ആ പരീക്ഷണം വിജയിച്ചു; മുഖ്യമന്ത്രിയുടെ ഭാര്യ പഠിപ്പിച്ച സ്പെഷൽ ഉണ്ടാക്കി നവ്യ!
Mail This Article
പുതിയ പാചക പരീക്ഷണത്തിന്‍റെ വിഡിയോയുമായി നവ്യ നായര്‍. ചെമ്മീന്‍ കൊണ്ടുള്ള ബിരിയാണിയാണ് നവ്യ ഉണ്ടാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമല ആന്‍റി പഠിപ്പിച്ചു തന്ന ചെമ്മീന്‍ ഫ്രൈ ഇട്ടിട്ടുള്ള ബിരിയാണി ആണ് ഇതെന്ന് നവ്യ പറയുന്നു. തന്നെ മട്ടന്‍ ബിരിയാണി ഉണ്ടാക്കാന്‍ പഠിപ്പിച്ചതും ആന്‍റി ആണെന്ന് നവ്യ പറയുന്നത് കേള്‍ക്കാം.
സ്വന്തം വീട്ടിലെ അടുക്കളയിലാണ് നവ്യയുടെ ബിരിയാണി പരീക്ഷണം. ഘട്ടംഘട്ടമായി ഇതുണ്ടാക്കുന്ന രീതിയും നവ്യ വിശദീകരിക്കുന്നു.
- ചോറുണ്ടാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്. അരി അളക്കുന്ന പാത്രത്തിന്‍റെ ഇരട്ടി വെള്ളം അടുപ്പത്ത് വയ്ക്കുക. ഇത് തിളച്ചു വരുമ്പോള്‍ ഉപ്പും നെയ്യും കറുവപ്പട്ടയും ഇടുക. ഇതിലേക്ക് കഴുകിവച്ച അരി ഇട്ടു വേവിച്ച് എടുക്കുക.
- ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളക്പൊടി, കുരുമുളക് പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ മിക്സിയില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചെമ്മീനിന് മുകളിലേക്ക് ഇത് തേച്ചു പിടിപ്പിച്ച ശേഷം 10 മിനിറ്റ് മാരിനേറ്റ് ചെയ്യാന്‍ വെക്കുക.
- പാനിലേക്ക് എണ്ണ ഒഴിച്ച് കറിവേപ്പില ഇടുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചെമ്മീന്‍ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു ഷാലോ ഫ്രൈ ചെയ്തെടുക്കുക. ചെമ്മീന്‍ വറുത്തെടുത്ത എണ്ണ ഒരു ചെറിയ ബൌളിലേക്ക് മാറ്റി വയ്ക്കുക.
- ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പുതിന എന്നിവ ചതച്ചെടുക്കുക.
ആ
-അടുപ്പത്ത് പാന്‍ വെച്ച് വീണ്ടും എണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവെച്ച സവാള ഇടുക. സവാള നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി-പുതിന-മല്ലിയില പേസ്റ്റ് ഇടുക. നന്നായി വഴന്നു വരുമ്പോള്‍ ഇതിലേക്ക് തക്കാളി കൂടി ഇട്ടു വഴറ്റുക. ഇതിലേക്ക് ചെമ്മീന്‍ വഴറ്റി എടുത്തതിന്‍റെ ബാക്കി വന്ന എണ്ണയും മസാലയും ചേര്‍ന്ന മിശ്രിതം ഒഴിക്കുക.
- ഇതിലേക്ക് അല്‍പ്പം ഗരം മസാല, പെരുംജീരകം പൊടി എന്നിവ ഇടുക. ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ച ചെമ്മീന്‍ ഇടുക.
- കുഴിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ഒഴിക്കുക. ഇതിലേക്ക് വേവിച്ചുവെച്ച ചോറ് ഇട്ട ശേഷം അതിനു മുകളിലേക്ക് ചെമ്മീന്‍ ഇട്ടു നന്നായി മിക്സ് ചെയ്തെടുക്കുക. മുകളിലേക്ക് കുറച്ച് കശുവണ്ടി, മുന്തിരി എന്നിവ ഫ്രൈ ചെയ്തതും സവാള ഫ്രൈ ചെയ്തതും മല്ലിയില, പുതിനയില എന്നിവയും വിതറുക.
- ഇത് ഇരുപതു മിനിറ്റ് ദം ഇട്ടു വയ്ക്കുക.
ബിരിയാണി കൂടാതെ, തന്‍റെ ഗുജറാത്തി സുഹൃത്തായ നയന പഠിപ്പിച്ച ചമ്മന്തിയും നവ്യ ഉണ്ടാക്കി. മിക്സി ജാറില്‍ തേങ്ങ, വെളുത്തുള്ളി, കശുവണ്ടി, പഞ്ചസാര, ഉപ്പ്, കപ്പലണ്ടി, അല്‍പ്പം പുളി, പച്ചമുളക് എന്നിവ ഇട്ടു അടിച്ചെടുക്കുക.
കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും വിഡിയോയില്‍ ഉണ്ട്. വല്ലപ്പോഴുമേ ഭക്ഷണം ഉണ്ടാക്കാറുള്ളൂ എങ്കിലും അതൊരിക്കലും മോശമാകാറില്ല എന്ന് മകന്‍ പറയുമ്പോള്‍ 'കുക്കിങ്ങിൽ ഞാന്‍ ഒരു മണിരത്നമാണ്' എന്ന് നവ്യ പറയുന്നു.