നയൻതാരയും വിക്കിയും ക്യുവിൽ നിന്നത് അരമണിക്കൂർ, ആഘോഷത്തിനായി എത്തിയതോ?
Mail This Article
തീൻമേശയിൽ അവർ രണ്ടും പേരും മാത്രം. ചുറ്റുമുള്ളവരെല്ലാം തങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നതിനായി കാത്തിരിക്കുന്നു. ആരും പരസ്പരം ശല്യപ്പെടുത്തുന്നില്ല. മുമ്പിലെത്തിയ ഭക്ഷണത്തിൽ നിന്ന് ആദ്യത്തെ പിടി ഭാര്യ ഭർത്താവിന് വായിൽ വച്ചു കൊടുത്തു. ഭർത്താവ് ആദ്യത്തെ പിടി ഭാര്യയുടെ വായിലും വച്ചു കൊടുത്തു. ഡൽഹിയിലെ പ്രശസ്തമായ കാകെ ദ ഹോട്ടലിൽ കഴിഞ്ഞദിവസം നടന്ന ഈ സംഭവം കണ്ട് നെറ്റിസൺസ് ഞെട്ടിയിരിക്കുകയാണ്. ഇതിലെ താരങ്ങൾ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനുമാണ്.
വിഘ്നേഷ് ശിവൻ ആണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വിഡിയോ പങ്കുവച്ചത്. നയൻതാരയുടെ പിറന്നാൾ ആയിരുന്നു നവംബർ 18ന്. നവംബർ പതിനേഴിന് വൈകുന്നേരം ബർത്ത്ഡേ ഈവ് ആഘോഷിക്കാനാണാ വിക്കിയും നയൻസും ഡൽഹി കൊണാട്ട് പ്ലേസിലുള്ള പ്രശസ്തമായ കാകെ ദ ഹോട്ടലിൽ എത്തിയത്?. അര മണിക്കൂറോളം നേരം വരിയിൽ കാത്തു നിന്നാണ് ഹോട്ടിലിന് ഉള്ളിലേക്ക് എത്തിയതെന്നും വിക്കി വിഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
'നവംബർ 17, ഇത്രയും വർഷങ്ങളിലെ ചെറിയ ഒരു ബർത്ത്ഡേ ഈവ് ആഘോഷം. വളരെ ആത്മാർത്ഥമായി സന്തോഷവും വ്യക്തിപരവും അടുപ്പവും രുചികരവുമായി തോന്നിയ ഒരു ബർത്ത്ഡേ ഈവ് ഡിന്നർ. #ഡൽഹി. ഞങ്ങൾ രണ്ടുപേരും മാത്രം. ഏകദേശം അരമണിക്കൂറോളം നേരം വരിയിൽ കാത്തുനിന്നു. അതിനു ശേഷം മനോഹരമായ ഒരു സെന്റർ ടേബിൾ തന്നെ ഞങ്ങൾക്ക് ലഭിച്ചു. പിന്നിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. ഈ നിമിഷം ആസ്വദിക്കാനും സന്തോഷിക്കാനും ഞങ്ങളുടേതായ ഇടം കണ്ടെത്തി. ഈ നിമിഷങ്ങൾ പകർത്താൻ സഹായിച്ച അപരിചിതന് ഒത്തിരി നന്ദി' - ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗോഡ് ഈസ് ഗുഡ് എന്നീ ഹാഷ് ടാഗുകളോടെയാണ് വിക്കിയുടെ കുറിപ്പ് അവസാനിക്കുന്നത്.
നിരവധി പേരാണ് താരങ്ങളെ അഭിനന്ദിച്ച് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. ഒരു പൊതുവിടത്തിൽ നയനും ഭർത്താവിനും മറ്റു ശല്യങ്ങളൊന്നുമില്ലാതെ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്നത് ഒരു നല്ല കാര്യമാണെന്ന് ഒരാൾ കുറിച്ചു. എപ്പോഴും രണ്ടുപേരും സന്തോഷത്തോടെ ഇരിക്കട്ടെയെന്നും ആരാധകർ ആശംസിക്കുന്നു.
ഉത്തരേന്ത്യൻ, മുഗൾ, ചൈനീസ് ഭക്ഷണങ്ങൾക്ക് പ്രശസ്തമായ ഹോട്ടലാണ് കൊണാട്ട് പ്ലേസിലെ കാകെ ദ ഹോട്ടൽ. രുചികരമായ ഭക്ഷണമായതു കൊണ്ടു തന്നെ ഇവിടെ വരിയിൽ അൽപനേരം കാത്തുനിൽക്കുന്നത് നല്ലതാണെന്നാണ് കാകെ ദ ഹോട്ടലിനെക്കുറിച്ച് പറയുന്നത്. ചിക്കൻ, മട്ടൺ, വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആണ് ഇവിടെ പ്രധാനമായും ലഭിക്കുന്നത്. രുചിക്ക് ഒപ്പം തന്നെ മികച്ച ഗുണനിലവാരവും ഇവിടുത്തെ ഭക്ഷണങ്ങൾ ഭക്ഷണപ്രിയർക്ക് ഇടയിൽ പ്രിയങ്കരമാക്കുന്നു.