വിദേശിയായ ക്രാന്‍ബെറിക്ക് പകരം വയ്ക്കാൻ നാട്ടിലുണ്ട് സൂപ്പർ പഴം; ഇരുമ്പിന്റെയും വിറ്റാമിന്‍ സിയുടെയും കലവറ!
Mail This Article
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ക്രാൻബെറി. പ്രധാനമായും അമേരിക്കയിലും യൂറോപ്പിലും വളരുന്ന ഈ പഴത്തിന് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഈ പഴത്തിനാകുമെന്നു പഠനങ്ങള്‍ കാണിക്കുന്നു. ക്രാൻബെറിയിലെ പ്രോആന്തോസയാനിഡിൻസ് മൂത്രസഞ്ചിയുടെ ഭിത്തികളിൽ കാണുന്ന ചില ബാക്ടീരിയകളെ തുരത്തുന്നു.
ക്രാൻബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങളിൽ പിയോണിഡിൻ, സയാനിഡിൻ എന്നിങ്ങനെയുള്ള ഈ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം ഉണ്ട്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ ആൻ്റി ഇൻഫ്ലമേറ്ററി പവർഹൗസുകളാണ്. വീക്കം കുറയ്ക്കാനും അതുവഴി കാൻസർ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും ഇവ സഹായിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ പഞ്ചസാര ചേര്‍ക്കാത്ത ക്രാൻബെറി ജ്യൂസ് പതിവായി കുടിക്കുന്നത് എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഒരു കപ്പ് ക്രാൻബെറിയില്‍ ദൈനംദിന ആവശ്യത്തിന്റെ 24% വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും വളരെ അത്യാവശ്യമാണ്. കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ബി-കോംപ്ലക്സ് വിറ്റാമിനുകൾ, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, മാംഗനീസ് തുടങ്ങിയവയും ക്രാന്‍ബെറിയിലെ പോഷകങ്ങലാണ്.
പച്ചയ്ക്കും ഉണക്കിയും ജൂസായുമെല്ലാം ക്രാന്‍ബെറി കഴിക്കാറുണ്ട്. എന്നാല്‍, മറ്റു രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്നതായതിനാല്‍ ഇവയ്ക്ക് പൊതുവേ വില അല്‍പ്പം കൂടുതലാണ്. എല്ലാ സ്ഥലങ്ങളിലും എപ്പോഴും കിട്ടണമെന്നുമില്ല.
ക്രാന്‍ബെറിയെ കവച്ചു വയ്ക്കുന്ന ആരോഗ്യഗുണങ്ങളുള്ള ഒരു പഴം നമ്മുടെ നാട്ടിലുണ്ട്. അതാണ് കാരപ്പഴം. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി എന്നെല്ലാം അറിയപ്പെടുന്ന ഈ പഴങ്ങളാണ് ബേക്കറിച്ചെറി നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ചെറിയ ചുവന്ന കുലകൾ ആയി വളരുന്ന പഴങ്ങൾ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു.
ഇന്ത്യയില്‍ എല്ലായിടത്തും വളരുന്ന ഈയിനം ബെറികളില്‍ ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട്. നൂറു ഗ്രാം കാരപ്പഴത്തില്‍ താഴെപ്പറയുന്ന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.
കാലറി : 60
കാർബോഹൈഡ്രേറ്റ്സ് : 10 ഗ്രാം
ഫൈബർ : 4 ഗ്രാം
വിറ്റാമിൻ സി : 20 മില്ലിഗ്രാം (പ്രതിദിനം വേണ്ടതിൻ്റെ 33%)
ഇരുമ്പ് : 11 മില്ലിഗ്രാം
ആൻ്റിഓക്‌സിഡൻ്റുകൾ : ആന്തോസയാനിനും പോളിഫെനോളുകളും
അതേസമയം നൂറു ഗ്രാം ക്രാന്‍ബെറിയിലെ പോഷകങ്ങള്‍ നോക്കാം.
കാലറി : 46
കാർബോഹൈഡ്രേറ്റ്സ് : 12.2 ഗ്രാം
ഫൈബർ : 3.6 ഗ്രാം
വിറ്റാമിൻ സി : 14 മില്ലിഗ്രാം (പ്രതിദിന ഉപഭോഗത്തിൻ്റെ 24%)
വിറ്റാമിൻ ഇ : 1.2 മില്ലിഗ്രാം
ആൻ്റിഓക്‌സിഡൻ്റുകൾ : ഫ്ലേവനോയ്ഡുകളും പ്രോആന്തോസയാനിഡിനുകളും
ഇവ രണ്ടിനും ഒട്ടേറെ പോഷകഗുണങ്ങളുണ്ട്. മൂത്രാശയ രോഗങ്ങളുടെ പ്രതിരോധത്തിലും ആൻ്റിഓക്‌സിഡൻ്റ് ഉള്ളടക്കത്തിലും ക്രാൻബെറികൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയ ഒരു സൂപ്പർഫ്രൂട്ടാണ് കാരപ്പഴം.