തൈരില്‍ സവാള ചേര്‍ത്ത് കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Mail This Article
സാലഡ് ഉണ്ടാക്കുമ്പോള്‍ തൈരില്‍ അല്‍പ്പം സവാളയും പച്ചമുളകുമൊക്കെ ചേര്‍ത്ത് കഴിക്കുന്നതാണ് നമ്മുടെ ശീലം. ചോറിനൊപ്പവും ബിരിയാണിക്കൊപ്പവുമൊക്കെ നമ്മള്‍ ഇത് കഴിക്കാറുണ്ട്. ഇത് നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും ആരോഗ്യപരമായി ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
ആയുര്‍വേദ പ്രകാരം, ചില ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുകയും ഉപാപചയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ശരീരത്തിൽ വിഷവസ്തുക്കളുടെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു കോമ്പിനേഷനാണ് ഉള്ളിയും തൈരും.
തൈര് എന്നാല്‍ ശീതഗുണമുള്ള ഒരു ഭക്ഷണമാണ്. ഇത് ശരീരത്തില്‍ കഫം, പിത്തം എന്നിവയുടെ ദോഷങ്ങൾ വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ഘനമുള്ള ഭക്ഷണമായതിനാല്‍ വലിയ അളവിലോ, രാത്രിയിലോ കഴിക്കുമ്പോള്‍ ദഹനം പ്രയാസമാക്കുന്നു. എന്നാല്‍ ഉള്ളിയാകട്ടെ, ഉഷ്ണഗുണമുള്ള ഒരു പച്ചക്കറിയാണ്. ഇത് ദഹനവും വിശപ്പും കൂട്ടുന്നു. പിത്ത ദോഷവും വര്‍ദ്ധിപ്പിക്കുന്നു.
ദഹനം വർദ്ധിപ്പിക്കുന്നതിന്, തൈരിൽ ജീരകം, മല്ലിയില, അല്ലെങ്കിൽ പെരുംജീരകം തുടങ്ങിയ മസാലകൾ ചേർക്കുന്നത് നല്ലതാണ്. കൂടാതെ,ഉള്ളിക്ക് പകരം കക്കിരിക്ക, വേവിച്ച കാരറ്റ് തുടങ്ങിയ പച്ചക്കറികളും ചേര്‍ക്കാം.
ഇവ രണ്ടും ഒരുമിച്ചു കഴിക്കുമ്പോള്‍, ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ വിഷവസ്തുക്കളുടെ രൂപീകരണത്തിനും കാരണമാകുമെന്ന് പറയപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രവും ഇതിനുള്ള വിശദീകരണം നല്‍കുന്നുണ്ട്. ഉള്ളിയിൽ ഫ്രക്ടാനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയ പ്രശ്നങ്ങളും ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലെയുള്ള അവസ്ഥകളും ഉള്ളവര്‍ക്ക് ദഹിപ്പിക്കാൻ പ്രയാസമുള്ള ഒരു തരം കാർബോഹൈഡ്രേറ്റ് ആണ്.
വ്യത്യസ്ത തരം ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ ശരീരത്തിന് വ്യത്യസ്ത എൻസൈമുകൾ ആവശ്യമാണ്. തൈര് പോലെയുള്ള പാലുൽപ്പന്നങ്ങൾക്ക്, ലാക്റ്റേസ് പോലുള്ള എൻസൈമുകൾ ആവശ്യമാണ്. അതേപോലെ ഫ്രക്ടാനുകൾ ദഹിപ്പിക്കാനും പ്രത്യേക എൻസൈമുകൾ ആവശ്യമാണ്. രണ്ടും ഒരേ സമയം കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് അമിതഭാരം ഉണ്ടാക്കും, ഇത് ദഹനം മന്ദഗതിയിലാക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ഇടയാക്കും. കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന നല്ല ബാക്ടീരിയ ഉള്ള തൈര് നല്ലൊരു പ്രോബയോട്ടിക്കാണ്. സവാളയിലെ ഉയർന്ന സൾഫറിന്റെ അളവ് കുടലിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും തൈരിൽ നിന്നുള്ള പ്രോബയോട്ടിക്സിന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും, കാലക്രമേണ കുടലിന്റെആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. തൈര്, സവാള എന്നിവയുടെ സംയോജനം ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖക്കുരു അല്ലെങ്കിൽ എക്സിമ പോലുള്ള അവസ്ഥകൾക്ക് കാരണമാകുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
ഇനി വെള്ളം പോലെ ആകില്ല, നല്ല പുളിയുള്ള കട്ട തൈര് വീട്ടിൽ ഉണ്ടാക്കാം
എന്തൊക്കെ ചെയ്തിട്ടും കടയിൽ നിന്നും വാങ്ങുമ്പോൾ ലഭിക്കുന്ന പോലെ തൈര് ഉണ്ടാക്കാൻ പറ്റുന്നില്ല എന്ന പരാതിയുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി. നല്ല പുളിയുള്ള കട്ട തൈര് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.
∙ഒരു വലിയ പാത്രത്തിൽ പാൽ മീഡിയം തീയിൽ വെച്ച് തിളപ്പിച്ചെടുക്കുക. വലിയ പാത്രമെടുക്കുന്നതു പാൽmതിളച്ചു പുറത്തു പോകാതിരിക്കാൻ വേണ്ടി കൂടിയാണ്.
∙തൈരിനു വേണ്ടിയുള്ള പാൽ മീഡിയം തീയിൽ പത്തു മുതൽ പതിനഞ്ചു മിനിറ്റ് വരെ മാത്രം തിളപ്പിച്ചാൽ മതിയാകും.
∙ മറക്കാതെ ചെയ്യേണ്ട കാര്യമാണ് അടുത്തത്. ചൂടാറിയ പാൽ ഒരു പാത്രത്തിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് വീശി ഒഴിച്ച് മുകളിൽ നല്ലതുപോലെ പത വരുത്തുക. നാല് മുതൽ അഞ്ച് തവണ പാൽ ഇങ്ങനെ ഒരു പാത്രത്തിൽ നിന്നും മറ്റൊന്നിലേക്കു ഒഴിക്കണം. ഇങ്ങനെ ചെയ്യുന്നത് കട്ടിയുള്ള തൈര് ലഭിക്കാൻ സഹായിക്കും.