ADVERTISEMENT

ഫിറ്റ്‌നസ് പ്രേമികള്‍ക്കിടയില്‍ വളരെയധികം ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ഒരു പാനീയമാണ് നെയ്യിട്ട കാപ്പി അഥവാ ഗീ കോഫി. സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ സെലിബ്രിറ്റികളും ഇന്‍ഫ്ലുവന്‍സര്‍മാരുമെല്ലാം ഇതിനെക്കുറിച്ച് സംസാരിക്കുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. എന്താണ് ഈ കാപ്പിയുടെ പ്രത്യേകത? ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുമോ?

നെയ്യ് എന്ന സ്വര്‍ണ്ണദ്രാവകം

അമൂല്യമായ പോഷകഗുണങ്ങള്‍ നിറഞ്ഞ ഒരു ഭക്ഷണമായാണ് നെയ്യിനെ നമ്മള്‍ കണക്കാക്കിപ്പോരുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമായ നെയ്യ്, പോഷകങ്ങളുടെ കലവറയാണ്. ദിവസേന ചെറിയ അളവില്‍ നെയ്യ് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും, ഇത് വലിയ അളവിൽ കഴിക്കുന്നത് ശരീരത്തിന് ഗുരുതരമായ ദോഷം ചെയ്യും.

ക്ലാരിഫൈഡ് ബട്ടർ എന്നും അറിയപ്പെടുന്ന നെയ്യില്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, ഇ, ഡി, ഒമേഗ -3 ഫാറ്റി ആസിഡുകൾ, അവശ്യ ഫാറ്റി ആസിഡുകളായ ബ്യൂട്ടിറിക് ആസിഡുകള്‍, മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ഒമേഗ ഫാറ്റി ആസിഡുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 

ghee-coffee
Image Credit: Tatiana Bralnina/Shutterstock

നെയ്യിലെ വിറ്റാമിൻ എ യുടെ സാന്നിധ്യം കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്. മലബന്ധം ഉണ്ടെങ്കിൽ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ടേബിൾ സ്പൂൺ നെയ്യ് കഴിക്കുക. ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കാൻ നെയ്യിന് കഴിയും. 

ന്യൂട്രീഷനിസ്റ്റിന് പറയാനുള്ളത്

ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്കാന്‍ സഹായിക്കുന്ന പാനീയമാണ് കാപ്പി എന്ന് എല്ലാവര്‍ക്കും അറിയാം. കാപ്പിയില്‍ നെയ്യ് ചേര്‍ത്ത് കഴിച്ചാല്‍ അത് നല്ലതാണോ? തങ്ങളുടെ ഫിറ്റ്‌നസ് ഡയറ്റിൻ്റെ ഭാഗമായി കാപ്പിയില്‍ നെയ്യിട്ട് ഉണ്ടാക്കുന്ന ബുള്ളറ്റ് കോഫി പതിവായി കുടിക്കുന്നതായി പല സെലിബ്രിറ്റികളും സമ്മതിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഇത് കുടിക്കുന്നത് ശരീരത്തെ എങ്ങനെയാണ് ബാധിക്കുക? ഇൻ്റഗ്രേറ്റീവ് ലൈഫ്‌സ്‌റ്റൈൽ എക്‌സ്‌പെർട്ട് ആയ ലൂക്ക് കുട്ടീന്യോ ഇതേക്കുറിച്ച് ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത് വൈറലായിരുന്നു.

ഒട്ടേറെ ആളുകള്‍ ഇതിനടിയില്‍ കമന്‍റുകള്‍ എഴുതി.

കുറുക്കുവഴികളില്ല

തടി കുറയ്ക്കാന്‍ കുറുക്കുവഴികള്‍ തേടിപ്പോകേണ്ട എന്നാണ് ലൂക്ക് പറയുന്നത്. നെയ്യിട്ട കാപ്പി കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് ചിന്തിക്കുന്നവര്‍ക്കായി ഒരു നിമിഷം മൗനമാചരിക്കാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കുറുക്കുവഴികള്‍ ഇല്ല. നെയ്യും കാപ്പിയും വെവ്വേറെ കഴിക്കുക, നല്ല ഭക്ഷണം കഴിക്കുക, കൂടുതല്‍ നടക്കുക, ശരിക്ക് ഉറങ്ങുകയും ശ്വസിക്കുകയും ചെയ്യുക, ഈ ശീലങ്ങള്‍ പതിവായി പിന്തുടരുക... ലൂക്ക് എഴുതി. 

തനിക്ക് കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ വരെ ഈ ശീലം ഉണ്ടായിരുന്നതായി ഒരാള്‍ പറഞ്ഞു. മൂന്നാല് മണിക്കൂര്‍ നേരത്തേക്ക് ക്രേവിംഗുകള്‍ ഉണ്ടാവാതിരിക്കാന്‍ ഇത് തന്നെ സഹായിച്ചതായി ഇയാള്‍ പറഞ്ഞു. ക്രേവിംഗ് ഉണ്ടാവാതിരിക്കാന്‍ കൂടുതല്‍ പ്രോട്ടീന്‍ കഴിച്ചാല്‍ മതിയെന്ന് ലൂക്ക് മറുപടി പറഞ്ഞു.

English Summary:

Ghee Coffee Benefits Risks Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com