ആഡംബര ഹോട്ടലിൽ കിട്ടുന്ന വിഭവം ഇനി സ്ട്രീറ്റിൽ; ഇന്‍റര്‍നെറ്റില്‍ വൈറലായ പുതിയ ഐറ്റം!
Mail This Article
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെയും മറ്റും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ജാപ്പനീസ് സംസ്കാരത്തിൻ്റെയും പാചകരീതിയുടെയും പര്യായമായ സുഷി. പ്രത്യേക തരം അരിയും മീനുമെല്ലാം ഒരുമിച്ച് റോളാക്കി കഴിക്കുന്ന സുഷിക്ക് നിഗിരി, സഷിമി, നോറി, ടെമാകി, ഉറാമാക്കി എന്നിങ്ങനെ വിവിധ വകഭേദങ്ങള്‍ ഉണ്ട്. സുഷിയിൽ ഉപയോഗിക്കുന്ന കടൽപ്പായലും ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ്.
ഹോട്ടലുകളില്‍ അത്യാവശ്യം വിലക്കൂടുതലുള്ള ഒരു വിഭവമാണ് സുഷി. ഇപ്പോഴിതാ സാധാരണക്കാര്‍ക്ക് വേണ്ടി, തെരുവോരത്തെ കടയിലും എത്തിയിരിക്കുകയാണ് സുഷി. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ 'അറബിക് സുഷി' വില്‍ക്കുന്ന ഷെഫിനെ കാണാം. ഇന്‍സ്റ്റഗ്രാമിലെ 'india_eat_mania' എന്ന അക്കൌണ്ടില്‍ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.
ഉത്തര്‍പ്രദേശിലാണ് ഈ സുഷി സ്റ്റാള്‍ ഉള്ളത്. ഒരു പ്ലേറ്റിന് 250 രൂപയാണ് വില. ആദ്യം തന്നെ നോറിയുടെ ഒരു ഷീറ്റില്‍ സോയ സോസ് ചേര്‍ക്കുന്നു. ഇതിലേക്ക് സുഷി അരിയുടെ ഒരു പാളി ചേര്‍ക്കുന്നു. മുകളിൽ കുറച്ച് എള്ള് വിതറുന്നു. ഇതിലേക്ക് "അറബിക്" മസാലകൾ, കുക്കുമ്പർ, കാരറ്റ്, പെപ്പര്‍, 2-3 തരം സോസുകൾ എന്നിവയും പാകം ചെയ്ത പനീറും ചേര്‍ക്കുന്നു. ശേഷം ഇത് ഉരുട്ടി 9 കഷണങ്ങളായി മുറിക്കുന്നു. ശേഷം, ചീസ്, ചെറി തക്കാളി എന്നിവ കൊണ്ട് അലങ്കരിക്കുന്നു.
ഇതിനടിയില്‍ ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇനി തണ്ടൂരി സുഷി, ഫ്രൈഡ് സുഷി, അഫ്ഗാനി സുഷി, ഗ്രേവി സുഷി, ക്രീമി സുഷി, വീറ്റ് സുഷി, മള്‍ട്ടിഗ്രെയിന്‍ സുഷി, തവ സുഷി ഒക്കെ കാണേണ്ടി വരുമോ എന്ന് ഒരാള്‍ കമന്റ് ചെയ്തു. സുഷി ഉണ്ടാക്കുന്ന ഈ രീതി വളരെ വൃത്തികരമാണെന്നും ശരിക്കുള്ള ചേരുവകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍, അവിടുത്തെ ആളുകള്‍ക്ക് വേണ്ടി കാലിഫോര്‍ണിയ സുഷി എന്നൊരു വകഭേദം ഉള്ള കാര്യവും എടുത്തു പറഞ്ഞു.