ADVERTISEMENT

പാലിനെ സമ്പൂര്‍ണ പോഷകാഹാരം എന്നാണ് വിളിക്കുന്നത്. അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തിൽ പാലില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യവും കാത്സ്യവും വിറ്റാമിൻ ഡിയുമെല്ലാം പാലിൽ ധാരാളം ഉണ്ട്. ദിവസവും പാൽ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളുമെല്ലാം ഉറപ്പുള്ളതാകും. വളരുന്ന പ്രായത്തില്‍ പാല്‍ കുടിക്കുന്നത് കുട്ടികളെ പലവിധത്തില്‍ സഹായിക്കും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ദൈനംദിന ഭക്ഷണ സാധനങ്ങളില്‍ ഒന്നാണ് പാല്‍. 


Representative image. Photo Credit:alvarez/istockphoto.com
Representative image. Photo Credit:alvarez/istockphoto.com

പാല്‍ വാങ്ങിച്ച ശേഷം തിളപ്പിച്ച് കുടിക്കുന്നത് നൂറ്റാണ്ടുകളായി നമ്മള്‍ പിന്തുടരുന്ന ശീലമാണ്. ഇത് ദോഷകരമായ ബാക്ടീരിയകളെയും രോഗകാരികളെയും കൊല്ലുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. മാത്രമല്ല, പാലിന്‍റെ സ്വാദു കൂട്ടുകയും എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുകയും ചെയ്യും. തിളപ്പിച്ചാല്‍ പാല്‍ പെട്ടെന്ന് കേടാവില്ല എന്നതാണ് മറ്റൊരു ഗുണം. 

ആദ്യമേ തന്നെ അണുക്കളെ നശിപ്പിച്ച ശേഷം പായ്ക്ക് ചെയ്ത് വരുന്നതാണ് പാക്കറ്റില്‍ കിട്ടുന്ന പാല്‍ ഇനങ്ങള്‍ എല്ലാം തന്നെ. ഇത് വീണ്ടും തിളപ്പിക്കേണ്ടതുണ്ടോ? ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്ന ചര്‍ച്ചകളില്‍ ഒന്നാണിത്. 

1222018207

യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ(സിഡിസി)ന്‍റെ റിപ്പോര്‍ട്ട് പ്രകാരം, അസംസ്‌കൃത പാൽ കുടിക്കുന്നത് കാംപിലോബാക്‌റ്റർ, ക്രിപ്‌റ്റോസ്‌പോറിഡിയം, ഇ. കോളി, ലിസ്‌റ്റീരിയ, ബ്രൂസെല്ല, സാൽമൊണെല്ല തുടങ്ങിയ രോഗാണുക്കൾ ശരീരത്തിലേക്ക് എത്താനും, അണുബാധകൾ ഉണ്ടാകാനും കാരണമാകും. 

5 വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിനു മുകളിലുള്ള മുതിർന്നവർ, ഗർഭിണികൾ, ദുര്‍ബലമായ രോഗപ്രതിരോധശേഷിയുള്ള ആളുകള്‍ എന്നിവര്‍ക്ക് ഇതില്‍ നിന്നും പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.

milk

എന്നാല്‍ പാസ്ചറൈസ് ചെയ്തുവരുന്ന പാല്‍ തിളപ്പിക്കാതെ ഉപയോഗിക്കുന്നത് പൊതുവേ സുരക്ഷിതമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിൽ സീൽ ചെയ്ത പാക്കറ്റുകളിൽ വരുന്ന പാൽ സാധാരണയായി പാസ്ചറൈസ് ചെയ്തതാണ്. ഒരു നിശ്ചിത സമയത്തേക്ക് പാൽ ഒരു പ്രത്യേക ഊഷ്മാവിൽ ചൂടാക്കി ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. പാസ്ചറൈസേഷൻ പ്രക്രിയ പാലിന്‍റെ സുരക്ഷ ഉറപ്പാക്കുന്നു. മാത്രമല്ല, ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, സി എന്നിവ തിളപ്പിക്കുമ്പോള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൂടാതെ പാലിലെ നല്ല ബാക്ടീരിയകളും നശിക്കും.

പാക്കറ്റില്‍ കിട്ടുന്ന പാസ്ചറൈസ് ചെയ്ത പാല്‍ പാൽ കുടിക്കുന്നതിന് മുമ്പ് അൽപ്പം ചൂടാക്കാം. ഒരു ഗ്ലാസ് പാൽ ഇടത്തരം തീയിൽ 4-5 മിനിറ്റ് ചൂടാക്കിയാല്‍ അവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതെ തന്നെ കഴിക്കാനാവും. എന്നാല്‍ ശരിയായ ഊഷ്മാവില്‍ അല്ല പാല്‍ പാക്കറ്റ് സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ അധിക മുന്‍കരുതല്‍ എന്ന നിലയില്‍ പാല്‍ തിളപ്പിക്കുന്നത് നല്ലതാണ്.

പാല്‍ തിളച്ചു തൂവാതെ നോക്കാം

എത്ര വലിയ പാചകക്കാരന്‍ ആണെന്ന് പറഞ്ഞാലും, പാല്‍ തിളപ്പിക്കുക എന്ന് പറയുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അല്‍പ്പം ശ്രദ്ധ തെറ്റിപ്പോയാല്‍, പാല്‍ മുഴുവന്‍ അടുപ്പില്‍ കിടക്കും! ഇത് ഒഴിവാക്കാനും, തിളച്ചു തൂവി പോകാതെ പാല്‍ തിളപ്പിക്കാനും ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

വലിയ പാത്രം ഉപയോഗിക്കുക

പാല്‍ പുറത്തേക്ക് തിളച്ചുതൂവാതിരിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം അത്യാവശ്യം വലുപ്പമുള്ള പാത്രം തിരഞ്ഞെടുക്കുക എന്നതാണ്. അങ്ങനെ, ചൂടാക്കുമ്പോൾ പാലിന് വികസിക്കാൻ ധാരാളം ഇടം ലഭിക്കുകയും പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യും.

കനമുള്ള അടിഭാഗത്തോട് കൂടിയ പാത്രം തിരഞ്ഞെടുക്കുക

പാത്രത്തിന്‍റെ കട്ടിയുള്ള അടിഭാഗം ചൂട് തുല്യമായി വിതരണം ചെയ്യുകയും പാല്‍ പെട്ടെന്ന് തിളച്ചു തൂവിപ്പോകാതിരിക്കാന്‍ സഹായിക്കും.മരം കൊണ്ടുള്ള തവി

പാല്‍ കവിഞ്ഞൊഴുകാതിരിക്കാനുള്ള മറ്റൊരു ട്രിക്ക്, പാത്രത്തിനു കുറുകെ മരം കൊണ്ടുള്ള തവി വയ്ക്കുക എന്നതാണ്. ഓരോ തവണ പാല്‍ തിളച്ച് മുകളിലേക്ക് വരുമ്പോഴും, അത് ഈ തവിയില്‍ തട്ടി താഴേയ്ക്ക് തന്നെ തിരിച്ചു പൊയ്ക്കോളും.

ഒരു നുള്ള് ഉപ്പ് ചേർക്കുക

പാലിൽ ഒരു ചെറിയ നുള്ള് ഉപ്പ് ചേർക്കുന്നത് തിളച്ചുതൂവാതിരിക്കാന്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ അധികം ചേര്‍ക്കാതിരിക്കുക.

ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കുക

ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവര്‍ക്ക് ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കാം. ഇത് ചൂട് തുല്യമായി വിതരണം ചെയ്യുകയും, പെട്ടെന്നുള്ള തിളച്ചുതൂവല്‍ ഒഴിവാക്കുകയും ചെയ്യുന്നു.

English Summary:

Prevent Milk Boiling Over Kitchen Hacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com