പ്രമേഹരോഗികള്‍ക്ക് ധൈര്യമായി ഈ ചോറ് കഴിക്കാം; ഇത് പ്രത്യേകയിനം അരി
Mail This Article
പ്രമേഹരോഗികളോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ള ഒരു കാര്യമാണ് ചോറ് കഴിക്കുന്നത് പരമാവധി കുറയ്ക്കുക എന്നത്. എന്നാല്‍ പേടി കൂടാതെ ചോറ് കഴിക്കാന്‍ പറ്റുമെങ്കിലോ? പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റും എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു പുതിയ ഇനം അരി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഫിലിപ്പീൻസിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ.
അമിതഭാരം, ജനിതക കാരണങ്ങള്‍, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നതിൽ പാൻക്രിയാസ് പരാജയപ്പെടുകയും രക്തത്തിൽ ആവശ്യത്തിലേറെ ഗ്ലൂക്കോസ് അവശേഷിക്കുകയും കോശങ്ങൾ ഇൻസുലിനോടുള്ള പ്രതിരോധം വികസിപ്പിക്കുകയും ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ഇന്ന് ലോകത്താകെ 537 ദശലക്ഷത്തിലധികം പേര്‍ക്ക് പ്രമേഹമുണ്ട് എന്നാണ് കണക്ക്. 2045 ഓടെ ഇത് 783 ദശലക്ഷമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രമേഹമുള്ളവരിൽ 60 ശതമാനത്തിലധികം പേർ താമസിക്കുന്നത് ഏഷ്യയിലാണ്. അരിയുടെ ഗണ്യമായ ഉപഭോഗവും ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗവും പോലുള്ള സാംക്രമികേതര രോഗങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ലോകത്തിലെ അരിയുടെ 90 ശതമാനവും ഏഷ്യ-പസഫിക് മേഖലയിലാണ് ഉത്പാദിപ്പിക്കുന്നതും ഉപഭോഗം ചെയ്യുന്നതും. വെളുത്ത അരിയ്ക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നു.
കാലിഫോർണിയ സർവകലാശാല, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലർ പ്ലാന്റ് ഫിസിയോളജി, ബൾഗേറിയയിലെ സെൻ്റർ ഓഫ് പ്ലാൻ്റ് സിസ്റ്റംസ് ബയോളജി എന്നിവയുമായി സഹകരിച്ച്, ഫിലിപ്പൈൻ പട്ടണമായ ലോസ് ബനോസിലെ ഇൻ്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐആർആർഐ) ഗവേഷകരാണ് പുതിയ ഇനം അരി വികസിപ്പിച്ചത്. ഇവരുടെ വിപുലമായ അരി ജീൻ ബാങ്കില്‍ നിന്നുമുള്ള 380 വിത്ത് സാമ്പിളുകൾ 10 വർഷത്തിനിടെ പരിശോധിച്ചു കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന പ്രോട്ടീൻ ഉള്ളടക്കവുമുള്ള അരി ഇനങ്ങള്‍ തിരിച്ചറിയുക എന്നതായിരുന്നു ഉദ്ദേശം. ഇങ്ങനെ കണ്ടെത്തിയ ഇനങ്ങള്‍ ഇൻബ്രെഡ് ലൈനുകളുമായി സംയോജിപ്പിച്ചുകൊണ്ട് പ്രമേഹ സൗഹൃദ അരി വികസിപ്പിച്ചെടുത്തു.
ഐആർആർഐയുടെ ലബോറട്ടറികൾക്ക് പുറത്ത് ഈ അരി ഇതുവരെ വളർത്തിയിട്ടില്ല, എന്നാൽ അരി മുഖ്യാഹാരമായ രാജ്യങ്ങളിലെ ദാരിദ്ര്യവും പട്ടിണിയും നേരിടാനുള്ള ഐആർആർഐയുടെ ഭാഗമായി ഇന്ത്യയിലും ഫിലിപ്പീൻസിലും പുതിയ ഇനങ്ങൾ വളർത്താൻ പദ്ധതിയുണ്ട്. ഏഷ്യയും ആഫ്രിക്കയും പോലെ, ദിനവും അരി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ ഇത് വലിയ സ്വാധീനം ചെലുത്തും.
എന്നാല്‍ അരിയെക്കാൾ കൂടുതലായി, പഞ്ചസാര അടങ്ങിയ പാനീയങ്ങളും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കാനാണ് പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.
അരി കേടായിപ്പോകാതെ സൂക്ഷിക്കാം; ചില എളുപ്പവഴികൾ അറിയാം
വായു കടക്കാത്ത പാത്രങ്ങള്‍
അരി കേടാകാതിരിക്കാനുള്ള ആദ്യത്തെ മാര്‍ഗം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക എന്നതാണ്. ഇതിനായി ഒരു ഗ്ലാസ് കണ്ടെയ്നർ അല്ലെങ്കിൽ നല്ല നിലവാരമുള്ള പ്ലാസ്റ്റിക്ക് തിരഞ്ഞെടുക്കുക. ഇത് ഏതെങ്കിലും തരത്തിലുള്ള ഈർപ്പം തടയുകയും അരി പുതിയത് പോലെ നിലനിർത്തുകയും ചെയ്യും.
വേപ്പിലയും ഉണക്കമുളകും
അരിപ്പാത്രത്തില്‍ വേപ്പിലയോ ഉണങ്ങിയ മുളകോ സൂക്ഷിക്കുക എന്നതാണ് കീടങ്ങളെയും പൂപ്പലിനെയും തടയാനുള്ള മറ്റൊരു വഴി. ഇതിനായി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അരിയിലേക്ക് ഒരു പിടി വേപ്പിലയോ 4-5 ഉണങ്ങിയ ചുവന്ന മുളകോ ഇട്ടുവയ്ക്കുക.
ഫ്രിജില്‍ സൂക്ഷിക്കാം
മറ്റെല്ലാ ഭക്ഷണ വസ്തുക്കളും പോലെ തന്നെ അരിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അരി ചെറിയ പാത്രങ്ങളിലോ ഫ്രീസര്‍ ബാഗുകളിലോ ആക്കി ഫ്രിഡ്ജില്‍ വയ്ക്കാം. ആവശ്യമുള്ളപ്പോള്‍ അല്‍പ്പാല്‍പ്പമായി എടുത്ത് ഉപയോഗിക്കാം.
മാറ്റി സൂക്ഷിക്കുക
സുഗന്ധവ്യഞ്ജനങ്ങളും അരിയും ഒരിക്കലും ഒരുമിച്ച് സൂക്ഷിക്കരുത്, കാരണം അരി സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധം പെട്ടെന്ന് ആഗിരണം ചെയ്യും. ഇത് പാകം ചെയ്യുമ്പോൾ അരിയുടെ രുചി നശിപ്പിച്ചേക്കാം.