തടി കുറയ്ക്കാന്‍ ഇങ്ങനെയും ബ്രേക്ക്ഫാസ്റ്റ്! എത്ര കഴിച്ചാലും കാലറി കൂടില്ല
Mail This Article
ആകെ ഭാരത്തിന്‍റെ തൊണ്ണൂറു ശതമാനവും വെള്ളം നിറഞ്ഞ ഒരു പച്ചക്കറിയാണ് ചുരയ്ക്ക. നാരുകളുടെയും പോഷകങ്ങളുടെയും കലവറയാണെന്ന് മാത്രമല്ല, എത്ര കഴിച്ചാലും കലോറി അധികമാവുകയുമില്ല. ഒരു കപ്പ് ചുരയ്ക്കയില്‍ വെറും 17 കലോറിയും 0.1 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളു. അതുകൊണ്ടുതന്നെ ഭാരം നിയന്ത്രിക്കാന്‍ നോക്കുന്നവരുടേയും, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൃക്ക,കരള്‍ രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്കുമെല്ലാം പേടികൂടാതെ കഴിക്കാവുന്ന ഒന്നുമാണ് ഇത്.
വളരെ കുറഞ്ഞ അളവില്‍ മാത്രം സോഡിയം ഉള്ള ഈ പച്ചക്കറി ഉയർന്ന ബിപി ഉള്ളവർക്ക് വളരെ അനുയോജ്യമാണ്. ഇത് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുകയും, ഹൃദയത്തിലേക്കും അവിടെ നിന്ന് ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും ശരിയായ രക്തപ്രവാഹം ഉറപ്പാക്കുകയും ചെയ്യുന്നു. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും സി, ബി തുടങ്ങിയ പ്രധാന വിറ്റാമിനുകളും ചുരയ്ക്കയില്‍ ഉണ്ട്.
ചുരയ്ക്ക ഉപയോഗിച്ച് ഒരു പ്രാതല്‍ വിഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് കനക് ഗുര്‍മണി എന്ന കോണ്ടന്‍റ് ക്രിയേറ്റര്‍. പോഷകസമൃദ്ധമായ ജോവര്‍, സട്ടു മുതലായ ആട്ടകളാണ് ഈ വിഭവം ഉണ്ടാക്കാനായി ഉപയോഗിച്ചിട്ടുള്ളത്. ഇത് തയാറാക്കുന്ന രീതി നോക്കാം.
വേണ്ട സാധനങ്ങള്‍
ചുരയ്ക്ക - 200 ഗ്രാം
വെളുത്തുള്ളി അല്ലി - 4
പച്ചമുളക് - 1
വലിയ ഉള്ളി - 1/2 കഷ്ണം
ക്യാപ്സിക്കം - 1 കപ്പ്
ജോവർ മാവ് - 1/2 കപ്പ്
സട്ടു - 1/2 കപ്പ്
എള്ള് - 1 ടീസ്പൂൺ
ചുവന്ന മുളക് - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
മഞ്ഞള്‍ - കാല്‍ ടീസ്പൂണ്‍
പാകത്തിന് ഉപ്പ്
അരിഞ്ഞ ബീറ്റ്റൂട്ട് - 1/4 കപ്പ്
നെയ്യ് ആവശ്യാനുസരണം
ഉണ്ടാക്കുന്ന വിധം
- ചുരയ്ക്ക വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ഒരുമിച്ച് ഗ്രേറ്റ് ചെയ്ത് ഒരു മിക്സിംഗ് ബൗളിലേക്ക് ഇടുക.
- ഇതിലേക്ക് അരിഞ്ഞ ക്യാപ്സിക്കം, സട്ടു, ജോവർ ആട്ട എന്നിവയും എള്ളും, ബാക്കിയുള്ള മുഴുവന്‍ മസാലകളും ചേർക്കുക. പച്ചക്കറികളില്‍ വെള്ളം ഉള്ളതിനാല്‍ വേറെ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. ഇത് എല്ലാം കൂടി ഒരുമിച്ചു ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
- ഒരു ബട്ടർ പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റില്‍ നെയ്യ് പുരട്ടുക. മാവിന്റെ ഒരു ചെറിയ ഭാഗം എടുത്ത് കൈകൾ ഉപയോഗിച്ച് പരത്തി, തവയിലേക്ക് ഇടുക.
- ഇത് നന്നായി മൊരിഞ്ഞു വരുന്നതുവരെ, ചെറിയ തീയില്‍ വേവിക്കുക. ആവശ്യാനുസരണം നെയ്യ് ചേര്‍ക്കുക.
- വെന്ത ശേഷം, തൈര്, ചട്ണി എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പുക.