നോൺസ്റ്റിക്ക് പാത്രങ്ങളിൽ പോറൽ ഉണ്ടാകില്ല; തടിത്തവി പൂപ്പൽ പിടിക്കാതെ സൂക്ഷിക്കാം ഇങ്ങനെ!
Mail This Article
അടുക്കളയില്‍ ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒരു സാധനമാണ് തടിത്തവി. നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ പോറല്‍ ഉണ്ടാകുമെന്ന പേടി വേണ്ട. ഉയര്‍ന്ന ചൂടില്‍ ഉപയോഗിക്കാം. പ്രകൃതിദത്തമായ മരം കൊണ്ട് ഉണ്ടാക്കുന്നതിനാല്‍ താരതമ്യേന കെമിക്കലുകള്‍ കുറവായിരിക്കും. കോപ്പറും അലൂമിനിയവും പോലെ അസിഡിക് ഭക്ഷണങ്ങളുമായി പ്രതിപ്രവര്‍ത്തിക്കില്ല എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങള്‍ തടിത്തവികള്‍ക്കുണ്ട്. പ്രായോഗികത കണക്കിലെടുക്കുമ്പോള്‍ തടിതവികള്‍ വളരെ സുഖപ്രദമാണ്. എന്നാല്‍ ഇവ പെട്ടെന്ന് കേടായിപ്പോകും എന്നതാണ് ഒരു ന്യൂനത.
മരം കൊണ്ടുള്ള സ്പൂണുകളും തവികളും മറ്റും കൂടുതല്‍ കാലം ഈടു നില്‍ക്കാന്‍ വൃത്തിയായി സൂക്ഷിച്ചാല്‍ മതി. കറകളും പൂപ്പു പിടിക്കുന്നതുമെല്ലാം ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
സ്റ്റീലോ ഫൈബറോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള സ്പൂണുകള്‍ പോലെയല്ല, മരം കൊണ്ടുള്ളവ കറികളിലെ മസാലയും എണ്ണയുമെല്ലാം ആഗിരണം ചെയ്യും. സാമ്പാറില്‍ ഇട്ടിളക്കിയ തവി ചിക്കന്‍ കറി ഇളക്കാന്‍ ഉപയോഗിച്ചാല്‍ 'ചിക്കന്‍ സാമ്പാര്‍' കഴിക്കാം എന്നര്‍ത്ഥം! അതിനാല്‍ ഇവ ഓരോ തവണ ഉപയോഗത്തിന് ശേഷവും ഭക്ഷണ അവശിഷ്ടങ്ങൾ നീക്കി, ശരിക്ക് കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
ഓരോ തവണയും ഉപയോഗം കഴിഞ്ഞ ഉടനെ തന്നെ തടിത്തവികള്‍ കഴുകാന്‍ പറ്റിയില്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ടുവയ്ക്കണം. അര മണിക്കൂറില്‍ കൂടുതല്‍ ഇവ വൃത്തിഹീനമായി വയ്ക്കരുത്.
വീര്യം കുറഞ്ഞ സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് ദിവസേന വൃത്തിയാക്കുന്നത് എണ്ണയും മസാലയും മറ്റും അടിഞ്ഞുകൂടുന്നത് തടയുകയും വിള്ളലുകൾ, പാടുകൾ എന്നിവയിൽ നിന്നും സ്പൂണുകളെ സംരക്ഷിക്കുകയും ചെയ്യും. മാസത്തിലൊരിക്കൽ വെള്ളം, വെളുത്ത വിനാഗിരി/ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ഉപയോഗിച്ച് ആഴത്തില്‍ വൃത്തിയാക്കുകയും ചെയ്യാം. ഇതിനായി ചെറുചൂടുള്ള വെള്ളത്തില്‍ വിനാഗിരിയോ അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡോ കലക്കി ഏകദേശം 20 മിനിറ്റ് മുക്കിവയ്ക്കുക.
വളരെയേറെ അഴുക്കും ദുര്‍ഗന്ധവുമുള്ള സ്പൂണ്‍ ആണെങ്കില്‍ വിനാഗിരി/ഹൈഡ്രജൻ പെറോക്സൈഡ് ചേര്‍ക്കുന്നതോടൊപ്പം രണ്ട് സ്പൂൺ ബേക്കിംഗ് സോഡ കൂടി വെള്ളത്തിലേക്ക് ചേര്‍ക്കുക.
തടി സ്പൂണുകളിൽ കെമിക്കൽ സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇവയില്‍ വിഷ പദാർത്ഥങ്ങൾ അടങ്ങിയിരിക്കാം. ഇവയും ആഗിരണം ചെയ്യാനും, ഭക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലെത്താനും സാധ്യതയുണ്ട്. അതിനാല്‍, പകരം, വീര്യം കുറഞ്ഞ സോപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
കഴുകിയ ശേഷം, മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുക. തുടര്‍ന്ന് ഇളംവെയിലത്ത് വച്ച് നന്നായി ഉണക്കി എടുക്കുക. ഇടയ്ക്കിടെ ഏതെങ്കിലും ഭക്ഷ്യ എണ്ണ പുരട്ടി വയ്ക്കുന്നത് ഇവയുടെ തിളക്കവും ആയുസ്സും വര്‍ദ്ധിപ്പിക്കും.