ഫാറ്റി ലിവര്‍ ഉണ്ടാക്കുന്നത് ഇതൊക്കെയാണോ? കൊഴുപ്പു കൂടുതലുള്ള പാലും ബട്ടറും നെയ്യും കഴിക്കാമോ!
Mail This Article
കൊഴുപ്പിന്‍റെ അംശം കൂടുതലുള്ള പാല്‍, ക്രീം, ഫ്രോസന്‍ യോഗര്‍ട്ട്, ബട്ടര്‍, നെയ്യ് മുതലായ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തിന് കാരണമാകുമെന്ന് പഠനം. ഇവയ്ക്ക് പകരം, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളായ സ്കിംഡ് മിൽക്ക്, കോട്ടേജ് ചീസ്, കൊഴുപ്പ് കുറഞ്ഞ ചീസ് എന്നിവ കഴിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്ന് ജേണൽ ഓഫ് ഹെപ്പറ്റോളജി റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മെറ്റബോളിക് ഡിസ്ഫംഗ്ഷൻ-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (എംഎഎസ്എൽഡി) അഥവാ ഉപാപചയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കരളിനുണ്ടാകുന്ന തകരാറുകൾ തടയാൻ കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങളെക്കാള്‍, ഇവയ്ക്ക് മുൻഗണന നൽകണമെന്നും ഇതില്‍ പറയുന്നു.
കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനായി, ഇസ്രായേലിലെ ജെറുസലേമിലെ ഹീബ്രു സർവകലാശാലയിലെ ഗവേഷകരുടെ ഒരു സംഘം, എലികളിൽ പരീക്ഷണാത്മക പഠനങ്ങളും മനുഷ്യ നിരീക്ഷണ പഠനവും നടത്തി. ഉയർന്ന കൊഴുപ്പുള്ള പാലിനേക്കാൾ, വളരെ കുറഞ്ഞതോ അല്ലെങ്കില്‍ ഇടത്തരമോ ആയ കൊഴുപ്പുള്ളതും, പഞ്ചസാരയുടെ അളവ് കുറവുള്ളതുമായ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണെന്ന് അവര്‍ കണ്ടെത്തി.
മൃഗ പഠനത്തിൽ, 6 ആഴ്ച പ്രായമുള്ള ആൺ എലികൾക്ക് 12 ആഴ്ചത്തേക്ക് പന്നിക്കൊഴുപ്പ്, സോയാബീൻ ഓയിൽ, പാൽ കൊഴുപ്പ് എന്നിവ അടങ്ങിയ ഉയർന്ന കൊഴുപ്പ് ഭക്ഷണം നൽകി. ഇവയില്‍ എല്ലാ ഭക്ഷണങ്ങളും ശരീരഭാരം കൂട്ടുകയും സ്റ്റീറ്റോസിസ് ഉണ്ടാക്കുകയും ചെയ്തെങ്കിലും, പാൽ കൊഴുപ്പ് ഒഴികെയുള്ളവ കരൾ എൻസൈമുകളെ ബാധിച്ചില്ല. കൂടാതെ, പാലിലെ കൊഴുപ്പ് സെറം കൊളസ്ട്രോളും അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ട്സ് (AGEs) ലെവലും വർദ്ധിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി.
എലികളില്‍ കൂടാതെ, 316 രോഗികളിലും നിരീക്ഷണം നടത്തി. കൊഴുപ്പ് കൂടുതലുള്ള പാല്‍ കഴിക്കുന്നത് കരള്‍രോഗത്തിലേക്ക് നയിക്കുന്നുവെങ്കിലും ഇത് ഫൈബ്രോസിസ് ഉണ്ടാകാന്‍ കാരണമാകുന്നില്ലെന്ന് അവര്‍ കണ്ടെത്തി.