ഒരു വാഴപ്പഴത്തിന് 52.35 കോടി രൂപ; എന്തൊക്കെയാണ് ഈ ലോകത്ത് നടക്കുന്നത്
Mail This Article
കുറച്ച് വർഷങ്ങളായി കലാലോകത്ത് വിവാദങ്ങൾ സൃഷ്ടിച്ച ഒരു വാഴപ്പഴത്തിന്റെ കാര്യത്തിൽ കഴിഞ്ഞ ദിവസം തീരുമാനമായി. വാശിയേറിയ ലേലത്തിൽ 6.2 മില്യൺ ഡോളറിന് വാഴപ്പഴം വിറ്റു. ഇന്ത്യൻ രൂപയിലേക്ക് മാറ്റി കണക്ക് കൂട്ടിയാൽ ഏകദേശം 52.35 കോടി രൂപയാണ് ഇതിന്റെ മൂല്യം വരിക. അങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പഴമായി മാറിയിരിക്കുകയാണ് ഈ വാഴപ്പഴം.
പ്രശസ്തനായ, അല്ല പ്രശസ്ത തമാശക്കാരനായ മൌറിസിയോ കാറ്റെലന്റെ ആശയപരമായ കലാസൃഷ്ടിയാണ് 2019ലെ 'കൊമേഡിയൻ'. ഒരു ചുമരിൽ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിൽ ആയിരുന്നു ഈ വാഴപ്പഴം. വാഴപ്പഴം മാറ്റുന്നതിന് ആധികാരികത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഇൻസ്റ്റലേഷൻ നിർദ്ദേശങ്ങളുമുണ്ട്. വാഴപ്പഴം കേടാകുകയാണെങ്കിൽ ഉടമകൾക്ക് അത് മാറ്റുന്നതിന് വേണ്ടിയാണ് ഇത്.
ചൈനയിൽ ജനിച്ച ക്രിപ്റ്റോ സംരംഭകനായ ജസ്റ്റിൻ സൺ ആണ് ലേലത്തിൽ വിജയിച്ചത്. തന്റെ ആറ് എതിരാളികളെയും നിഷ്പ്രഭരാക്കി വെറും അഞ്ചു മിനിറ്റ് കൊണ്ടാണ് ലേലത്തിൽ ജസ്റ്റിൻ വിജയിച്ചത്. സോത്ത്ബിയുടെ ഭിത്തിയിൽ ബുധനാഴ്ച വൈകുന്നേരം പതിപ്പിച്ച വാഴപ്പഴം അന്നേദിവസം രാവിലെ മാൻഹട്ടന്റെ അപ്പർ ഈസ്റ്റ് ഭാഗത്തുള്ള കടയിൽ നിന്ന് 35 സെന്റിന് വാങ്ങിയത് ആയിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യാപാരി ആയിരുന്നു ആ വാഴപ്പഴം വിറ്റത്. തന്റെ കടയിലെ വാഴപ്പഴങ്ങളിൽ ഒന്ന് യഥാർത്ഥ വിലയേക്കാൾ ആയിരംമടങ്ങ് ഇരട്ടി വിലയ്ക്ക് വിൽപ്പെടാൻ പോകുകയാണെന്ന കാര്യം ഇദ്ദേഹത്തിന് അറിവില്ലായിരുന്നു.
2019ൽ ആർട്ട് ബേസൽ മിയാമി ബീച്ച് മേളയിൽ മൂന്ന് പഴങ്ങളുടെ ഒരു പതിപ്പായാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ഇതോടെ അത് വൻ ചർച്ചയായി മാറുകയും ചെയ്തു. ഏതായാലും ലേലത്തിൽ വാഴപ്പഴം വിളിച്ചെടുത്തതോടെ ജസ്റ്റിൻ സൺ ആണ് ഇനി 'കൊമേഡിയൻ' എന്ന ഈ ആർട്ട് ഫോമിന്റെ ഉടമ. ആധികാരികത സർട്ടിഫിക്കറ്റും ഇദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞു. ഇനി ഇദ്ദേഹത്തിന് ഇഷ്ടമുള്ള സ്ഥലത്ത് ഇത് പ്രദർശിപ്പിക്കാവുന്നതാണ്.