ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ? ഇവനാണ് 'പീത്സകളുടെ മുത്തച്ഛന്'!
Mail This Article
പീത്‍സ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇറ്റലിയാണ് മനസ്സിലേക്ക് ഓടിയെത്തുക. ന്യൂജനറേഷന്‍റെ പ്രിയഭക്ഷണമാണെങ്കിലും, യഥാര്‍ഥത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വിഭവമാണ് പീത്‍സ. ഇവയില്‍ത്തന്നെ വളരെ ഇറ്റലിയുടെ പൈതൃക വിഭവങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന പീത്‍സകളും ഉണ്ട്, അവയില്‍ ഒന്നാണ് നിയാപൊളിറ്റന്‍ പീത്‍സ.
ഇറ്റാലിയൻ നഗരമായ നേപ്പിൾസിൽ സാധാരണയായി തയ്യാറാക്കുന്ന വൃത്താകൃതിയിലുള്ള പീത്‍സയുടെ പതിപ്പാണ് നിയാപൊളിറ്റന്‍ പീത്‍സ. വെസൂവിയസ് പർവതത്തിന്റെ തെക്ക് അഗ്നിപർവത സമതലങ്ങളിൽ വളരുന്ന തക്കാളിയും, പരമ്പരാഗതമായി ഉണ്ടാക്കുന്ന 'മൊസറെല്ല ഡി ബുഫല കാമ്പാന' അല്ലെങ്കിൽ 'ഫിയോർ ഡി ലാറ്റെ ഡി അഗെറോള' എന്നീ വിഭാഗത്തില്‍പ്പെട്ട ചീസുകളുമെല്ലാം ചേര്‍ത്താണ് ഈ പീത്‍സ ഉണ്ടാക്കുന്നത്. എന്നാല്‍ പരമ്പരാഗതമായി ഉണ്ടാക്കുന്ന നിയാപൊളിറ്റന്‍ പീത്‍സയില്‍ ഇറച്ചി, പച്ചക്കറികള്‍, മഷ്രൂം മുതലായ ടോപ്പിങ്ങുകള്‍ ഉണ്ടാവില്ല.
നിയാപൊളിറ്റന്‍ പീത്‍സയുടെ ഉത്ഭവം
ഈ പീത്‍സയുടെ കഥ 18-ാം നൂറ്റാണ്ടിൽ നേപ്പിൾസിൽ ആരംഭിക്കുന്നു. പല തരത്തില്‍പ്പെട്ട റൊട്ടികളായിരുന്നു അവിടുത്തെ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ പ്രധാന ഭക്ഷണം. അവയില്‍ ഒന്നായിരുന്നു നിയാപൊളിറ്റന്‍ പീറ്റ്സ. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും സൗകര്യമായി കഴിക്കാം എന്നതും ഇതിനെ കൂടുതല്‍ ജനപ്രിയമാക്കി.
പിന്നീട്, 18-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിലും 19-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുമായി, അമേരിക്കയിൽ നിന്ന് യൂറോപ്പിൽ എത്തിയ തക്കാളി കൂടി ചേര്‍ന്നതോടെ നിയാപൊളിറ്റന്‍ പീത്‍സയ്ക്ക് ഇന്നുള്ള രൂപം കിട്ടി.
പീത്‍സ മാർഗരിറ്റയും മാർഗരിറ്റ മാരിനാരയും
നിയാപൊളിറ്റന്‍ പീത്‍സയുടെ രണ്ടു രൂപങ്ങളാണ് പീത്‍സ മാർഗരിറ്റയും മാർഗരിറ്റ മാരിനാരയും. 1889 ൽ സവോയിയിലെ മാർഗരിറ്റ രാജ്ഞി നേപ്പിൾസ് സന്ദർശിച്ചു, ഷെഫ് റാഫേൽ എസ്പോസിറ്റോ രാജ്ഞിയുടെ ബഹുമാനാർത്ഥം ഒരു പ്രത്യേക പീത്‍സ തയാറാക്കി. ഇറ്റാലിയൻ പതാകയുടെ നിറങ്ങളില്‍, ചുവപ്പ് (തക്കാളി), വെള്ള (മൊസറെല്ല), പച്ച (തുളസി) എന്നിങ്ങനെ അദ്ദേഹം ചേരുവകൾ ഉപയോഗിച്ചു. രാജ്ഞിയാകട്ടെ അതീവ സന്തുഷ്ടയായി. അങ്ങനെ പീത്‍സ മാർഗരിറ്റ ഇറ്റാലിയൻ പാചക ചാതുര്യത്തിന്റെ പ്രതീകമായി മാറി.
കടലിൽ നിന്ന് മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികളെയാണ് "മാരിനാര" എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ കടല്‍വിഭവങ്ങള്‍ ഉപയോഗിച്ചല്ല പീത്‍സ മാരിനാര ഉണ്ടാക്കുന്നത്. സാൻ മർസാനോ തക്കാളി, വെളുത്തുള്ളി, ഒറിഗാനോ, എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ എന്നിവയാണ് ഇതിന്‍റെ പ്രധാന ചേരുവകള്‍. വെളുത്തുള്ളിയുടെയും ഒറിഗാനോയുടെയും ശക്തമായ രുചി മുന്നിട്ടു നില്‍ക്കുന്ന ഈ പീറ്റ്സയില്‍ സാധാരണയായി ചീസ് ഉപയോഗിക്കാറില്ല.
ഈ രണ്ട് പീത്‍സകളും ലോകമെമ്പാടുമുള്ള പിസേറിയകളിൽ ഇന്നും ലഭിക്കുന്നു.
യുനെസ്കോയുടെ അംഗീകാരം
നിയാപൊളിറ്റന്‍ പീത്‍സ വെറുമൊരു ഭക്ഷണവിഭവമല്ല; ഇത് നേപ്പിൾസിന്റെ സാംസ്കാരികവും ചരിത്രപരവുമായ വ്യക്തിത്വത്തിന്റെ ചിഹ്നമാണ്. 2017-ൽ, "ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ്" പട്ടികയില്‍ ചേര്‍ത്തുകൊണ്ട് യുനെസ്കോ നിയാപൊളിറ്റന്‍ പീറ്റ്സയെ അംഗീകരിച്ചു.
എന്താണ് ഇതിന്‍റെ പ്രത്യേകത?
ഗോതമ്പ് മാവ്, വെള്ളം, ഉപ്പ്, യീസ്റ്റ് എന്നിവ 24-48 മണിക്കൂർ പുളിക്കാൻ വയ്ക്കുന്നു. ഇങ്ങനെയാണ് ഈ പീറ്റ്സയ്ക്ക് മൃദുവായ, ഇലാസ്റ്റിക് ഘടന ലഭിക്കുന്നത്. വെസൂവിയസ് പർവതത്തിനടുത്തുള്ള അഗ്നിപർവ്വത മണ്ണിൽ വളരുന്ന സാൻ മർസാനോ തക്കാളി ഇതിലെ ഒരു പ്രധാന ഘടകമാണ്.
പരമ്പരാഗതമായി നിയാപൊളിറ്റന്‍ പീത്‍സകള്‍ വളരെ ഉയർന്ന ഊഷ്മാവിൽ വിറക് കത്തിക്കുന്ന ഓവനുകളിൽ ചുട്ടെടുക്കുന്നു, ഇതിനുള്ളിലെ പുക ഈ പീത്‍സയ്ക്ക് തനത് രുചി നൽകുന്നു. സാധാരണ കാണുന്ന പീത്‍സയെപ്പോലെ ഇവയ്ക്ക് അധികം ടോപ്പിംഗുകള്‍ ഉണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍, പീത്‍സ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരം ഉണ്ടെന്ന് അവര്‍ ഉറപ്പാക്കുന്നു.