പാവയ്ക്കയോ? നെറ്റിചുളിക്കേണ്ട, കയ്പ് കളയാനിതാ എളുപ്പവഴി
Mail This Article
ദേഹം മുഴുവൻ മുള്ളുകൾ. വെട്ടിയരിഞ്ഞ് ഒന്ന് തോരനാക്കാം എന്ന് വച്ചാൽ കയ്പും. ഒരു ശരാശരി മലയാളി തീൻമേശയിൽ കുറച്ച് അകലം കാണിക്കുന്ന പച്ചക്കറിയാണ് പാവയ്ക്ക. പേരിൽ ഒരു പാവം ഒക്കെയുണ്ടെങ്കിലും ആശാന്റെ കയ്പാണ് മിക്കവർക്കും ഇഷ്ടപ്പെടാത്തത്. പാവയ്ക്ക മാത്രമല്ല മത്തങ്ങ, പടവലങ്ങ തുടങ്ങി ആളുകൾക്ക് ഇഷ്ടമില്ലാത്ത പച്ചക്കറികളുടെ കൂട്ടത്തിൽ കുറച്ചധികം ആളുകളുണ്ട്.
എന്നാൽ, ഇങ്ങനെ അകലത്തിൽ നിർത്തിയാൽ നമുക്ക് നഷ്ടപ്പെടുന്നത് പോഷകങ്ങളുടെ കലവറയാണ്. മെറ്റബോളിസവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ ശേഷിയുള്ളവയാണ് ഈ പച്ചക്കറികൾ. കയ്പാണെന്ന് പറഞ്ഞ് പാവയ്ക്കയെ ഒരിക്കലും അകറ്റി നിർത്തരുത്.
പാവയ്ക്കയുടെ കയ്പ് കുറച്ച് ബുദ്ധിമുട്ട് ആണെങ്കിലും പോഷകസമ്പുഷ്ടമാണ് ഈ പച്ചക്കറി. നാരുകളാൽ സമ്പന്നമായതിനാൽ തന്നെ ഉയർന്ന കാലറിയുള്ള ജങ്ക് ഫുഡിനോടുള്ള ആസക്തി ഇത് കുറയ്ക്കുന്നു. കൂടാതെ, ദഹനപ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ഗർഭിണികളിൽ കാണപ്പെടുന്ന മലബന്ധത്തിന്റെ സാധ്യത കുറയ്ക്കാനും പാവയ്ക്ക ഒരു ഉത്തമപച്ചക്കറിയാണ്.
പോഷകങ്ങളാൽ സമ്പന്നമായതിനാൽ തന്നെ ഗർഭകാലത്തെ പ്രമേഹ സാധ്യത ഇല്ലാതാക്കാനും പാവയ്ക്ക നല്ലതാണ്. വിറ്റാമിനുകളാലും സിങ്ക്, അയൺ, പൊട്ടാസ്യം എന്നിവയാലും സമ്പന്നമായതിനാൽ അത് ഗർഭസ്ഥശിശുവിന്റെ നാഡീവളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. ഇത്രയധികം ഗുണങ്ങളുള്ള പാവയ്ക്ക് കയ്പ് കാരണം ഇനി കഴിക്കാതിരിക്കേണ്ട. പാവയ്ക്കയുടെ കയ്പ്പ് കളയാൻ ചില പൊടിക്കൈകൾ ഒക്കെയുണ്ട്.
പാവയ്ക്കയുടെ കയ്പ് കളയാൻ
ആദ്യം തന്നെ പാവയ്ക്ക വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. അതിനു ശേഷം മുറിച്ച് വിത്തുകൾ നീക്കം ചെയ്യുക.
പാവയ്ക്കയുടെ ഉൾഭാഗം നന്നായി ചുരണ്ടി വൃത്തിയാക്കുക. അതിനു ശേഷം പാവയ്ക്കയിൽ അൽപം ഉപ്പ് പുരട്ടി വയ്ക്കുക. ഏകദേശം ഒരു 20 മിനിട്ട് മുതൽ അര മണിക്കൂർ വരെ ഉപ്പ് പുരട്ടി പാവയ്ക്ക് വെക്കാവുന്നതാണ്.
ഉപ്പുവെള്ളത്തിൽ മുക്കിവെച്ചും പാവയ്ക്കയുടെ കയ്പ് കുറയ്ക്കാവുന്നതാണ്. ചൂടുള്ള ഉപ്പുവെള്ളത്തിൽ പാവയ്ക്ക ഇട്ടുവെക്കുന്നത് പാവയ്ക്കയുടെ കയ്പ് വലിയ അളവിൽ കുറയ്ക്കാൻ സഹായിക്കും.
പാവയ്ക്കയിൽ ഉപ്പു പുരട്ടിയും അതിന്റെ കയ്പ് രുചി മാറ്റാവുന്നതാണ്. അൽപസമയം ഉപ്പു പുരട്ടി വെയ്ക്കുമ്പോൾ പാവയ്ക്കയിൽ നിന്ന് നീര് പുറത്തേക്ക് വരും. ഈ നീര് പിഴിഞ്ഞു കളഞ്ഞ് പാവയ്ക്ക് പാചകം ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പാവയ്ക്കയുടെ കയ്പ് വളരെയധികം കുറഞ്ഞ് കിട്ടും.