ഇത് ചിയാ സീഡ് അല്ല, തടി പെട്ടെന്ന് കുറയ്ക്കാൻ മോരില്‍ ചേർത്ത് കഴിക്കാം; ഈ പാനീയത്തിനുണ്ട് അദ്ഭുത ഗുണങ്ങള്‍!
Mail This Article
തൈരില്‍ വെള്ളമൊഴിച്ച് കിട്ടുന്നതാണ് മോര് അഥവാ ബട്ടര്‍മില്‍ക്ക് എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ അങ്ങനെയല്ല ശരിക്കുമുള്ള മോര് ഉണ്ടാക്കുന്നത്. തൈര് കടഞ്ഞ് വെണ്ണയെടുത്ത ശേഷം കിട്ടുന്ന കൊഴുപ്പു കുറഞ്ഞ പാനീയമാണ് മോര്. നിർദ്ദിഷ്ട അനുപാതത്തിൽ വെള്ളം ചേർത്ത മോര്, ആയുർവേദത്തില്‍ ഔഷധമായാണ് കണക്കാക്കുന്നത്. വെള്ളം കൂടുതൽ ചേർത്ത് ഇഞ്ചി, നാരകത്തില മുതലായവ ചേർത്ത് തയ്യറാക്കുന്ന മോരിനെയാണ് സംഭാരം എന്ന് വിളിക്കുന്നത്.
തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് ഇടനേരങ്ങളില്‍ കഴിക്കാവുന്ന മികച്ച പാനീയങ്ങളില്‍ ഒന്നാണ് ബട്ടര്‍മില്‍ക്ക്. ഇതില്‍ കലോറി വളരെ കുറവാണ് എന്ന് മാത്രമല്ല, വിശപ്പ് ശമിപ്പിക്കാനും സഹായിക്കുന്നു. മോര് ദഹനം മെച്ചപ്പെടുത്തുന്നു, ആരോഗ്യകരമായ ദഹനം ശരീരഭാരം നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. കൂടാതെ, മോരിലെ പ്രോബയോട്ടിക്സ് കുടലിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മോരിൽ വിറ്റാമിനുകൾ, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്
കൂടുതല്‍ ആരോഗ്യകരമാക്കാന്‍ സബ്ജ സീഡ്സ്
ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും നൂറ്റാണ്ടുകളായി ഔഷധമായി ഉപയോഗിച്ചു വരുന്ന ഒരു വിത്താണ് സബ്ജ അഥവാ തുളസിവിത്തുകള്‍. ചിയ വിത്തുകളോട് സാമ്യമുള്ള രൂപമാണ് ഇതിനുള്ളത്.
ഒമേഗ3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സബ്ജ വിത്തുകൾ തലച്ചോറിലെ വീക്കം കുറയ്ക്കാനും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാവസ്ഥകള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, സബ്ജ വിത്തുകളിൽ മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ സബ്ജ, അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ, സബ്ജ വിത്തിൽ വിറ്റാമിൻ ഇ പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ ഇലാസ്തികതയും ജലാംശവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഇത്രയേറെ ഗുണങ്ങളുള്ള സബ്ജ വിത്തുകള്‍ മോരിനൊപ്പം ചേര്‍ത്ത് കഴിക്കുന്നത് വളരെയേറെ നല്ലതാണ്. ഇങ്ങനെ കഴിക്കുന്നത്, ശരീരത്തിലെ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട്, ജലാംശം കാത്തുസൂക്ഷിക്കുന്നു എന്ന് ഡയറ്റീഷ്യനായ എൻമാമി അഗര്‍വാള്‍ പറയുന്നു.
വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ തടയാനും ദഹനം മെച്ചപ്പെടുത്താനും ഈയൊരു കോമ്പിനേഷന്‍ വളരെ നല്ലതാണ്. മോരിൽ ഉള്ള ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു, പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഫ്ലേവനോയിഡുകൾ സബ്ജ വിത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തിളക്കമുള്ള ചര്‍മ്മം നല്കാന്‍ ഈയൊരു പാനീയത്തിന് കഴിയുമെന്ന് എൻമാമി പറയുന്നു. മോരിൽ കാലറിയും കൊഴുപ്പും കുറവാണ്, അതേപോലെ സബ്ജ വിത്തുകൾ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ ഈ പാനീയം മികച്ചതാക്കുന്നു.
ആരോഗ്യത്തിന് സഹായിക്കുന്ന നാരുകൾ, പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല ഉറവിടമാണ് സബ്ജ വിത്തുകൾ എന്ന് എൻമാമി പറയുന്നു. മോരാകട്ടെ, എല്ലിനും ഹൃദയത്തിനും ഗുണം നൽകുന്ന വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. കൂടാതെ, സബ്ജ വിത്തുകള്‍ ഇട്ട മോർ കുടിക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും. മോരിൻ്റെ സ്വാഭാവിക അസിഡിറ്റി ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. സബ്ജ വിത്തുകളിലും ശരീരത്തിന്‍റെ ചൂട് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ടെന്ന് എൻമാമി പറയുന്നു.