ഹാ ഇത് സൂപ്പർ! ഈ കേക്കിന് ലോകം മുഴുവനും ആരാധകരുണ്ട്; ആസ്വദിച്ച് കഴിച്ച് അഹാന
Mail This Article
ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഒരു കേക്ക് ഇനമാണ് മെറ്റില്‍ഡ കേക്ക്. ഈ ചോക്ലേറ്റ് കേക്കിന് ലോകം മുഴുവനും ആരാധകരുണ്ട്. ദുബായില്‍ നിന്നും മെറ്റില്‍ഡ കേക്ക് കഴിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ.
മെറ്റില്‍ഡ കേക്ക് എന്നാല്‍ പലര്‍ക്കും ഒരു ഡിസെര്‍ട്ട് മാത്രമല്ല. കുട്ടിക്കാലത്തിന്‍റെ മധുരം നിറഞ്ഞ ഓര്‍മ്മകളുടെ പ്രതീകം കൂടിയാണ്. കുട്ടിക്കഥയില്‍ നിന്നും ഇറങ്ങി വന്ന് നാവിന്‍റെ തുമ്പത്ത് കൂടി ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന മധുരമാണ് ഈ ചോക്ലേറ്റ് കേക്ക് അവര്‍ക്ക് പലര്‍ക്കും.
ബ്രിട്ടീഷ് എഴുത്തുകാരനായ റൊആൽഡ് ദാലിന്‍റെ ബാലസാഹിത്യനോവലാണ് മെറ്റിൽഡ. 1988 ൽ ജൊനാദൻ കേപ് പ്രസിദ്ധീകരിച്ച ഈ കൃതി എക്കാലത്തേയും മികച്ച ബാലസാഹിത്യനോവലുകളിൽ ഒന്നായാണ് കണക്കാക്കുന്നത്.
ഇംഗ്ലണ്ടിലെ ബക്കിങ്ങാംഷയർ എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് നോവൽ എഴുതിയിരിക്കുന്നത്. നാലു വയസ്സുള്ള മെറ്റിൽഡ എന്നു പേരുള്ള പെൺകുട്ടിയാണ് ഇതിലെ പ്രധാനകഥാപാത്രം. മാതാപിതാക്കളിൽ നിന്നും എപ്പോഴും അവഗണന അനുഭവിക്കുന്ന മെറ്റിൽഡയ്ക്ക് പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയുണ്ട്. മെറ്റിൽഡയുടെ ജീവിതത്തിലൂടെ പോകുന്ന നോവൽ വായനക്കാരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
മെറ്റിൽഡ പഠിക്കുന്ന സ്കൂളിലെ ക്രൂരയായ ഹെഡ്മിസ്ട്രസാണ് മിസ് ട്രഞ്ച്ബുൾ. ചെറിയ തെറ്റുകള്‍ക്ക് പോലും കുട്ടികളെ അതിക്രൂരമായി ശിക്ഷിക്കുന്ന ആളാണ് അവര്‍. ഒരിക്കല്‍ ബ്രൂസ് ബോഗ്‌ട്രോട്ടർ എന്ന ഒരു ആൺകുട്ടി ഒരു ചോക്ലേറ്റ് കേക്കിന്‍റെ ഒരു ഭാഗം മോഷ്ടിച്ച് കഴിക്കുന്നു. അതിനുള്ള ശിക്ഷയായി ആ ഭീമന്‍ കേക്ക് മുഴുവനും കഴിക്കാന്‍ ട്രഞ്ച്ബുൾ ബ്രൂസിനോട് പറയുന്നു. ബ്രൂസാകട്ടെ, ആ കേക്ക് മുഴുവനും കഴിച്ച് സഹപാഠികളുടെ കയ്യടി ഏറ്റുവാങ്ങുന്നു.
വളരെ അപമാനകരമായ ഒരു അവസരത്തെ അഭിമാനപൂര്‍ണമാക്കി മാറ്റിയ ബ്രൂസിന്‍റെ ദൃഡനിശ്ചയത്തിന്‍റെയും മനസ്സുറപ്പിന്‍റെയും പ്രതീകമായാണ് കേക്ക് ചിത്രീകരിക്കുന്നത്.പിന്നീട് 1996 ല്‍ ഡാനി ഡിവിറ്റോ ഈ നോവല്‍ സിനിമയാക്കി മാറ്റിയപ്പോഴും കേക്ക് പ്രധാനമായി തുടര്‍ന്നു. ഭയപ്പെടുത്തുന്ന ഒരു വലിയ ചോക്കലേറ്റ് കേക്ക് കഴിക്കുന്ന ബ്രൂസിൻ്റെ പോരാട്ടത്തെ ചിത്രം വ്യക്തമായി ചിത്രീകരിച്ചു. അതിനുശേഷം, "മറ്റിൽഡ ചോക്ലേറ്റ് കേക്ക്" ആളുകള്‍ക്കിടയില്‍ ഒരു ഐക്കണിക് മധുരപലഹാരമായി മാറി. ചോക്ലേറ്റ് ബേസ്, ചോക്ലേറ്റ് ഗനാഷെ അല്ലെങ്കിൽ ഫഡ്ജ് ഫ്രോസ്റ്റിംഗ് എന്നിവ ഉപയോഗിച്ചു കൊണ്ട് ഒരുപാടാളുകള്‍ ഈ കേക്കിന്‍റെ റെസിപ്പി പങ്കുവച്ചു. ദുബായിലും അബുദാബിയിലും മറ്റിൽഡ ചോക്ലേറ്റ് കേക്ക് ലഭ്യമാണ്. ദുബായ് മാൾ, ലാ മെർ, ദുബായിലെ മിർദിഫ് സിറ്റി സെൻ്റർ എന്നിവിടങ്ങളിലും അബുദാബിയിലെ ഉമ്മുൽ ഇമറാത്ത് പാർക്ക് ബ്രാഞ്ചിലും ഈ കേക്ക് കഴിക്കാം. ചോക്ലേറ്റ് കേക്കിന് ഏകദേശം 93 ദിർഹം അഥവാ 2129 രൂപ വിലവരും.