ADVERTISEMENT

അരിഭക്ഷണം കഴിക്കാന്‍ പറ്റാത്ത ആരോഗ്യാവസ്ഥകള്‍ ഉള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം വളരെ പ്രിയപ്പെട്ട ഭക്ഷണമാണ് ക്വിനോവ. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പോഷകഗുണമുള്ള ക്വിനോവ, സൂപ്പര്‍ഫുഡായാണ് കണക്കാക്കുന്നത്. ഗ്ലൂട്ടന്‍ രഹിതമാണ് എന്ന് മാത്രമല്ല, നൂറു ഗ്രാമില്‍ 4.4 ഗ്രാം പ്രോട്ടീനും 2.8 ഗ്രാം ഫൈബറുമുണ്ട്. ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഉള്ളതിനാല്‍ ക്വിനോവ ഒരു സമ്പൂർണ്ണ പ്രോട്ടീൻ സ്രോതസ്സായി കണക്കാക്കപ്പെടുന്നു. ഗ്ലൈസീമിക്‌ ഇന്‍ഡക്സ്‌ കുറവായതിനാല്‍ കഴിച്ചു കഴിഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടില്ല.

ഇതില്‍ അടങ്ങിയിട്ടുള്ള പ്രതിരോധശേഷിയുള്ള അന്നജം, കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുകയും, ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുകയും, കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

2188195221
Image Credit: Stock Photo ID: 2188195221/Shutterstock

ക്വിനോവ കൊണ്ട് ദോശയും പുട്ടും പുലാവും പോലെ ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം. വെറുതേ ഉപ്പിട്ട് വേവിച്ച് ചോറിനു പകരം കഴിക്കാം. ക്വിനോവ കൊണ്ട് രുചികരമായ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1 തണ്ട് കറിവേപ്പില
¼ കപ്പ് ഉള്ളി അരിഞ്ഞത്
½ കപ്പ് കാരറ്റ് അരിഞ്ഞത്
¼ കപ്പ് ഗ്രീന്‍ ബീന്‍സ് അരിഞ്ഞത് 
¼ കപ്പ് ഗ്രീൻ പീസ് 
½ ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്
1-2 പച്ചമുളക് അരിഞ്ഞത്
-തട്ക ഉണ്ടാക്കാന്‍- 
¼ ടീസ്പൂൺ കടുക്
½ ടീസ്പൂൺ ജീരകം
1 ടേബിൾസ്പൂൺ കടലപ്പരിപ്പ്
½ ടീസ്പൂൺ ഉഴുന്ന്
1 നുള്ള് കായം
12-15 കശുവണ്ടി 
⅓ ടീസ്പൂൺ ഉപ്പ്
¼ ടീസ്പൂൺ മഞ്ഞള്‍

ഉണ്ടാക്കുന്ന വിധം

- ഒരു പാത്രത്തില്‍ ക്വിനോവ ഇട്ട് നന്നായി ഉരച്ചു കഴുകുക. ഇത് നന്നായി വെള്ളം വാര്‍ക്കാന്‍ വയ്ക്കുക.

- അടുപ്പില്‍ ഒരു ചീനച്ചട്ടിവെച്ച്  1½ ടേബിൾസ്പൂൺ എണ്ണയോ നെയ്യോ ചേര്‍ക്കുക. ഇതിലേക്ക് കടുക്, ജീരകം, കടലപ്പരിപ്പ്, ഉഴുന്ന്, കശുവണ്ടി എന്നിവ ചേർക്കുക. ഇളം സ്വർണ്ണനിറമാകുന്നത് വരെ ഫ്രൈ ചെയ്യുക.

- കറിവേപ്പില, ഇഞ്ചി, പച്ചമുളക്, കായം എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ഉള്ളി അരിഞ്ഞതും പച്ചമുളകും ചേർത്ത് വഴറ്റുക. ബാക്കിയുള്ള പച്ചക്കറികൾ എല്ലാം കൂടി ചേര്‍ത്ത് ഇളക്കി ഒരു മിനിറ്റ് വഴറ്റുക. 

- മഞ്ഞളും ഉപ്പും ചേർക്കുക. നേരത്തെ കഴുകിവെച്ച ക്വിനോവ ഇതിലേക്ക് ചേര്‍ക്കുക. 1¼ കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഇത് അടച്ചു വെച്ച് വേവിക്കുക.

- വെന്ത ശേഷം അടുപ്പത്ത് നിന്നും ഇറക്കിവെച്ച് നാരങ്ങാനീര് ഒഴിക്കുക. ചെറുതായി ചൂടാറിയ ശേഷം കഴിക്കാം.

English Summary:

Healthy Quinoa Upma Recipe Gluten Free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com