നിങ്ങള്‍ പറ്റിക്കപ്പെട്ടോ? ശരിക്കുമുള്ള കറുവപ്പട്ട ഇതാണ്!
Mail This Article
ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇന്ത്യന്‍ പാചകരീതിയില്‍ കറുവപ്പട്ടയ്ക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. വിവിധ കറികളിലും പലഹാരങ്ങളിലും ചായയിലുമെല്ലാം കറുവപ്പട്ട ഉപയോഗിക്കുന്നു. പാചകത്തിന് പുറമേ കറുവപ്പട്ട അതിന്‍റെ ഔഷധ ഗുണങ്ങൾക്കും പേരുകേട്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹോര്‍മോണ്‍ ബാലന്‍സിനും ഭാരം കുറയ്ക്കാനുമെല്ലാം കറുവപ്പട്ട സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
കറുവപ്പട്ടയ്ക്ക് സിലോൺ കറുവപ്പട്ട, കാസിയ കറുവപ്പട്ട എന്നീ രണ്ട് പ്രധാന തരങ്ങളുണ്ട്. 'സിലോൺ കറുവപ്പട്ട' അഥവാ 'സിനമോമം വെറം' എന്നയിനം കറുവപ്പട്ട ഉയർന്ന ഗുണനിലവാരമുള്ളതായി കണക്കാക്കപ്പെടുന്നു, ഇതിനെ "യഥാർത്ഥ" കറുവപ്പട്ട എന്ന് വിളിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. ലോകത്തിൽ ഉത്പാദിപ്പിക്കുന്ന കറുവപ്പട്ടയുടെ 75% ഉത്പാദിപ്പിക്കുന്നത് ശ്രീലങ്കയിലാണ്. നേരിയ ചുരുളുകള്‍ പോലെയാണ് ഇത് ഉണക്കിയെടുത്താല്‍ ഉണ്ടാവുക.
എന്നാൽ സാധാരണയായി വിപണിയില്‍ വ്യാപകമായി കിട്ടുന്ന മിക്ക കറുവപ്പട്ടയും കാസിയ വിഭാഗത്തില്‍പ്പെട്ട കറുവപ്പട്ടയുടെ നാല് ഇനങ്ങളിൽ പെട്ടതാണ്. ഇവ സിലോണ്‍ കറുവപ്പട്ടയെ അപേക്ഷിച്ച് കൂടുതല്‍ കട്ടിയുള്ളതായിരിക്കും. മാത്രമല്ല രൂക്ഷമായ രുചിയും ഗന്ധവും കൂടുതല്‍ ഇരുണ്ട ബ്രൌണ്‍ നിറവും ഉണ്ടായിരിക്കും.
സിനമോമം ബർമാനി (ഇന്തൊനീഷ്യൻ കറുവപ്പട്ട അല്ലെങ്കിൽ പഡാങ് കാസിയ), സിനമോമം കാസിയ (ചൈനീസ് കറുവപ്പട്ട അല്ലെങ്കിൽ ചൈനീസ് കാസിയ), സിനമോമം ലൂറിറോയ് (സൈഗോൺ കറുവപ്പട്ട അല്ലെങ്കിൽ വിയറ്റ്നാമീസ് കാസിയ), സിനമോമം സിട്രിയോഡോറം (മലബാർ കറുവപ്പട്ട) എന്നിവയാണ് ആ ഇനങ്ങള്‍. സിലോണ്‍ കറുവപ്പട്ടയേക്കാള്‍ വില കുറവാണ് ഇവയ്ക്ക്. അതുകൊണ്ടുതന്നെ വിപണിയില്‍ കിട്ടുന്ന പല കറുവപ്പട്ട പൊടികളിലും ഇത്തരം ഇനങ്ങള്‍ മായമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായി ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊതുവേ പലവിധ ഔഷധഗുണങ്ങളുണ്ടെങ്കിലും, ഇത്തരം കറുവപ്പട്ടകളില്‍ കൂമറിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന അളവിൽ കഴിക്കുമ്പോൾ വിഷാംശം ഉണ്ടാക്കും. കൂമറിൻ കരളിന് കേടുപാടുകൾ വരുത്തുകയും ആന്‍റികൊയാഗുലന്‍റ് ഗുണങ്ങൾ ഉള്ളതിനാൽ രക്തം കട്ടപിടിക്കാതിരിക്കാന്‍ കാരണമാവുകയും ചെയ്യാം.