ചിക്കന്‍ ദിവസവും കഴിക്കാറുണ്ടോ? എങ്കിൽ ഇത് നിസാരമായി കാണരുത്!
Mail This Article
ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകഘടകമാണ് പ്രോട്ടീന്‍. കോശങ്ങളുടെ നിര്‍മ്മാണവും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് മുതല്‍ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതും ശരീരത്തിന്‍റെ രൂപഭംഗി കാത്തു സൂക്ഷിക്കുന്നതുമെല്ലാം ചെയ്യുന്നത് പ്രോട്ടീനാണ്. അമിനോ ആസിഡുകള്‍ ചേര്‍ന്നാണ് പ്രോട്ടീന്‍ ഉണ്ടാകുന്നത്. പല അമിനോ ആസിഡുകളും നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്.
ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കായി, ശരീരത്തിലെ ഓരോ കിലോഗ്രാം ഭാരത്തിനും ഏറ്റവും കുറഞ്ഞത് .8 ഗ്രാം പ്രോട്ടീന്‍ എന്ന തോതില്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.
പ്രോട്ടീന്‍റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് ചിക്കന്‍. മാത്രമല്ല, മറ്റു മാംസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതില്‍ കൊഴുപ്പ് കുറവാണ്. ബി വിറ്റാമിനുകൾ, സെലിനിയം, കോളിൻ എന്നിവയുൾപ്പെടെയുള്ള ഒട്ടേറെ പോഷകങ്ങളുമുണ്ട്. എന്നാല്‍ എല്ലാ ദിവസവും ചിക്കന്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ഹൃദ്രോഗ സാധ്യത കൂട്ടും
ചുവന്ന മാംസത്തെ അപേക്ഷിച്ച് കോഴിയിറച്ചിയിൽ കൊഴുപ്പ് കുറവാണെങ്കിലും അതിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ദിവസേന ചിക്കൻ കഴിക്കുന്നത്, കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. പയറുവർഗ്ഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ പോലുള്ള സസ്യാധിഷ്ഠിത പ്രോട്ടീനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചിക്കൻ ഉൾപ്പെടെയുള്ള മൃഗ പ്രോട്ടീനുകളുടെ ഉയർന്ന ഉപഭോഗം മൂലം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 60% കൂടുതലാണെന്ന് ജമാ ഇൻ്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
കാൻസർ സാധ്യതയുമുണ്ട്
കോഴിയിറച്ചി ദിനവും കഴിക്കുന്നവർക്ക് നോൺ ഹോഡ്ജ്കിൻ ലിംഫോമയും പ്രോസ്റ്റേറ്റ് ക്യാൻസറും ഉൾപ്പെടെയുള്ള ചിലതരം അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത അല്പം കൂടുതലാണെന്ന് 2019 ൽ ദി ജേണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഉയർന്ന ഊഷ്മാവിൽ ഗ്രില്ലിംഗ് അല്ലെങ്കിൽ ഫ്രൈ ചെയ്യുന്നത് ഹെറ്ററോസൈക്ലിക് അമിനുകൾ (HCAs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ കാർസിനോജെനിക് സംയുക്തങ്ങളുടെ രൂപീകരണത്തിനു കാരണമാകും.
ദഹനപ്രശ്നങ്ങളും ഭക്ഷ്യസുരക്ഷയും
കോഴിയിറച്ചി ദിവസേന കഴിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റൊന്നാണ് സാൽമൊണല്ല അല്ലെങ്കിൽ ക്യാമ്പിലോബാക്റ്റർ പോലുള്ള ഭക്ഷ്യജന്യ അണുബാധകള്‍. സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സിഡിസി) ഒരു റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 1 ദശലക്ഷം അമേരിക്കക്കാർ ഓരോ വർഷവും സാൽമൊണല്ല മൂലം രോഗബാധിതരാകുന്നുണ്ട്. വേവിക്കാത്ത കോഴിയിറച്ചിയില്‍ നിന്നാണ് ഇവ പ്രധാനമായും പകരുന്നത്.
ശരീരഭാരം കൂട്ടും
കോഴിയിറച്ചി പലപ്പോഴും ഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി പറയാറുണ്ടെങ്കിലും ഇത് പലപ്പോഴും വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ചിക്കന്‍ കഴിക്കുന്നതോടൊപ്പം, മൊത്തത്തിലുള്ള കലോറി ഉപഭോഗം സന്തുലിതമാക്കിയില്ലെങ്കിൽ ശരീരഭാരം വർദ്ധിക്കും. ചിക്കൻ നഗ്ഗറ്റ്സ്, ഫ്രൈഡ് ചിക്കൻ പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങളില്‍ കലോറി, സോഡിയം, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കൂടുതലാണ്. പ്രോട്ടീനിനായി മത്സ്യം, ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സ്രോതസ്സുകളെ ആശ്രയിക്കുന്നതിനു പകരം, പതിവായി സംസ്കരിച്ച ചിക്കൻ ഉൽപ്പന്നങ്ങൾ കഴിക്കുന്ന വ്യക്തികൾക്ക് ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ആന്‍റിബയോട്ടിക് പ്രതിരോധവും ഹോര്‍മോണ്‍ പ്രശ്നങ്ങളും
കോഴി വളര്‍ത്തല്‍ ഫാമുകളില്‍ ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്കുകളും ഹോർമോണുകളും മനുഷ്യരിലേക്കെത്തിയാല്‍ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്, ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച 2018 ലെ ഒരു പഠനത്തില്‍ പറയുന്നു. ഇത് തുടര്‍ച്ചയായി കഴിക്കുമ്പോള്‍ ആന്‍റിബയോട്ടിക് പ്രതിരോധവും ഹോര്‍മോണ്‍ പ്രശ്നങ്ങളും ഉണ്ടാകാം. ഇത് ഭാവിയിൽ അണുബാധകളെ ചികിത്സിക്കുന്നത് ബുദ്ധിമുട്ടാക്കും.
അധികം മസാല ചേർക്കാതെ അടിപൊളി ചിക്കൻ കറി ഉണ്ടാക്കാം. ചപ്പാത്തി, പൊറോട്ട, ചോറ് അങ്ങനെ ഏതിന്റെ കൂടെ വേണമെങ്കിലും കഴിക്കാം ഈ ചിക്കൻ കറി
ചേരുവകൾ
ചിക്കൻ - 300 ഗ്രാം
ചെറിയ ഉള്ളി - 25 എണ്ണം (കാൽ കിലോഗ്രാം )
ചുവന്ന മുളക്
വെളിച്ചെണ്ണ/നല്ലെണ്ണ
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - ആവശ്യമെങ്കിൽ
കറിവേപ്പില
തയാറാക്കുന്ന വിധം
ചെറിയ ഉള്ളിയാണ് ഈ ചിക്കൻ കറിയിൽ കൂടുതൽ വേണ്ടത് അതുപോലെതന്നെ ചുവന്ന മുളകും ഏകദേശം അതേ അളവിൽ വേണം. മുളകിനുള്ളിലെ കുരു എല്ലാം കളഞ്ഞശേഷം വേണം എടുക്കാൻ. തമിഴ് രീതിയിൽ നല്ലെണ്ണയാണ് ഈ ചിക്കൻ കറിയിൽ ചേർക്കുന്നത്. ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാറില്ല. ചുവന്ന മുളക് വേണമെങ്കിൽ കുറച്ചു നേരം വെള്ളത്തിൽ ഇട്ടുവച്ച ശേഷം അരച്ചു ചേർക്കാം.
ഒരു മൺചട്ടിയിലോ പാനിലോ 3-4 സ്പൂൺ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റുക. ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. ശേഷം മുളക് ചേർത്തും വഴറ്റുക. വേണമെങ്കിൽ കാശ്മീരി മുളക്പൊടി കൂടെ ചേർത്ത് വഴറ്റി ഉപ്പ് ചേർത്ത് ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കാം. ആവിയിൽ വേവിച്ചെടുക്കുക. നന്നായി യോജിപ്പിച്ച് എടുക്കണം. വെള്ളം ഒട്ടും ചേർക്കരുത്, അവസാനം കറിവേപ്പില കൂടെ ചേർക്കുക.