ബാക്കി വന്ന എണ്ണ കളയേണ്ട; വീണ്ടും ഉപയോഗിക്കാൻ നൂറു വഴികളുണ്ട്!
Mail This Article
പഴംപൊരിയും ഉള്ളിവടയും ചിക്കന്‍ഫ്രൈയുമെല്ലാം ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന എണ്ണ എന്തു ചെയ്യും? എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അത്. ഇത് സിങ്കിനുള്ളിലേക്ക് ഒഴിച്ചാല്‍, ഉള്ളില്‍ ബ്ലോക്കുണ്ടാകാന്‍ സാധ്യതയുണ്ട്. പുറത്തേക്കൊഴിച്ചാലോ, മണ്ണില്‍ കെട്ടിക്കിടന്ന് മലിനീകരണമുണ്ടാക്കാനും സാധ്യതയുണ്ട്. ഈ എണ്ണ ശരിയായ രീതിയില്‍ പുനരുപയോഗം ചെയ്യുന്നതാണ് മികച്ച വഴി.
വീണ്ടും ഉപയോഗിക്കുന്നതിനായി ആദ്യം ഈ എണ്ണയിലെ മാലിന്യങ്ങളും ദുര്‍ഗന്ധങ്ങളും കളയണം. അതിനായി, ഓരോ കപ്പ് എണ്ണയ്ക്കും, 1 ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് കാല്‍ കപ്പ് വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കുക. ഇത് എണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക. മാലിന്യങ്ങള്‍ മുഴുവന്‍ കോണ്‍സ്റ്റാര്‍ച്ചില്‍ പറ്റിപ്പിടിച്ച് കട്ടയാകുന്നത് കാണാം. ഇത് അരിച്ചെടുത്താല്‍ എണ്ണ കാണാന്‍ വീണ്ടും വൃത്തിയാകും. ഈ എണ്ണ വീണ്ടും ഭക്ഷണത്തില്‍ ഉപയോഗിക്കാനാവില്ല. ഇത് പുനരുപയോഗിക്കാനായി ചില മാര്‍ഗ്ഗങ്ങള്‍ ഇതാ...
താക്കോല്‍ ഇട്ടു തിരിച്ചാല്‍ കുടുങ്ങിപ്പോകുന്ന പൂട്ടിനുള്ളിലും വാതില്‍ തുറക്കാന്‍ പറ്റാത്ത രീതിയില്‍ ഇറുകിപ്പിടിച്ച് ഇരിക്കുന്ന വിജാഗിരിക്കുള്ളിലുമെല്ലാം ഈ എണ്ണ ഫലപ്രദമായ ലൂബ്രിക്കൻ്റായി ഉപയോഗിക്കാം.
വിളക്കെണ്ണ
വീട്ടില്‍ വിളക്ക് കത്തിക്കുന്ന പതിവുണ്ടെങ്കില്‍ ഈ എണ്ണ വിളക്കെണ്ണയായി ഉപയോഗിക്കാവുന്നതാണ്.
ലെതര്‍ ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കാന്‍
ലെതര്‍ കൊണ്ടുണ്ടാക്കിയ ബാഗുകളും ഷൂകളും ഫർണിച്ചറുകളുമെല്ലാം ഈ എണ്ണ ഉപയോഗിച്ച് പോളിഷ് ചെയ്യാം. അങ്ങനെ ചെയ്യുമ്പോള്‍ അവയ്ക്ക് സംരക്ഷണമേകാനും തിളക്കം കൂട്ടാനും സഹായിക്കും.
സോപ്പ് നിർമാണം
ഉപയോഗിച്ച പാചക എണ്ണകൾ ഉപയോഗിച്ച് സോപ്പുകൾ നിർമ്മിക്കാം. ഇത് എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ നോക്കി മനസ്സിലാക്കാം.
ഇരുമ്പ് പാത്രങ്ങളില്‍
കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ തുരുമ്പ് പിടിക്കാതിരിക്കാന്‍ ഈ എണ്ണ ഉപയോഗിക്കാം. ഉപയോഗ ശേഷം, ഇരുമ്പ് പാത്രങ്ങള്‍ കഴുകി ഉണക്കിയ ശേഷം ഈ എണ്ണ പുരട്ടി വയ്ക്കുക.
കമ്പോസ്റ്റിങ്
ഉപയോഗിച്ച സസ്യ എണ്ണ, കമ്പോസ്റ്റ് മിശ്രിതത്തില്‍ ചേർക്കുന്നത്, കമ്പോസ്റ്റിങ് പ്രക്രിയയെ സഹായിക്കുന്ന വിരകൾക്ക് ഭക്ഷണം നൽകും. ഇങ്ങനെ ചെയ്യുമ്പോള്‍ സസ്യ എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.