ഉണക്കമീൻ ഉണ്ടാക്കുന്ന ആ കാഴ്ചയിൽ ഇനി ആശങ്ക വേണ്ട, വളരെ സിംപിളായി വീട്ടിൽ തയാറാക്കാം
Mail This Article
ഉണക്കമീന്‍ മാങ്ങയിട്ടും ചക്കകുരുചേർത്തുമൊക്കെ തയാറാക്കാറുണ്ട്. ചൂട് ചോറിനൊപ്പം അടിപൊളി രുചിയാണ് ഇങ്ങനെ കഴിക്കുന്നത്. ഉണക്കമീൻ മിക്കവർക്കും ഇഷ്ടമാണെങ്കിലും കടകളിൽ നിന്നും വാങ്ങുന്നവ നല്ലതണോ എന്നത് സംശയമാണ്. ചിലയിടത്ത് ഉണക്കമീൻ ഉണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായ കാഴ്ച ഭക്ഷണപ്രേമികള്‍ കണ്ടതോടെ എങ്ങനെ ഇനി വിശ്വസിച്ച് കടകളിൽ നിന്നും ഉണക്കമീൻ വാങ്ങും എന്നായിരുന്നു ആശങ്ക. ഇനി ആ ടെൻഷൻ വേണ്ട, വീട്ടിൽ തന്നെ ഉണക്കമീൻ തയാറാക്കാവുന്നതേ ഉള്ളൂ, എങ്ങനെയെന്ന് നോക്കാം.
അയല തന്നെ എടുക്കാം. ഇപ്പോൾ അയലയും മത്തിയും കുറഞ്ഞ വിലയ്ക്ക് സുലഭമായി കിട്ടുന്നുണ്ട്. ഉണക്കയല ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മീൻ വെട്ടി വൃത്തിയാക്കി കഴുകി എടുക്കാം. വലിയ പാത്രം എടുക്കാം, അതിലേക്ക് ദ്വാരമുള്ള അരിപ്പപോലെയുള്ള പാത്രം ഇറക്കിവയ്ക്കാം, അതിലേക്ക് കല്ലുപ്പ് ഇട്ടുകൊടുക്കാം. അത്യാവശ്യം കട്ടിയ്ക്ക് തന്നെ ഇടണം.
ശേഷം മുകളിലായി ഉപ്പ്പൊടി തേച്ച് പിടിപ്പിച്ച അയല മീൻ ഓരോന്നായി വച്ച് കൊടുക്കാം. മീനിന് അകത്തും പുറത്തും ഉപ്പ്പൊടി നന്നായി ചേർക്കണം. ഇങ്ങനെ മീൻ തട്ടുതട്ടായി ഉപ്പിട്ട് വയ്ക്കാം. ശേഷം പാത്രം നന്നായി അടച്ച് മൂന്നു ദിവസം ഫ്രിജിന്റെ താഴത്തെ തട്ടിൽ വയ്ക്കാം. മീൻ ഒട്ടും ചീത്തയാകാതിരിക്കുവാനാണ് ഇങ്ങനെ ഫ്രിജിൽ വയ്ക്കുന്നത്. ശേഷം മൂന്നു ദിവസം വെയിലത്തുകൂടി വച്ചാൽ സംഗതി റെഡി. നല്ല അടിപൊളി ഉണക്ക മീന്‍ തയാർ.