ADVERTISEMENT

മട്ട, പൊന്നി, ബസ്മതി, ഞവര... അങ്ങനെ നീളുന്നു ഇന്ത്യയിലെ അരികളുടെ പട്ടിക. ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന ഭക്ഷ്യവിഭവങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന അരിക്ക് നൂറുകണക്കിന് വകഭേദങ്ങളുണ്ട്‌. ഇക്കൂട്ടത്തില്‍ അധികമാര്‍ക്കും അറിയാത്ത ഒരു തരം അരിയാണ് രാജമുടി. ചുവന്ന നിറത്തിലുള്ളതും പോളിഷ് ചെയ്യാത്തതുമായ ഈ അരി ഇനത്തിന് ഈയിടെയായി ആരാധകര്‍ കൂടി വരുന്നുണ്ട്.

സാധാരണയായി ആരോഗ്യകരമായ ഓപ്ഷനായി അറിയപ്പെടുന്ന ചുവന്ന അരിയേക്കാള്‍ മികച്ച പോഷകഗുണങ്ങള്‍ രാജമുടി അരിക്കുണ്ട് എന്ന് പറയപ്പെടുന്നു. വെളുത്ത അരിയേക്കാളും ചുവന്ന അരിയേക്കാളും കൂടിയ അളവില്‍ നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ രാജമുടി അരിക്ക് ഗ്ലൈസീമിക്‌ ഇന്‍ഡക്സും വളരെ കുറവാണ്. പ്രമേഹമുള്ളവർ ഉൾപ്പെടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നവര്‍ക്ക് ഇത് വളരെ നല്ലതാണ്.

rice-healthy
Image credit: Trending Now/Shutterstock

രാജമുടി എന്നാല്‍ ' രാജാവിന്‍റെ കിരീടം' എന്നാണര്‍ത്ഥം. കര്‍ണ്ണാടകയാണ് രാജമുടി അരിയുടെ ജന്മദേശം. ചരിത്രപരമായി ഈ അരിക്ക് മികച്ച പ്രാധാന്യമുണ്ട്. മൈസൂരുവിലെ വൊഡയാർ രാജാക്കന്മാർക്ക് വേണ്ടി പ്രത്യേകം കൃഷി ചെയ്തിരുന്ന നെല്ലിനമാണ് ഇത്. ഇപ്പോഴും കർണാടകയിലെ, പ്രത്യേകിച്ച് മൈസൂർ, മാണ്ഡ്യ പ്രദേശങ്ങളിലെ ചെറുകിട കർഷകരാണ് ഈ അരി പ്രധാനമായും കൃഷി ചെയ്യുന്നത്. 

ഒരുപാട് സംസ്കരണ പ്രക്രിയകള്‍ക്ക് ശേഷമാണ് വെളുത്ത അരി വരുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി, തവിടും പോഷകങ്ങളും നിലനിര്‍ത്തുന്ന അരിയാണ് രാജമുടി. അതുകൊണ്ടുതന്നെ സമ്പന്നമായ രുചിയും ഇതിന്‍റെ പ്രത്യേകതയാണ്.

രാജമുടി അരിയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ഇത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു, മലബന്ധം തടയുകയും കുടലിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  ഫ്രീ റാഡിക്കലുകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളായ ആന്തോസയാനിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ അരിയിലെ ആൻ്റിഓക്‌സിഡൻ്റുകളും മഗ്നീഷ്യവും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്‌ത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. കൂടാതെ ബി വിറ്റാമിനുകളും ഇരുമ്പ്, സിങ്ക് മുതലായ ധാതുക്കളും ഇതിലുണ്ട്.

rajamudi
Image credit:ManeeshUpadhyay/Shutterstock

ചുവന്ന അരി പാകം ചെയ്യുന്ന പോലെ തന്നെയാണ് രാജമുടി അരിയും പാകം ചെയ്യുന്നത്. എന്നാല്‍, പെട്ടെന്ന് വെന്തുകിട്ടാന്‍ അരി നന്നായി കഴുകി 6-8 മണിക്കൂർ കുതിർക്കാന്‍ വയ്ക്കണം. ഇതിനു ശേഷം പ്രഷർ കുക്കറിലോ പാത്രത്തിലോ ഇട്ട് വേവിക്കുക.

English Summary:

Discover the Nutritional Power of Rajamudi Rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com