ബീഹാറാണ്. ബീഹാറിലെ മിഥിലാഞ്ചലിലെ പ്രശസ്തമായ പ്രദേശമായ മധുബനിയിലാണ് മഖാന കൃഷി ആരംഭിച്ചത്. പരമ്പരാഗത രീതികൾ ഉപയോഗിച്ച് ചെയ്യുന്ന ഈ കൃഷി പിന്നീട് പാകിസ്ഥാൻ, കാനഡ, ചൈന, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

makhana
Image Credit: im a photographer and an artist/Istock

മഖാനയുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ, കൂടുതല്‍ ഇടങ്ങളിലേക്ക് ഇതിന്‍റെ കൃഷി വ്യാപിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഗവണ്മെന്‍റ് തന്നെ മുന്‍കയ്യെടുത്ത്, മഖാനയുടെ ബ്രാൻഡിംഗ്, പാക്കേജിംഗ് സംരംഭങ്ങൾക്ക് വേണ്ട പിന്തുണ നല്‍കുന്നുണ്ട്.

നാരുകളും പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടമായ മഖാനയ്ക്ക് ഉയര്‍ന്ന പോഷകമൂല്യമുണ്ട്. എന്നാല്‍ കൊഴുപ്പിന്‍റെ അളവ് വളരെ കുറവാണ്. 100 ഗ്രാം മഖാനയില്‍ 9.7 ഗ്രാം പ്രോട്ടീനും 14.5 ഗ്രാം നാരുകളും ഉണ്ട്. അതോടൊപ്പം തന്നെ, സമീകൃതമായ അളവിൽ കാർബോഹൈഡ്രേറ്റും ഇരുമ്പും കാത്സ്യവും അടങ്ങിയിട്ടുണ്ട്, ഇത് മഖാനയെ ഒരു സൂപ്പർഫുഡാക്കി മാറ്റുന്നു. ഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍  പ്രതിദിനം 30 ഗ്രാം മഖാന കഴിക്കുന്നത് ഗുണം ചെയ്യും.

മഖാനയുടെ ആരോഗ്യ ഗുണങ്ങൾ

1. ശരീരഭാരം നിയന്ത്രിക്കുന്നു: പോഷകങ്ങളാൽ സമ്പന്നമായതിനാൽ, മഖാന ആരോഗ്യകരമാണ്. കൂടാതെ, ഇതിൽ കൊളസ്ട്രോളും കൊഴുപ്പും കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.

2. ഹൃദയാരോഗ്യം: മഖാനയിൽ പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും

3. വൃക്കകളുടെ പരിപാലനം: മഖാന ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും പ്ലീഹയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു, ഇത് വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇത് രക്തയോട്ടം നിയന്ത്രിക്കാനും, മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു.

4. രക്തസമ്മർദ്ദം നിയന്ത്രിക്കൽ: മഖാനയില്‍ ഉയർന്ന അളവില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യവും കുറഞ്ഞ അളവില്‍ മാത്രമുള്ള കൊഴുപ്പ്, സോഡിയം എന്നിവയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

5. കരളിലെ വിഷാംശം ഇല്ലാതാക്കുന്നു: കരളിന്‍റെ ഉപാപചയപ്രവര്‍ത്തനം കൂട്ടി, വിഷാംശം ഇല്ലാതാക്കാന്‍ മഖാന സഹായിക്കുന്നു.

6. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം: കാൽസ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് മഖാന, ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയ്ക്കും ഗുണംചെയ്യുന്നു.

7. പ്രമേഹ നിയന്ത്രണം: കലോറിക് മൂല്യവും ഗ്ലൈസെമിക് സൂചികയും കുറവായതിനാൽ, പ്രമേഹവും ശരീരത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിന് മഖാന ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു.

8. അകാലവാര്‍ധക്യം തടയുന്നു: മഖാന ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്, ഇത് അവയെ ഒരു മികച്ച ആൻ്റി-ഏജിംഗ് ഭക്ഷണമാക്കുന്നു. അകാലവാര്‍ധക്യം തടയാന്‍ സഹായിക്കുന്നു.

9. നാഡികളുടെ പ്രവര്‍ത്തനം: മഖാനയില്‍ തയാമിൻ അടങ്ങിയിട്ടുണ്ട്, ഇത് നല്ല നാഡി പ്രവർത്തനം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

10. വീക്കം തടയുന്നു: ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന കെംഫെറോൾ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തം മഖാന വിത്തുകളിലുണ്ട്. സന്ധിവാതം, വാതം തുടങ്ങിയ പല രോഗങ്ങൾക്കും വീക്കം കാരണമാകുന്നു . അതിനാൽ, വീക്കമുള്ള രോഗികള്‍ക്ക് ഇത് നല്ലതാണ്.

താമര വിത്ത് മസാല, ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ചേരുവകൾ

മഖാന (താമര വിത്ത്) - 2 കപ്പ് 

നെയ്യ് - 2 ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ്‌ - 1/4 ടീസ്പൂൺ 

പഞ്ചസാര - 1/8 ടീസ്പൂൺ 

മഞ്ഞൾ പൊടി - 1/8 ടീസ്പൂൺ 

കാശ്മീരി മുളകുപൊടി - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം 

ചുവടുകട്ടിയുള്ള പാൻ അടുപ്പത്തു വച്ച് ചൂടാകുമ്പോൾ നെയ്യും കറിവേപ്പിലയും താമര വിത്തും ചേർത്തു നല്ല ക്രിസ്പിയാകുന്നതുവരെ ഏകദേശം 6 - 8 മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കണം. ശേഷം ഇതിലേക്ക് ഉപ്പ്, പഞ്ചസാര, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു മസാല മഖാനയിൽ നന്നായി പിടിക്കാനായി രണ്ടു മിനിറ്റോളം ചേർത്തിളക്കി യോജിപ്പിച്ചെടുക്കുക. നന്നായി തണുത്തതിനു ശേഷം വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഒരു ആഴ്ചയോളം കേടാകില്ല.

English Summary:

Makhana Superfood Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com