കാലറി വളരെ കുറവ്, ബുദ്ധി ഇനി റോക്കറ്റ് പോലെയാകട്ടെ, മാതളനാരങ്ങ കൊണ്ട് ഇങ്ങനെയൊരു ഐറ്റമോ?
Mail This Article
മാതളനാരങ്ങയുടെ, രക്തത്തുള്ളികള്‍ പോലെ കാണുന്ന കുഞ്ഞല്ലികള്‍ അടര്‍ത്തിയെടുത്ത് സാലഡിലും ജൂസായുമെല്ലാം നമ്മള്‍ കഴിക്കാറുണ്ട്. വളരെ രുചികരവും പോഷകസമൃദ്ധവുമായ പഴങ്ങളില്‍ ഒന്നാണ് ഇത്. ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്‍റിഓക്‌സിഡന്റായ എലാജിറ്റാനിൻസ് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു. ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ എന്നിവയും ഇതിലുണ്ട്. പ്രമേഹരോഗികള്‍ക്ക് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം ഇത് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇതേപോലെ, തന്നെ മിതമായ അളവില്‍ കഴിച്ചാല്‍ വളരെയേറെ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഉയർന്ന കൊക്കോ ഉള്ളടക്കവും (75 ശതമാനമോ അതിൽ കൂടുതലോ) കുറഞ്ഞ പഞ്ചസാരയും ഉള്ള ഡാര്‍ക്ക് ചോക്ലേറ്റ് സാധാരണയായി തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും ആന്‍റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ശ്രദ്ധയും ഓർമ്മശക്തിയും വർധിപ്പിക്കാനും മസ്തിഷ്കത്തിലെ എൻഡോർഫിൻ, സെറോടോണിൻ എന്നിവയുടെ ഉൽപാദനത്തെ ഉത്തേജിപ്പിച്ച് സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു.
മാതളനാരങ്ങയും ഡാര്‍ക്ക് ചോക്ലേറ്റും ചേര്‍ത്ത് അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ? ഒളിവിയ റോബര്‍ട്ട്സണ്‍ എന്ന വ്ളോഗര്‍ പങ്കുവച്ച ഈ വീഡിയോയില്‍, രുചികരമായ മാതളനാരങ്ങ ചോക്ലേറ്റ് ബാര്‍ ഉണ്ടാക്കുന്നത് കാണാം. കാലറി വളരെ കുറഞ്ഞ ഈ സ്നാക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ
1 മാതളനാരങ്ങ അല്ലികളാക്കിയത്
1/2 കപ്പ് ഡാർക്ക് ചോക്ലേറ്റ് ചിപ്‌സ്
1 ടീസ്പൂൺ വെളിച്ചെണ്ണ
ഉപ്പ് (ഓപ്ഷണൽ)
ഉണ്ടാക്കുന്ന വിധം
- ഒരു വലിയ പാത്രത്തിൽ മാതളനാരങ്ങ അല്ലികള്‍ ഇടുക.
- ഒരു ഡബിൾ ബോയിലർ ഉപയോഗിച്ച് ചോക്കലേറ്റും വെളിച്ചെണ്ണയും ചേര്‍ത്ത് ഉരുക്കിയെടുക്കുക. ഉരുകിയ ചോക്കലേറ്റ് മാതളനാരങ്ങ വിത്തുകള്‍ക്ക് മുകളിൽ ഒഴിച്ച് ഇളക്കുക.
- ഇത് ഒരു ട്രേയിലേക്ക് മാറ്റി നേർത്ത പാളിയായി പരത്തുക. ആവശ്യമെങ്കില്‍, മുകളില്‍ ഉപ്പ് വിതറി ഏകദേശം 30 മിനിറ്റ് അല്ലെങ്കിൽ സെറ്റ് ആകുന്നത് വരെ ഫ്രിജിൽ സൂക്ഷിക്കുക.