ഞാൻ കണ്ടെത്തിയ സോമസ് ഹിറ്റായി, ആ പരീക്ഷണങ്ങൾ വിജയിച്ചു; മേഘ്ന വിൻസന്റ്
Mail This Article
കൃത്യമായി ആരോഗ്യവും ഫിറ്റ്നസും ശ്രദ്ധിക്കുന്നവരാണ് അഭിനേതാക്കൾ. സൗന്ദര്യം നിലനിർത്താനും മറ്റും സാധാരണക്കാർ കഴിക്കുന്നത് പോലെയുള്ള ഭക്ഷണക്രമീകരണം ഒന്നുമായിരിക്കില്ല അവരുടേത്. എന്നാൽ ഈ കാര്യത്തിൽ നടി മേഘ്ന വിൻസന്റ് ഒരല്പം വ്യത്യസ്തയാണ്. താരത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പഴങ്കഞ്ഞി ആണത്രേ. താൻ ഏറ്റവും അധികം ആസ്വദിച്ചു കഴിക്കുന്ന ഭക്ഷണം അത് ആണെന്നാണ് മേഘ്ന വിൻസന്റ് പറയുന്നത്. ജനപ്രിയ സീരിയലുകളിലൂടെ ടെലിവിഷൻ രംഗത്തെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ മേഘ്ന നല്ലൊരു ഭക്ഷണപ്രിയ കൂടിയാണ്. തന്റെ യൂട്യൂബ് ചാനലില്‍ കൂടുതലും പലതരം വിഭവങ്ങൾ ഉണ്ടാക്കുന്ന വിഡിയോകളും കൃഷിരീതികളുമൊക്കെയാണ് താരം മിക്കവാറും പങ്കുവയ്ക്കാറുള്ളത്.
പഴങ്കഞ്ഞിയാണ് ഫേവറേറ്റ്
എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഒരു പ്ലേറ്റ് പഴങ്കഞ്ഞി മുമ്പിൽ വച്ചാൽ മറ്റുള്ളതെല്ലാം മാറ്റിവച്ച് അതിലേക്ക് മാത്രം കണ്ണ് തിരിക്കും. അത്ര ഇഷ്ടമാണ് പഴങ്കഞ്ഞി. തന്റെ ഭക്ഷണപ്രിയത്തെക്കുറിച്ച് മേഘ്ന പറഞ്ഞു തുടങ്ങിയത് തന്നെ ഇങ്ങനെയാണ്. വീട്ടിൽ ഉണ്ടാക്കുന്ന ഏതു ഭക്ഷണവും തനിക്ക് ഇഷ്ടമാണെന്നും ഹോംലി ഫുഡിന്റെ ആരാധികയാണ് താനെന്നും മേഘ്ന പറയുന്നു.
"വീട്ടിൽ അമ്മയും ഞാനും പാചകക്കാരാണ്. പാചകം ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.എന്നാൽ ഭക്ഷണം വച്ചുണ്ടാക്കുന്നതിനേക്കാൾ നമ്മൾ ഉണ്ടാക്കുന്നത് മറ്റുള്ളവർ അത് മനസ്സ് നിറച്ച് തൃപ്തിയോടെ കഴിക്കുന്നത് കാണുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ അതാണ് ഏറ്റവും വലിയ അംഗീകാരവും എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നതും."
പല പാചക പരീക്ഷണങ്ങളും നടത്തുന്ന ആളാണ് താനെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട വിഭവം എന്ന് പറയുന്നത് പഴങ്കഞ്ഞി തന്നെ. തലേദിവസം വെള്ളത്തിലിട്ട ചോറിലേക്ക് നല്ല ചെറിയ ഉള്ളിയും മുളകും ചതച്ചിട്ട് തൈരും കൂട്ടി ഒരു പിടി പിടിച്ചാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല എന്നാണ് മേഘ്നയുടെ പക്ഷം. "ഒരിക്കൽ ഞങ്ങൾ ഒരു യാത്ര പോയി തിരിച്ചു വരുന്ന സമയം. പുറത്തുനിന്ന് ആഹാരം കഴിക്കാം എന്നായിരുന്നു പ്ലാൻ എങ്കിലും പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി തിരികെ വീട്ടിലെത്തിയപ്പോൾ തലേദിവസം വെള്ളത്തിലിട്ടു പോയ ചോറ് ഇരിപ്പുണ്ടായിരുന്നു. ഞാനതിൽ കുറച്ച് ഉള്ളിയും മുളകും ചതച്ചുചേർത്ത് തൈരും ഒഴിച്ച് കഴിച്ചു. സിനിമയിൽ പറയുന്നതുപോലെ അതുകഴിയുമ്പോൾ ഉണ്ടല്ലോ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല അത്ര ടേസ്റ്റാണ് അതിന്. പിന്നീട് എപ്പോൾ അവസരം കിട്ടിയാലും ഞാൻ പഴഞ്ചോറ് കഴിക്കും."
സ്വന്തം റെസിപ്പികൾ ഒരു പുസ്തകമാക്കാനുള്ളതുണ്ട്
പാചക റെസിപ്പികൾ എല്ലാം ചേർത്താൽ ഒരു പുസ്തകം ഇറക്കാനുള്ള അത്രയും ഉണ്ടാകുമെന്നാണ് മേഘ്ന തന്നെ പറയുന്നത്. അമ്മയും നല്ലൊരു പരീക്ഷണക്കാരിയാണെന്നും ഹോംലി ഫുഡാണ് കൂടുതലും പരീക്ഷിക്കാറുള്ളതെന്നും മേഘ്ന പറയുന്നു. അതിൽ അധികവും തന്റെ യൂട്യൂബ് ചാനലിലുണ്ടെന്നും താരം പറഞ്ഞു.
"വീട്ടിൽ നിന്നുമുള്ള ആഹാരങ്ങൾ കഴിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്. ദൂരയാത്രകൾ വന്നാൽ പോലും ഒരു ദിവസത്തേക്കുള്ള ഭക്ഷണം ഞങ്ങൾ കയ്യിൽ കരുതും. വഴിയിൽ എവിടെയെങ്കിലും നിർത്തി എല്ലാവരും കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ഒരു സന്തോഷം വേറെയാണ്. പൊതിച്ചോറ് അല്ലെങ്കിൽ അതുപോലെ പാക്ക് ചെയ്ത എന്തെങ്കിലുമാകും കയ്യിൽ കരുതുക.
മേഘ്നയുടെ സ്വന്തം റെസിപ്പിയിൽ പിറന്ന" സോമസ് "
സോമസ് ശരിക്കുമൊരു നോർത്ത് ഇന്ത്യൻ മധുര പലഹാരമാണ്. ദീപാവലി പോലെയുള്ള പ്രത്യേക വിശേഷ ദിവസങ്ങളിലും അല്ലാതെയും ഉത്തരേന്ത്യൻ കുടുംബങ്ങളിൽ സാധാരണയായി ഉണ്ടാക്കുന്ന ഒരു മധുരപലഹാരമാണ് സോമസ്. മധുരമുള്ള സമൂസ എന്ന് വേണമെങ്കിൽ വളരെ സിംപിളായി ഇതിനെ വിളിക്കാം. ഈ പരമ്പരാഗതമായ വിഭവത്തെ തന്റേതായ രീതിയിലാണ് മേഘ്ന പലപ്പോഴും തയാറാക്കുന്നത്.
ആ വിഭവം നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കിയാലോ? അതിന് വേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കാം.
പൂരിക്ക് മാവ് കുഴക്കുന്നത് പോലെ മൈദ കുറച്ചുകൂടി കട്ടിയായി കുഴച്ചെടുക്കാം. ഇനി ഒരു മുറി തേങ്ങയെടുത്ത് ചിരകി പാനിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കണം. കരിഞ്ഞു പോകരുത് ശേഷം കുറച്ച് പൊട്ടുകടലയും കൂടി ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കാം. പൊടി പോലെയായി പോകാതെ തരുതരുപ്പായി പൊടിച്ചെടുക്കാം.
ഇനി ഈ കൂട്ടിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കുറച്ച് കറുത്ത എള്ളും കസ്കസും ചേർക്കണം. വേണമെങ്കിൽ ഏലയ്ക്ക പൊടിച്ചത് കൂടി ചേർത്തു കൊടുക്കാം. ഇനി ഇതെല്ലാം കൂടി ചേർത്ത് ഒരു മിക്സാക്കണം. ഇപ്പോൾ നമ്മുടെ സോമസിന്റെ ഫില്ലിങ് റെഡിയായി. ഇനി നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ഓവൽ ഷേപ്പിൽ പരത്തിയെടുക്കാം. അടയൊക്കെ ഉണ്ടാക്കുന്ന ആകൃതിയിൽ ആയിരിക്കണം ഇത് പരത്തി എടുക്കേണ്ടത്. ഇനി ഇതിൽ ആവശ്യത്തിന് ഫില്ലിങ് നിറച്ച് അടച്ചെടുക്കാം. ഇതിന്റെ വശം ഡിസൈനിൽ ഒന്ന് ഞെക്കിയെടുത്താൽ സോമസിന്റെ ആകൃതിയാകും. നല്ല തിളച്ചയെണ്ണയിലിട്ട് വറുത്ത് കോരിയെടുത്താൽ നമ്മുടെ സോമസ് റെഡി. ചൂടോടെ കഴിക്കാം.