ഇതെന്ത് മറിമായം! വാഴപ്പഴത്തിന് നീലനിറമോ? അതും ഐസ്ക്രീമിന്റെ രുചിയിൽ
Mail This Article
വാഴപ്പഴങ്ങൾ പല വിധമുണ്ട്. നാട്ടിൽ സുലഭമായതു കൊണ്ടും താങ്ങാവുന്ന വിലയായതു കൊണ്ടും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് വാഴപ്പഴങ്ങൾ. പൂവൻ, മൈസൂർപൂവൻ, ഞാലിപ്പൂവൻ, നേന്ത്രൻ, റോബസ്റ്റ, കദളി അങ്ങനെ എത്രയെത്ര വ്യത്യസ്ത തരം പഴങ്ങൾ. എന്നാൽ ഇതിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തനായി ഒരു വാഴപ്പഴമുണ്ട്. അവനാണ് ഐസ്ക്രീം ബനാന. ബ്ലൂ ജാവ ബനാന എന്ന പേരിലും അറിയപ്പെടുന്ന ഈ വാഴപ്പഴത്തിന് ഒരു നീലനിറമാണ്.
ബ്ലൂ ജാവ ബനാന എന്ന പേരു കേട്ട് മുഴുവൻ നീലനിറമാണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ഇളം പച്ചയും ഇളം നീലയും കലർന്ന ഒരു നിറമാണ് ബ്ലൂ ജാവ ബനാനയുടേത്. എന്നാൽ, പഴുത്തു പാകമാകുമ്പോൾ ഇത് നേരിയ മഞ്ഞനിറത്തിലേക്ക് മാറുകയും ചെയ്യും. തൊലി മാറ്റിയാൽ മറ്റ് വാഴപ്പഴങ്ങളുടേതിന് സമാനമായ നിറമായിരിക്കും ബ്ലൂ ജാവ വാഴപ്പഴത്തിനും. നിറം പോലെ തന്നെ രുചിയിലും ഈ വാഴപ്പഴത്തിന് നിരവധി പ്രത്യേകതകളുണ്ട്.
വാനിലയുടെ രുചി പോലെയാണ് ബ്ലൂ ജാവ ബനാനയുടെ രുചി നമുക്ക് അനുഭവപ്പെടുക. ബ്ലൂ ബനാന, ഐസ്ക്രീം ബനാന, വാനില ബനാന, ഹവായിയൻ ബനാന, നെയ് മന്നൻ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി പേരുകളാണ് ഈ വാഴപ്പഴത്തിന് ഉള്ളത്. സൌത്ത് ഈസ്റ്റ് ഏഷ്യയിൽ ഈ വാഴപ്പഴം കാണുന്നത്. പ്രധാനമായും ഫിലിപ്പിൻസ്, ഹവായി എന്നിവിടങ്ങളിലാണ് ബ്ലൂ ജാവ ബനാന കൂടുതലായും കണ്ടു വരുന്നത്.
ഫൈബറിന്റെ നല്ലൊരു സ്രോതസ് ആയ ബ്ലൂ ജാവ ബനാനയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. കോശങ്ങൾക്ക് നാശം സംഭവിക്കുന്നതിൽ നിന്ന് ഇത് സംരക്ഷിക്കുന്നു. ഹൃദയാഘാതം, പ്രമേഹം, ചിലതരം കാൻസറുകൾ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. മാംഗനീസ്, ഫൈബർ, ഇരുമ്പ്, ഫോസ്ഫറസ്, സെലേനിയം തുടങ്ങിയ ശരീരത്തിന് ആവശ്യമായ മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബ്ലൂ ജാവ ബനാന ഉപയോഗിച്ച് ഒരു ഷേക്ക് അടിക്കാം
വാഴപ്പഴത്തിന്റെ രുചിക്കൊപ്പം തന്നെ വാനിലയുടെ രുചിയും സുഗന്ധവും ഇഷ്ടപ്പെടുന്നവർക്ക് ധൈര്യപൂർവം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ബ്ലൂ ജാവ ബനാന ഷേക്ക്. അത്തരത്തിൽ ഒരു ബ്ലൂ ജാവ ബനാന ഷേക്കിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
1 ഫ്ലോസൺ വാഴപ്പഴം
1/2 കപ്പ് കോൾഡ് കോഫി (അല്ലെങ്കിൽ 1/2 കപ്പ് കോൾഡ് വാട്ടർ + 1/2 ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി)
1/2 കപ്പ് വാനില ഐസ്ക്രീം
1 ടീസ്പൂൺ കൊക്കോ പൗഡർ
1/4 കപ്പ് ക്രഷ്ഡ് ഒറിയോ
1/4 കപ്പ് ബ്ലൂബെറീസ്
1/4 കപ്പ് ഐസ്
എല്ലാ ചേരുവകളും കൂടി ഒരു ബ്ലെൻഡറിൽ ഇട്ട് മൃദുവായി അരയുന്നത് വരെ നന്നായി അടിച്ചെടുക്കുക. ഗ്ലാസുകളിലേക്ക് പകർന്ന് സെർവ് ചെയ്യാവുന്നതാണ്.