കശുവണ്ടി, ബദാം, പിസ്താ എന്നിവ സ്ഥിരമായി കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്!
Mail This Article
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു പോലെ തന്നെ പ്രധാനമാണ് നട്സുകളും ഡ്രൈ ഫ്രൂട്ടുകളും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത്. കാരണം അത് നമ്മുടെ ആരോഗ്യത്തെ തന്നെ സംരക്ഷിക്കുന്നു എന്നതാണ്. കുറച്ച് നട്സ് എല്ലാ ദിവസവും കഴിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും എന്നാണ് പറയുന്നത്. ഹൃദയാരോഗ്യത്തിന് ഉതകുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നട്സുകൾ. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്.
കൂടാതെ, നട്സ് സ്ഥിരമായി കഴിച്ചാൽ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ താപനിലയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ നമ്മുടെ ഹൃദയത്തെ പൊന്നു പോലെ സംരക്ഷിക്കാൻ ഈ നട്സുകൾ കൊണ്ട് കഴിയും. വിവിധ തരത്തിലുള്ള നിരവധി നട്സുകൾ ഇന്ന് ലഭ്യമാണ്. അപൂരിത കൊഴുപ്പുകളാൽ സമ്പന്നമാണ് നട്സുകൾ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ്, നാരുകൾ, വിറ്റാമിനുകൾ, മിനറൽസ് എന്നിവ മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. ഏത് പ്രായത്തിലുള്ളവർക്കും ധൈര്യപൂർവം കഴിക്കാവുന്ന ഒന്നാണ് നട്സുകൾ.
ബദാം
പൊതുവിൽ എല്ലാവരും കഴിക്കുന്ന നട്സുകളിൽ ഒന്നാണ് ബദാം. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ബദാം ഉൾപ്പെടുത്തണം. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ ബദാം ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ റിപ്പോർട്ട് അനുസരിച്ച് 28 ഗ്രാം ബദാമിൽ ആറ് ഗ്രാം പ്രോട്ടീനും മൂന്ന് ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. കൂടാതെ, വിറ്റാമിൻ ഇയുടെ ഒരു മികച്ച ഉറവിടം കൂടിയാണ് ബദാം. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പിസ്ത
നട്സുകളിൽ ഹൃദയാരോഗ്യത്തിന് വളരെ മികച്ച ഒന്നാണ് പിസ്ത. കൊളസ്ട്രോൾ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ആൻ്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പിസ്ത. ഹൃദയത്തെ സംരക്ഷിക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ല്യൂട്ടിൻ, ബീറ്റ കരോട്ടിൻ എന്നീ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പിസ്ത. കൂടാതെ, പൊട്ടാസ്യത്തിന്റെയും നാരുകളുടെയും മികച്ച ഉറവിടം കൂടിയാണ്. അതുകൊണ്ടു തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും അവരുടെ ഭക്ഷണക്രമത്തിൽ പിസ്ത ഉൾപ്പെടുത്തണം.
വാൽനട്ട്
ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ് വാൽനട്ട്. ഹൃദയാരോഗ്യത്തിന് വളരെ നിർണായകമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ രക്തം കട്ട പിടിക്കാതെ തടയാനും ഒമേഗ 3 ഫാറ്റി ആസിഡിന് കഴിയും. ജേണൽ ഓഫ് ന്യൂട്രിഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ എൽ ഡി എൽ കുറയ്ക്കാനും രക്തസമ്മർദ്ദ നിരക്ക് നിയന്ത്രിക്കാനും വാൽനട്ടിന് കഴിയുമെന്ന് കണ്ടെത്തി. ഇത് കൂടാതെ ആന്റി ഓക്സിഡന്റുകളും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്.
കശുവണ്ടി
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, മഗ്നീഷ്യം, കോപ്പർ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. ഹൃദയാരോഗ്യത്തിന് ആവശ്യമായ ഇതെല്ലാം കശുവണ്ടി പ്രദാനം ചെയ്യുന്നു. ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഈ പോഷകങ്ങൾ സഹായിക്കുന്നു. ചെറിയ അളവിൽ ആന്റി ഓക്സിഡന്റുകളും കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രിഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
ബ്രസിൽ നട്സ്
ഉയർന്ന അളവിൽ സെലേനിയം അടങ്ങിയിരിക്കുന്ന ഒന്നാണ് ബ്രസിൽ നട്സ്. ഹൃദയത്തിന് ഉണ്ടാകുന്ന വീക്കം തടയുന്നതിൽ ഈ മിനറൽ ഒരു പ്രധാനപങ്ക് വഹിക്കുന്നു. കൂടാതെ, ശരീരത്തിലെ ആന്റി ഓക്സിഡന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സെലേനിയം സഹായിക്കുന്നു. അതേസമയം, മിതമായ അളവിൽ വേണം ബ്രസീൽ നട്സ് കഴിക്കാൻ. കാരണം, ഇവയിൽ കലോറിയും കൊഴുപ്പും കൂടുതലാണ്.
ഹസൽനട്സ്
ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമായ മറ്റൊരു നട്സ് ആണ് ഹസൽനട്സ്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും ഹൃദയസംരക്ഷണത്തിന് സഹായകമാകുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ ആരോഗ്യകരമായ എച്ച് ഡി എൽ അളവ് നിലനിർത്തിക്കൊണ്ട് എൽ ഡി എൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ഇ കൊണ്ടും സമ്പന്നമാണ് ഹസൽനട്സ്. ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. പ്രോട്ടീനാലും സമ്പന്നമാണ് ഇവ. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
നിലക്കടല
ശൈത്യകാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന നിലക്കടല ഹൃദയത്തിന് നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്രോട്ടീൻ, ആൻ്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നിലക്കടല. പതിവായി നിലക്കടല കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. റെഡ് വൈനിലും മുന്തിരിയിലും കാണപ്പെടുന്ന ശക്തമായ ആന്റി ഓക്സിഡന്റായ റെസ് വെറാട്രോൾ നിലക്കടലയിലും ഉണ്ട്.
ഹെൽത്തിയായ നട്സ് ഷേക്ക് തയാറാക്കാം
10-12 ബദാം (കുതിർത്തത്)
8-10 പിസ്ത (തോട് കളഞ്ഞത്)
5 കശുവണ്ടി
1 കപ്പ് പാൽ (അല്ലെങ്കിൽ ബദാം, ഓട്സ് അല്ലെങ്കിൽ സോയ പോലെയുള്ള ഏതെങ്കിലും പാൽ)
1 ചെറിയ വാഴപ്പഴം
1 ടീസ്പൂൺ തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് (ഓപ്ഷണൽ, മധുരത്തിന്)
ഒരു നുള്ള് ഏലക്കാപ്പൊടി (ഓപ്ഷണൽ, രുചിക്ക്)
ഐസ് ക്യൂബുകൾ (ഓപ്ഷണൽ)
1-2 ടേബിൾസ്പൂൺ ചിയ വിത്തുകൾ അല്ലെങ്കിൽ ഫ്ളാക്സ് സീഡുകൾ
ഒരു ബ്ലെൻഡറിൽ, കുതിർത്ത ബദാം, അണ്ടിപരിപ്പ് പിസ്ത, പാൽ, വാഴപ്പഴം എന്നിവ ചേർക്കുക. നിങ്ങൾക്ക് ഒരു ക്രീമിയർ ഷേക്ക് വേണമെങ്കിൽ, കൊഴുപ്പ് നിറഞ്ഞ പാൽ അല്ലെങ്കിൽ തേങ്ങ അല്ലെങ്കിൽ ബദാം പാൽ പോലെയുള്ളവയും ചേർക്കാം. മധുരത്തിനായി തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് ചേർക്കുക (ആവശ്യമെങ്കിൽ), ഒരു നുള്ള് ഏലയ്ക്കാപ്പൊടിയ്ും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കാം. ചിയ വിത്തുകൾ അല്ലെങ്കിൽ ഫ്ളാക്സ് സീഡുകൾ എന്നിവയും ചേർക്കാം. ശേഷം ഷേക്കിലേക്ക് ഐസ് ക്യൂബുകൾ ചേർത്ത് വിളമ്പാം. സൂപ്പർ രുചിയിൽ ഹെൽത്തി ഷേക്ക് റെഡി.