കിവിയുടെ തൊലി കളയല്ലേ... ഇങ്ങനെയൊക്കെ ഗുണങ്ങളുണ്ടായിരുന്നോ?
Mail This Article
ഒട്ടേറെ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഒരു പഴമാണ് കിവി. ചർമ്മത്തിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ ഇവയ്ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്.
ഓരോ 100 ഗ്രാം കിവിക്കും 3 ഗ്രാം വരെ ഡയറ്ററി ഫൈബർ നൽകാൻ കഴിയും, യുഎസ്‌ഡിഎ ഡാറ്റ പ്രകാരം, ഒരാള്‍ക്ക് ഒരുദിനം വേണ്ട നാരുകളുടെ 12% ആണ് ഇത്. കൂടാതെ ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കിവിയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത്, ചര്‍മ്മത്തിന്‍റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ സഹായിക്കുന്നു. കൂടാതെ, വാർദ്ധക്യവും ചുളിവുകളും തടയാനും വീക്കം നിയന്ത്രിക്കാനും ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.
ഇത്രയേറെ ഗുണങ്ങളുള്ള കിവി സാധാരണയായി തൊലി കളഞ്ഞാണ് നമ്മള്‍ കഴിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെയല്ല, തൊലി കളയാതെയാണ് കിവി കഴിക്കേണ്ടതെന്ന് ഡോ ആമി ഷാ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. കിവിയെക്കുറിച്ച് താന്‍ അറിയുന്നത് തന്‍റെ പ്രീ മെനോപോസ് സമയത്തായിരുന്നു എന്ന് ആമി ഷാ പറയുന്നു. സ്ത്രീകള്‍ക്ക് 35 മുതല്‍ 55 വരെയുള്ള പ്രായത്തില്‍ അനുഭവപ്പെടുന്ന മാനസിക പ്രശ്നങ്ങള്‍, മലബന്ധം എന്നിവയ്ക്ക് കിവി പരിഹാരമാണ് എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്.
കൂടാതെ, വിറ്റാമിന്‍ സി, ആൻ്റി ഓക്‌സിഡൻ്റുകള്‍, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയുടെയും നല്ല ഉറവിടമാണ് കിവി.
ചിലര്‍ക്ക് കിവിയുടെ തൊലി കഴിക്കുന്നത് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇങ്ങനെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് ധൈര്യമായി ഇതിന്‍റെ തൊലിയോടെ കഴിക്കാം.
കിവി തൊലിയോടെ കഴിക്കുന്നത് നാരുകളുടെ അളവ് അമ്പതു ശതമാനവും ഫോളേറ്റിന്‍റെ അളവ് 34 ശതമാനവും കൂട്ടും. കൂടാതെ ഇതില്‍ ധാരാളം വിറ്റാമിന്‍ ഇ യും അടങ്ങിയിട്ടുണ്ട്.
ചെറുപയര്‍ പരിപ്പ് കിവി കോക്കനട്ട് സൂപ്പ് ഉണ്ടാക്കാം
കിവി ഉപയോഗിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു സൂപ്പ് ഉണ്ടാക്കിയാലോ?
ചേരുവകള്‍
1 കപ്പ് ചെറുപയര്‍ പരിപ്പ് ഉപ്പ് ചേർത്ത് തിളപ്പിച്ചത്
2 കിവി, തൊലികളഞ്ഞത്
1/2 കപ്പ് കോക്കനട്ട് ക്രീം
1 ടീസ്പൂൺ എണ്ണ
2 ബേ ഇലകൾ
1/2 ടീസ്പൂൺ ജീരകം
1 ടീസ്പൂൺ മല്ലി
1 ടീസ്പൂൺ കുരുമുളക്
8 വെളുത്തുള്ളി, അരിഞ്ഞത്
1 ഇടത്തരം സവാള, അരിഞ്ഞത്
1/2 ഇടത്തരം കാരറ്റ്
1/4 ടീസ്പൂൺ മഞ്ഞൾ പൊടി
കറിവേപ്പില
ഉപ്പ് പാകത്തിന്
കുറച്ച് പുതിയ മല്ലിയില
ഉണ്ടാക്കുന്ന വിധം
1. ഒരു നോൺ സ്റ്റിക്ക് ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ബേ ഇലകള്‍, ജീരകം, മല്ലിയില, കുരുമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് മണം വരുന്നത് വരെ വഴറ്റുക.
2. സവാള ചേർത്ത് വഴറ്റുക. കാരറ്റ് അരിഞ്ഞ് ചേർക്കുക. മഞ്ഞൾപൊടിയും കറിവേപ്പിലയും ചേർത്ത് ഇളക്കുക.
3. ഉപ്പും വേവിച്ച ചെറുപയര്‍ പരിപ്പും ഇതിലേക്ക് ചേർത്ത് ഇളക്കുക.
4. കിവി ചെറിയ സമചതുരങ്ങളാക്കി മുറിക്കുക.
5. ചെറുപയർ ചൂടാകുമ്പോൾ തീ ഓഫ് ചെയ്യുക. കിവി ചേർത്ത് ഇളക്കുക.
6. മിശ്രിതം ചെറുതായി മിക്സിയില്‍ അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇത് മറ്റൊരു നോൺ സ്റ്റിക്ക് പാത്രത്തിലേക്ക് അരിച്ചെടുക്കുക. അരിപ്പയിൽ ശേഷിക്കുന്ന അവശിഷ്ടങ്ങൾ വീണ്ടും അടിച്ചെടുത്ത് ഇതിലേക്ക് ചേര്‍ക്കുക.
7. കോക്കനട്ട് ക്രീം ചേർത്ത് ഇളക്കുക. തീ ഓഫ് ചെയ്യുക.
8. സെർവിങ് ബൗളിലേക്ക് മാറ്റി, മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.