നിങ്ങൾ ഉസ്ബെക്കിസ്ഥാൻ വിഭവങ്ങൾ രുചിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നേരെ കൊച്ചിക്ക് വിട്ടോളൂ
Mail This Article
വ്യത്യസ്തമായി രുചികൾ തേടി യാത്ര പോകുന്നവരാണ് ഏറെയും. എന്നാൽ രുചികൾ നമ്മളെ തേടിയെത്തിയാലോ. ആസ്വദിക്കുക, മനസും വയറും നിറയുന്നത് വരെ കഴിച്ച് ആസ്വദിക്കുക. തനത് രുചികൾക്ക് അപ്പുറത്തേക്ക് വൈവിധ്യങ്ങൾ തേടുന്നവരാണ് നിങ്ങളെങ്കിൽ കൊച്ചിയിലേക്ക് പോരൂ. ഇവിടെ ഉസ്ബെക്കിസ്ഥാൻ രുചിമേളമാണ് ഇപ്പോൾ. ഉസ്ബെക്കിസ്ഥാനിലെ പരമ്പരാഗത വിഭവങ്ങളും മധ്യേഷ്യയിലെ പ്രധാനഭക്ഷ്യവിഭവങ്ങളും ഭക്ഷണപ്രേമികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഉസ്ബക് പുലാവ് മുതൽ ഷാഷ് ലിക് കബാബ് വരെയാണ് രുചിപ്രേമികളെ കാത്തിരിക്കുന്നത്.
പ്രശസ്ത ഷെഫ് നോദിർബെക് മാമസിദ്ദിക്കോവിന്റെ നേതൃത്വത്തിൽ റസ്റ്റോറന്റ് ശ്യംഖലയായ സുൽത്താൻ ഗ്രൂപ്പാണ് ഉസ്ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ് ഒരുക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈറ്റില സുൽത്താൻ ഗ്രിൽസ് ആൻഡ് റൈസിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് അടുത്തുള്ള സുൽത്താൻ റസ്റ്റോറന്റിലുമാണ് ഫുഡ് ഫെസ്റ്റ്. ഉസ്ബെക്കിസ്ഥാന്റെ തനത് രുചികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ രുചിമാമാങ്കം ഒരു വിരുന്നാകുമെന്ന് ഉറപ്പ്.
മധ്യേഷ്യയിൽ ഏറെ പ്രസിദ്ധി നേടിയെടുത്ത ഒന്നാണ് ഉസ്ബെക് പുലാവ്. അറേബ്യൻ കബാബിനെ ഓർമപ്പെടുത്തുന്ന ഷാഷ് ലിക് കബാബ് മറ്റൊരു വിഭവമാണ്. ഇങ്ങനെ വ്യത്യസ്തവും വൈവിധ്യവുമായ രുചികളാണ് കൊച്ചിയിലെ ഭക്ഷണപ്രേമികൾക്കായി ഒരുങ്ങുന്നത്. കൊച്ചിയിലെ ഭക്ഷണപ്രേമികൾക്ക് ഉസ്ബെകിസ്ഥാൻ രുചി ആസ്വദിക്കാനുള്ള സുവർണാവസരം കൂടിയാണ് ഇത്.