ഉണങ്ങിയ ചാണകം, അറക്കപ്പൊടി ഇതൊക്കെ ചേർന്നതാണോ ചായ! കണ്ടുപിടിക്കാം ഈ എളുപ്പവഴിയിലൂടെ
Mail This Article
നല്ല ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ കാതൽ എന്ന് പറയുന്നത്. എന്നാൽ, നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണവും അത്ര നല്ലതാണോ? മായം കലർന്ന ഭക്ഷ്യവസ്തുക്കൾ നമ്മുടെ ആരോഗ്യത്തിന് തന്നെ ഹാനികരമാണ്. എന്തിനധികം പറയുന്നു നമ്മൾ കുടിക്കുന്ന ചായ പോലും ചിലപ്പോൾ മായം കലർന്നതാകാം. തേയില ഇലകൾക്കൊപ്പം ചിലപ്പോൾ അയൺ പൌഡർ, ഉണങ്ങിയ ചാണകം, അറക്കപ്പൊടി, കൃത്രിമനിറങ്ങൾ എന്നിവ കലർത്താറുണ്ട്. ഒറ്റ നോട്ടത്തിൽ ഈ മായമൊന്നും നമുക്ക് തിരിച്ചറിയാൻ കഴിയില്ല.
ഇത്തരത്തിൽ മായം കലർന്ന തേയില ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും അലർജിക്ക് കാരണമാകുകയും ചെയ്യും. എന്നാൽ വീട്ടിൽ തന്നെ നമുക്ക് മായം കലർന്ന തേയില തിരിച്ചറിയാൻ കഴിയും. അതിന് ചില പൊടിക്കൈകൾ ഉപയോഗിക്കണമെന്ന് മാത്രം.
നിറം പരിശോധന
തേയിലയിൽ മായം കലർത്തിയിട്ടുണ്ടോ എന്നറിയാൻ നടത്തുന്ന പരിശോധനയിൽ ഒന്നാണ് നിറം പരിശോധന. ഒരു സുതാര്യമായ ഗ്ലാസ് എടുക്കുക. അതിലേക്ക് കുറച്ച് ലെമൺ ജൂസ് ഒഴിക്കുക. കുറച്ച് തേയിലയും ഇടുക. ലെമൺ ജൂ മഞ്ഞ നിറത്തിലേക്കോ പച്ച നിറത്തിലേക്കോ ആണ് മാറുന്നതെങ്കിൽ നിങ്ങളുടെ കൈവശമുള്ള തേയില ശുദ്ധമാണ്. എന്നാൽ, ഓറഞ്ച് നിറത്തിലേക്കോ മറ്റ് ഏതെങ്കിലും കടും നിറങ്ങളിലേക്കോ മാറുകയാണെങ്കിൽ തേയിലയിൽ മായമുണ്ടെന്ന് ഉറപ്പിക്കാം.
ടിഷ്യൂ പേപ്പർ പരിശോധന
മായം കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മറ്റൊരു ലളിതമായ പരിശോധനയാണ് ടിഷ്യൂ പേപ്പർ പരിശോധന. രണ്ട് ടീസ്പൂൺ തേയില ഒരു ടിഷ്യൂ പേപ്പറിലേക്ക് ഇടുക. അതിനുശേഷം ആ തേയിലയുടെ മുകളിലേക്ക് കുറച്ച് വെള്ളം തളിക്കുക. തുടർന്ന് സൂര്യപ്രകാശത്തിൽ ആ ടിഷ്യൂ പേപ്പർ ഉണങ്ങാൻ വെക്കുക. ടിഷ്യൂ പേപ്പറിന്റെ നിറം മാറുകയോ എന്തെങ്കിലും പാടുകളോ അടയാളങ്ങളോ പേപ്പറിൽ ഉണ്ടാകുകയോ ചെയ്താൽ ആ തേയില മായം കലർന്നതാണ്. ശുദ്ധമായ തേയില ആണെങ്കിൽ ടിഷ്യൂ പേപ്പറിൽ യാതൊരു പാടുകളും ഉണ്ടാകില്ല.
തണുത്ത വെള്ളം കൊണ്ടുള്ള പരിശോധന
തേയിലയിൽ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ നടത്താവുന്ന ഏറ്റവും മികച്ച പരിശോധനകളിൽ ഒന്നാണ് തണുത്ത വെള്ളം കൊണ്ടുള്ള പരിശോധന. ഒരു ഗ്ലാസ് തണുത്ത വെള്ളം എടുത്തിട്ട് രണ്ട് ടീസ്പൂൺ തേയില അതിലിട്ട് നന്നായി ഇളക്കുക. പെട്ടെന്ന് തന്നെ നിറം മാറുകയാണെങ്കിൽ അത് മായം കലർന്ന തേയില ആണെന്ന് ഉറപ്പിക്കാം. എന്നാൽ, ശുദ്ധമായ തേയില ആണെങ്കിൽ സമയം എടുത്ത് ആയിരിക്കും നിറം മാറുക.
മണം പരിശോധിക്കാം
തേയില ശുദ്ധമാണോയെന്ന് മണത്തുനോക്കിയും നമുക്ക് അറിയാൻ സാധിക്കും. ശുദ്ധമായ തേയിലയിൽ പ്രകൃതിദത്തമായ, പുതിയതായ, ഉന്മേഷം നൽകുന്ന ഒരു മണം ഉണ്ടായിരിക്കും. എന്നാൽ എന്തെങ്കിലും കൃത്രിമമായതോ രാസവസ്തുക്കളുടെയോ മണമാണ് ലഭിക്കുന്നതെങ്കിൽ ആ തേയിലയിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.
ഈ നാല് പരിശോധനകളിലൂടെ നമ്മൾ ഉപയോഗിക്കുന്ന തേയില ശുദ്ധമാണോ എന്ന് ഉറപ്പിക്കാം. ഇതിലൂടെ നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യാം.