ADVERTISEMENT

ഭക്ഷണകാര്യത്തിൽ അത്ര വലിയ കടുംപിടുത്തങ്ങൾ ഒന്നുമില്ല. എന്നാലും ഒരു ശരാശരി മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതെന്ന് ചോദിച്ചാൽ ചോറ് എന്നായിരിക്കും അതിന് ഉത്തരം. ചോറ് മാത്രമല്ല ഇഡ്ഡലി, ദോശ, ഇടിയപ്പം, പാലപ്പം, അപ്പം, പുട്ട്, ബിരിയാണി, നെയ്ച്ചോറ്, ഫ്രൈഡ് റൈസ് തുടങ്ങി എണ്ണിയാൽ തീരാത്ത അത്രയും അരിയാഹാരങ്ങൾ വേറെയും ഉണ്ട് ഭക്ഷണ പട്ടികയിൽ.  മലയാളികളുടെ മാത്രമല്ല ഭാരതീയ ഭക്ഷണക്രമത്തിൽ ചോറിന് വലിയ സ്ഥാനമാണുള്ളത്. ഉത്തരേന്ത്യയിലേക്ക് പോകുകയാണെങ്കിൽ ഗോതമ്പ് വിഭവങ്ങളാണ് കൂടുതലും. എന്നാലും ചോറും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

അതേസമയം, പ്രമേഹം പോലുള്ള പ്രശ്നങ്ങൾക്ക് ചോറ് ഒരു ഉത്തരവാദിയാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ പ്രമേഹരോഗികളോട് ചോറ് നിയന്ത്രിക്കാനും ചിലപ്പോൾ എല്ലാം ചോറ് മുഴുവനായി തന്നെ വിലക്കുന്നതും കാണാം. ഇതെല്ലാം കണ്ടും കേട്ടും ഡോക്ടറെ കാണാതായും വിദഗ്ദ അഭിപ്രായം തേടാതെയും തങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് ചോറ് പൂർണമായും ഒഴിവാക്കുന്ന ചിലരുമുണ്ട്. എന്നാൽ, അത്തരത്തിൽ ഒറ്റയടിക്ക് ചോറ് നമ്മുടെ നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റുമോ? 

അരിയാഹാരം അനാരോഗ്യകരമോ ?

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ആദ്യം കൈ വെയ്ക്കുന്നത് അരിയാഹാരത്തിൽ ആയിരിക്കും. ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ അരിയാഹാരം കഴിക്കുന്നവരാണ് മിക്ക മലയാളികളും. അതുകൊണ്ടു തന്നെ പെട്ടെന്ന് തന്നെ അരിയാഹാരം പൂർണമായും ഒഴിവാക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ, അത്തരത്തിൽ പൂർണമായും ഒഴിവാക്കേണ്ട ഒന്നല്ല അരിയാഹാരം. സന്തുലിതമായ ഭക്ഷണക്രമത്തിന് ഭക്ഷണത്തിൽ ചോറ് ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. കാരണം, ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത് ചോറിലാണ്. എന്നാൽ, എത്ര കഴിക്കുന്നു, ഏത് തരത്തിലുള്ള അരിയാണ് കഴിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

kerala-food

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസം ഒരു തവണയിൽ കൂടുതൽ അരിയാഹാരം കഴിക്കുന്നത് ഒഴിവാക്കുന്നത് ആയിരിക്കും നല്ലത്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും പ്രമേഹത്തിന്റെ പ്രശ്നമുള്ളവരും ഗോതമ്പ്, ക്വിനോവ, മില്ലറ്റ് എന്നീ ഭക്ഷണങ്ങളിലേക്ക് മാറുന്നത് ഉത്തമമായിരിക്കും. ചോറ് കഴിക്കണമെന്നുള്ളവർ വെളുത്ത അരിക്ക് പകരം തവിടുള്ള ചുവന്ന അരി തിരഞ്ഞെടുക്കുക. ചോറിനൊപ്പം ആവശ്യത്തിന് പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെടുത്തുന്നവർ ആണെങ്കിൽ ഒന്നിൽ കൂടുതൽ തവണ ചോറ് കഴിക്കുന്നതിൽ കുഴപ്പമില്ല. ചുവന്ന അരിയിൽ ഫൈബറും വൈറ്റമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്.

rice

കുത്തരി, ചാക്കരി, പുഴുക്കലരി എന്നീ പേരുകളിൽ വരുന്ന അരികളെല്ലാം ഈ തരത്തിലുള്ളവയാണ്. ഏതരിയാണ് നല്ലതെന്നു ചോദിച്ചാൽ ഉണക്കലരിയാണ് എന്നു പറയേണ്ടിയിരിക്കുന്നു. വെയിലത്ത് ഉണക്കുന്ന പ്രക്രിയ മാത്രമേ അതിനുള്ളു. പച്ചരിയും ആ ഒരു പ്രക്രിയയിൽക്കൂടി വരുന്നതാണ്. അതുകൊണ്ട് പച്ചരിയും ഉപയോഗിക്കാം.

അരി കേടായിപ്പോകാതെ സൂക്ഷിക്കുക എന്നത് അല്‍പ്പം പ്രയാസമുള്ള പണിയാണ്, ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ പൂപ്പല്‍, പ്രാണികള്‍ തുടങ്ങി പലവിധ പ്രശ്നങ്ങള്‍ തലവേദനയായി വരാം. അരി വളരെക്കാലം ഫ്രഷ് ആയി നിലനിർത്താനുള്ള ചില എളുപ്പവഴികൾ അറിയാം.

വായു കടക്കാത്ത പാത്രങ്ങള്‍

അരി കേടാകാതിരിക്കാനുള്ള ആദ്യത്തെ മാര്‍ഗം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക എന്നതാണ്. ഇതിനായി ഒരു ഗ്ലാസ് കണ്ടെയ്നർ അല്ലെങ്കിൽ നല്ല നിലവാരമുള്ള പ്ലാസ്റ്റിക്ക് തിരഞ്ഞെടുക്കുക. ഇത് ഏതെങ്കിലും തരത്തിലുള്ള ഈർപ്പം തടയുകയും അരി പുതിയത് പോലെ നിലനിർത്തുകയും ചെയ്യും.

വേപ്പിലയും ഉണക്കമുളകും

അരിപ്പാത്രത്തില്‍ വേപ്പിലയോ ഉണങ്ങിയ മുളകോ  സൂക്ഷിക്കുക എന്നതാണ് കീടങ്ങളെയും പൂപ്പലിനെയും തടയാനുള്ള മറ്റൊരു വഴി. ഇതിനായി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അരിയിലേക്ക് ഒരു പിടി വേപ്പിലയോ 4-5 ഉണങ്ങിയ ചുവന്ന മുളകോ ഇട്ടുവയ്ക്കുക.

ഫ്രിജില്‍ സൂക്ഷിക്കാം

മറ്റെല്ലാ ഭക്ഷണ വസ്തുക്കളും പോലെ തന്നെ അരിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അരി ചെറിയ പാത്രങ്ങളിലോ ഫ്രീസര്‍ ബാഗുകളിലോ ആക്കി  ഫ്രിജില്‍ വയ്ക്കാം. ആവശ്യമുള്ളപ്പോള്‍ അല്‍പ്പാല്‍പ്പമായി എടുത്ത് ഉപയോഗിക്കാം.

മാറ്റി സൂക്ഷിക്കുക

സുഗന്ധവ്യഞ്ജനങ്ങളും അരിയും ഒരിക്കലും ഒരുമിച്ച് സൂക്ഷിക്കരുത്, കാരണം അരി സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധം പെട്ടെന്ന് ആഗിരണം ചെയ്യും. ഇത് പാകം ചെയ്യുമ്പോൾ അരിയുടെ രുചി നശിപ്പിച്ചേക്കാം.

English Summary:

Rice Healthy Eating Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com