ചിയാ സീഡ് ഇവ ചേർത്ത് കഴിക്കരുതേ; ഇത് ശ്രദ്ധിക്കാതെ പോകരുത്!
Mail This Article
സാൽവിയ ഹിസ്പാനിക്ക എന്ന ചെടിയിൽ നിന്നും ലഭിക്കുന്ന കറുത്ത കുഞ്ഞൻ വിത്തുകളായ ചിയാ സീഡുകൾ ആണല്ലോ ഇപ്പോൾ ആരോഗ്യസംരക്ഷണത്തിലെ സ്റ്റാർ. ഫംഗ്ഷണൽ ഫുഡ് എന്നും അറിയപ്പെടുന്ന ചിയാ വിത്തുകൾ ഫൈബർ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ നിറകുടമാണ്. ആന്‌റിഒാക്സിഡന്റുകളാൽ സമ്പുഷ്ടമായ ചിയ വിത്തുകൾ ആരോഗ്യത്തോടൊപ്പം ചർമ്മ സംരക്ഷണത്തിനും മികച്ചതാണെന്നാണ് കണ്ടെത്തൽ. ചിയ സീഡ് ഓയിൽ പുരട്ടുന്നത് ചർമ്മത്തന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു . എന്നാൽ എന്തിനും ഒരു പാർശ്വഫലമുണ്ട് എന്ന് നമുക്കറിയാം. ചിയാ സീഡിന്നുമുണ്ട് അതന്റേതായ പാർശ്വഫലങ്ങൾ. ചിയാ വിത്തുകൾ ചില ഭക്ഷണപദാർത്ഥങ്ങൾക്ക് ഒപ്പം ചേർത്തു കഴിക്കാൻ പാടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. സാലഡിലും പുഡിങ്ങിലും ജൂസിലും എല്ലാം നമ്മൾ ചിയാ വിത്തുകൾ ചേർക്കാറുണ്ടെങ്കിലും താഴെ പറയാൻ പോകുന്ന പദാർത്ഥങ്ങളിൽ അവ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പഞ്ചസാര
പുഡ്ഡിങ് മുതൽ ചിയ ചേർത്തുണ്ടാക്കുന്ന മധുരപലഹാരങ്ങൾ വരെ, പലതരത്തിലുള്ള വിഭവങ്ങൾക്കായി പഞ്ചസാരയും ചേർത്ത് ആയിരിക്കും മിക്കവരും തയ്യാറാക്കുക. എന്നാൽ പഞ്ചസാര ചിയാവിത്തുമായി ചേരില്ല എന്നാണ് കണ്ടെത്തൽ. വിദഗ്ധരുടെ അഭിപ്രായത്തിൽ, അമിതമായ പഞ്ചസാര ചേർക്കുന്നത് അതായത് സിറപ്പ്, തേൻ അല്ലെങ്കിൽ ഗ്രാനേറ്റഡ് പഞ്ചസാര എന്നിവ അനാവശ്യമായ കാലറി ഉപഭോഗത്തിനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനും ഇടയാക്കും. ഇത് ചിയ വിത്തുകളുടെ ആരോഗ്യ ഗുണങ്ങളെ തടസ്സപ്പെടുത്തും.
പാലുൽപന്നങ്ങൾ
പാൽ അല്ലെങ്കിൽ തൈര് മുതലായ പാലുൽപന്നങ്ങൾക്കൊപ്പം ചിയാ വിത്തുകൾ ചേർത്തു കഴിക്കുന്നത് ലാക്ടോസ് ഇൻടോളൻസ് ഉള്ളവർക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാകും. ചിയ വിത്തുകൾക്ക് വെള്ളത്തിൽ അലിഞ്ഞ് ജെൽ രൂപത്തിലാവാൻ കഴിവുള്ളതിനാൽ ലാക്ടോസ് അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് വയറുവേദന വരാനുള്ള സാധ്യതയും കൂട്ടും.
സസ്യ എണ്ണകൾ
സാലഡുകൾക്ക് കുറച്ചുകൂടി രുചി കൂട്ടാൻ ഓയിൽ ഡ്രസ്സിങ് ചെയ്യുന്ന ഒരു പതിവുണ്ട്. എന്നാൽ ഇതിൽ ചിയ വിത്തുകൾ ചേർത്താൽ അത് ആരോഗ്യത്തെ സാരമായി ബാധിക്കുകയും കൊഴുപ്പിന്റെ അംശം ശരീരത്തിൽ കൂട്ടുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, സംസ്കരിച്ച സസ്യ എണ്ണകളിൽ നിന്നോ അമിതമായ വെണ്ണയിൽ നിന്നോ ഉള്ള അനാരോഗ്യകരമായ കൊഴുപ്പുകളും ചിയാ വിത്തുകളും ഒരുമിച്ച് ചേർക്കുന്നത് കാലറിയുടെ അളവ് വർദ്ധിപ്പിക്കുകയും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുമത്രേ. അണ്ടിപ്പരിപ്പ്, അവോക്കാഡോ എന്നിവയിൽ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ മിതമായ അളവിൽ ഗുണം ചെയ്യുമെങ്കിലും, ഹൃദയാരോഗ്യത്തിൽ ചിയ വിത്തുകളുടെ നല്ല ഫലങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന അനാരോഗ്യകരമായ കൊഴുപ്പുകൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്.
അമിതമായ ഉപ്പ്
സാലഡുകൾ മുതൽ സ്വാദിഷ്ടമായ പുഡ്ഡിങ് വരെ എല്ലായിടത്തും ഉപ്പ് ചേർക്കും. എന്നാൽ ഇത് ചിയ വിത്തിനൊപ്പം ചേർക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചെറിയ അളവിൽ ഉപ്പ് രുചി വർദ്ധിപ്പിക്കുമെന്ന് പറയുമെങ്കിലും, അമിതമായി ചേർക്കുന്നത് കൂടുതൽ സോഡിയം ശരീരത്തിൽ എത്തുന്നതിന് ഇടയാക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഉപ്പും ചിയ സീഡും ഒരുമിച്ച് ചേർക്കുന്നത് ഒഴിവാക്കണമെന്ന് പറയപ്പെടുന്നു.
എരിവുള്ള ഭക്ഷണം
ചിയ വിത്തിനൊപ്പം മുളക്, കുരുമുളക് എന്നിവ ചേർക്കുന്നതും ആരോഗ്യകരമായ ശീലമല്ല. ഭക്ഷ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ചിയ വിത്തുകളിൽ കുരുമുളക് അല്ലെങ്കിൽ ഹോട്ട് സോസ് പോലുള്ള ചേരുവകൾ ചേർക്കുന്നത് ദഹനത്തിന് അസ്വസ്ഥത ഉണ്ടാക്കും.