ADVERTISEMENT

പുട്ടിനും ചപ്പാത്തിക്കും ചോറിനുമെല്ലാമൊപ്പം കഴിക്കാന്‍ കടലക്കറി ബെസ്റ്റാണ്. കൂടാതെ കടല വെറുതെ പുഴുങ്ങിയും കഴിക്കാറുണ്ട്. പ്രോട്ടീൻ, നാരുകൾ എന്നിവയുടെയും കൂടാതെ നിരവധി അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് കടല. ഒരു കപ്പ്‌ പുഴുങ്ങിയ കടലയില്‍ 15 ഗ്രാം പ്രോട്ടീനും, 12.5 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയും ഇതില്‍ ധാരാളമുണ്ട്.

കുറഞ്ഞ ഗ്ലൈസീമിക്‌ ഇന്‍ഡക്സ്‌ ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടവര്‍ക്കും മികച്ച ഓപ്ഷനാണ് കടല. 

kadala-curry

എണ്ണയില്ലാതെ വറുത്തെടുക്കുമ്പോഴും പുഴുങ്ങിയെടുക്കുമ്പോഴും കടലയുടെ കലോറി ഒരേപോലെ തന്നെയാണ് ഉണ്ടാവുക. എന്നാല്‍, മിതമായ താപനിലയില്‍ വറുത്തെടുക്കുന്ന സമയത്ത്, ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ഫിനോളിക് സംയുക്തങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ജേണൽ ഓഫ് ഫുഡ് സയൻസിൽ (2015) പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.

അതേപോലെ, പുഴുങ്ങുന്ന സമയത്ത്, അവയിലെ പ്രതിരോധശേഷിയുള്ള അന്നജത്തിൻ്റെ അളവ് വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധശേഷിയുള്ള അന്നജം നാരുകൾ പോലെ പ്രവർത്തിക്കുന്നു, കുടലിനുള്ളിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഇങ്ങനെ നോക്കുമ്പോള്‍, മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍ കടല പുഴുങ്ങി കഴിച്ചാലും എണ്ണയില്ലാതെ വറുത്തു കഴിച്ചാലും ഒരേ ഗുണമാണ് ലഭിക്കുന്നത്. ഇവ രണ്ടും മികച്ച ലഘുഭക്ഷണങ്ങളാണ്. കൂടുതല്‍ നേരം വിശപ്പിനെ നിയന്ത്രിക്കാന്‍ ഇവ രണ്ടും സഹായിക്കും.

കടല വീട്ടില്‍ വറുക്കാം

വേണ്ട സാധനങ്ങള്‍

2 കപ്പ് കടല

1 കപ്പ് ഉപ്പ്

1/4 കപ്പ് വെള്ളം

1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി

ഉണ്ടാക്കുന്ന വിധം

 - ഒരു ബൗൾ എടുത്ത് അതിൽ കടല, 1 ടീസ്പൂൺ ഉപ്പ്, മഞ്ഞൾ പൊടി എന്നിവ ഇട്ട ശേഷം, വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി 40-45 മിനിറ്റ് മൂടിവയ്ക്കുക.

- ശേഷം ഒരു അരിപ്പയില്‍, കടല അരിച്ചെടുക്കുക, കോട്ടൺ തുണിയിൽ പരത്തി 15 മിനിറ്റ് ഉണങ്ങാന്‍ വെക്കുക.

- ഒരു കടായി എടുത്ത് അതിൽ ഉപ്പ് ഇട്ട് തീ പതിയെ കൂട്ടി 7-8 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. അതിലേക്ക് കടല കുറച്ചു കുറച്ചായി ചേർത്ത് തുടർച്ചയായി ഇളക്കുക.

- കടല നന്നായി വെന്തു വരുമ്പോള്‍ പുറത്തെടുക്കുക.

English Summary:

Discover the amazing health benefits of chickpeas! Learn about their nutritional value, how they can help manage blood sugar, and the differences between roasting and boiling. Plus, try our delicious homemade roasted chickpeas recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com