ബദാമിലുമുണ്ട് മായം; കണ്ടുപിടിക്കാം ദേ ഇങ്ങനെ!
Mail This Article
ഇടനേരങ്ങളില്‍ എണ്ണമയമുള്ള പലഹാരങ്ങള്‍ ഒഴിവാക്കി ഡ്രൈ ഫ്രൂട്സും നട്സുമെല്ലാം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ചര്‍മത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന് ഏറെ സഹായകമാണ് ഇവ എന്ന് മാത്രമല്ല, അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാം ഇവ മിതമായ അളവില്‍ കഴിക്കുന്നത് ഗുണംചെയ്യും. ബദാം പതിവായി കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ബദാമിലെ മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സ്ഥിരപ്പെടുത്താനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രിയമായ ഒന്നാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഇരുമ്പ്, കാൽസ്യം, ഫോളേറ്റ് തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, റൈബോഫ്ലേവിൻ, നിയാസിൻ, ഫ്ലേവനോയ്ഡുകൾ പോലുള്ള ഫൈറ്റോകെമിക്കലുകൾ എന്നിവയും ബദാമിൽ ധാരാളമുണ്ട്. തലച്ചോറിന്‍റെ ആരോഗ്യത്തെ കാക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും ബദാമിൽ അടങ്ങിയിട്ടുണ്ട്.
ഈ പോഷകഗുണങ്ങളെല്ലാം ലഭിക്കണമെങ്കില്‍ നല്ല ബദാം കഴിക്കണം. വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ പല ഡ്രൈ ഫ്രൂട്സും നട്സും മായം കലര്‍ന്നതാണ്. പ്രത്യേകിച്ച് പാക്ക് ചെയ്തതല്ലാതെ, ലൂസായി കിട്ടുന്ന ബദാമില്‍ പലതരത്തിലുള്ള മായം കലര്‍ന്നിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹാനികരമായ കെമിക്കലുകള്‍ ഉപയോഗിച്ച് പോളിഷ് ചെയ്യുന്നതാണ് ഇവയില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന കാര്യം. മനോഹരമായ ചുവന്ന നിറം കൊണ്ട് പുറമേ പോളിഷ് ചെയ്ത് ബദാം കാഴ്ചയ്ക്ക് കൂടുതല്‍ മനോഹരമാക്കുന്നു. പഴകിയ ബദാമാണ് ഇങ്ങനെ കൂടുതലും ചെയ്യുന്നത്. ഇത് തിരിച്ചറിയാനായി രണ്ടു ബദാം കൈവെള്ളയില്‍ വച്ച് രണ്ടു കൈകൊണ്ടും തിരുമ്മുക. കയ്യില്‍ ചുവന്ന ചായം പറ്റുന്നുണ്ടെങ്കില്‍ ഇത് നിറം ചേര്‍ത്തതാണ് എന്നാണ് അര്‍ത്ഥം.
വളരെയധികം കാലപ്പഴക്കമുള്ളതും ഗുണമേന്മയില്ലാത്തതുമായ ബദാമും കടകളില്‍ വിറ്റു വരുന്നതായി കാണുന്നു. പഴക്കം കൂടുന്തോറും ഇവയില്‍ അടങ്ങിയ എണ്ണയുടെ അംശം കുറഞ്ഞു വരും. ഇത് തിരിച്ചറിയാന്‍ കുറച്ച് ബദാം എടുത്ത് ഒരു കടലാസിലോ ടിഷ്യു പേപ്പറിലോ ഉരസുക. പുതുമയുള്ള ബദാം ആണെങ്കില്‍ കൂടുതല്‍ എണ്ണമയം കാണാം. കൂടാതെ, 8-10 ബദാം എടുത്ത് ഒരു സ്റ്റീല്‍ പാത്രത്തിനുള്ളിലിട്ട് കുലുക്കി നോക്കുക. കല്ല് ഇട്ടു കുലുക്കുന്നത് പോലെ കൂടുതല്‍ വ്യക്തമായ ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ അവ പുതിയ ബദാം ആണെന്ന് മനസിലാക്കാം. കാലപ്പഴക്കം കൂടുന്നതനുസരിച്ച് അവയിലെ ഈര്‍പ്പം കൂടുകയും എണ്ണമയം കുറയുകയും ചെയ്യും.
നല്ല ഗുണനിലവാരമുള്ള ബദാമിനൊപ്പം പഴകിയതും ഗുണം കുറഞ്ഞതുമായ ബദാം കലര്‍ത്തി വില്‍ക്കുന്നതും പതിവാണ്. ഇത് മനസ്സിലാക്കാന്‍ വാങ്ങുന്നതിന് മുന്‍പ് നന്നായി പരിശോധിക്കുക. ബദാമുകള്‍ തമ്മില്‍ നിറം, ആകൃതി, വലിപ്പം എന്നിവയില്‍ വലിയ വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.