വണ്ണം കുറയ്ക്കുന്നവർക്കും ഈ ഹൽവ കഴിക്കാം; സ്പെഷൽ വിഭവവുമായി ബോളിവുഡ് നടി
Mail This Article
ഹിന്ദി സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രശസ്തയായ നടിയാണ് കരിഷ്മ തന്ന. ഹിന്ദി ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ റണ്ണറപ്പായിരുന്ന കരിഷ്മ, മോഡലിംഗ് രംഗത്തും പ്രശസ്തയാണ്. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം കാരറ്റ് ഹല്‍വ ഉണ്ടാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് കരിഷ്മ.
സാധാരണയായി പാലും പഞ്ചസാരയുമാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍, ഓട്സ് മില്‍ക്കും ശര്‍ക്കരയും കൊണ്ടാണ് കരിഷ്മ കാരറ്റ് ഹല്‍വ ഉണ്ടാക്കിയത്. കാരറ്റ് ഗ്രേറ്റ് ചെയ്യുന്നതും ഹല്‍വ പാകം ചെയ്യുന്നതുമെല്ലാം വിഡിയോയില്‍ കാണാം. നടിക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ഒക്കെ അറിയാമോ എന്ന് വിഡിയോയ്ക്ക് അടിയില്‍ ഒരു ആരാധകന്‍ ചോദിച്ചു.
ഉത്തരേന്ത്യയില്‍ കാരറ്റ് ഹല്‍വയുടെ സീസണ്‍ ആണ് ഇപ്പോള്‍. സാധാരണയായി ചുവന്ന നിറമുള്ള കാരറ്റ് ആണ് ഇവിടെ ഹല്‍വ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ശൈത്യകാലത്ത് ഇവ ധാരാളമായി വിപണികളില്‍ എത്തുന്നു.
കാരറ്റിന്റെ രണ്ട് ജനപ്രിയ ഇനങ്ങളാണ് ചുവന്ന കാരറ്റും ഓറഞ്ച് കാരറ്റും. തക്കാളിയിലും തണ്ണിമത്തനിലും കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീനിന്റെ സാന്നിധ്യം കാരണമാണ് ഈ കാരറ്റിന് കടും ചുവപ്പ് നിറമുണ്ടാകുന്നത്. ഇതിനു മധുരം അല്‍പ്പം കൂടുതലായതിനാല്‍ മധുരമുള്ള വിഭവങ്ങൾ, ജൂസുകൾ, സലാഡുകൾ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ഓറഞ്ച് നിറമുള്ള ക്യാരറ്റിലാകട്ടെ, ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്ന ബീറ്റാ കരോട്ടിൻ ഉയർന്ന അളവിലുണ്ട്. ഇവ രണ്ടും ഉപയോഗിച്ച് കാരറ്റ് ഹല്‍വ ഉണ്ടാക്കാം. രുചികരവും പോഷകസമൃദ്ധവുമായ ഈ വിഭവം തയാറാക്കാന്‍ എളുപ്പമാണ്. ചൂടോടെയോ തണുപ്പിച്ചോ ഇത് കഴിക്കാവുന്നതാണ്.
ചേരുവകൾ
* നെയ്യ് - 7 ടീസ്പൂൺ
* കാരറ്റ് (ഗ്രേറ്റ് ചെയ്തത്) - 1 കിലോഗ്രാം
* പാൽ/തേങ്ങാപ്പാല്‍/ഓട്സ് മില്‍ക്ക് - 2 1/2 കപ്പ്
* പഞ്ചസാര/ശര്‍ക്കര പൊടി - 1 കപ്പ്
* ഏലക്കപ്പൊടി - 1/2 ടീസ്പൂൺ
* ബദാം (അരിഞ്ഞത്) - 1/4 കപ്പ്
തയാറാക്കുന്ന വിധം
* ഒരു ഫ്രൈയിങ് പാൻ മീഡിയം തീയിൽ വച്ച് 3 ടീസ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കുക. ഇതിൽ ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് 5 മിനിറ്റ് നന്നായി ഇളക്കി വേവിക്കുക. 5 മിനിറ്റിനു ശേഷം കാരറ്റിന്റെ നിറം മാറി തുടങ്ങും.
* ഇതിൽ പാൽ ഒഴിച്ച്, പാൽ കുറച്ച് പറ്റുന്നത് വരെ നന്നായി ഇളക്കി വേവിക്കുക.
* പഞ്ചസാരയും ഏലക്കാപ്പൊടിയും 2 ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കുക. ശേഷം വെള്ളം കുറച്ച് വലിയുന്നത് വരെ ഇളക്കികൊണ്ടേ ഇരിക്കുക.
* ബദാം അരിഞ്ഞത് ചേർത്ത് യോജിപ്പിക്കുക.
* 2 ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.
* ഒരു പാത്രത്തിൽ കുറച്ച് ബദാം അരിഞ്ഞതും മുകളിൽ വിതറി അലങ്കരിക്കുക.