വടാപാവ് പ്രേമികളുടെ മുഴുവൻ രോഷവും ഏറ്റുവാങ്ങിയ ട്രെൻഡിങ് ഐറ്റം
Mail This Article
മഹാരാഷ്ട്രയാണ് ജന്മദേശമെങ്കിലും വടാപാവിന് ലോകം മുഴുവനും ആരാധകരുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കര്‍ക്ക് പോലും പ്രിയപ്പെട്ട ഈ ഭക്ഷണം മുംബൈ തെരുവോര കടകളിലെ രാജാവാണ്. ഈയിടെ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിലും വടാപാവ് ഇടംപിടിച്ചു.
പ്ലേറ്റിനു പത്തോ ഇരുപതോ രൂപ വരുന്ന വടാപാവ്, പാവപ്പെട്ടവരുടെ ഭക്ഷണമായാണ് കണക്കാക്കുന്നത്. എങ്കിലും ഇന്ത്യയിലുടനീളമുള്ള ഭക്ഷണ സ്റ്റാളുകളിലും റെസ്റ്റോറന്റുകളിലുമെല്ലാം 'ബോംബെ ബർഗർ' എന്നറിയപ്പെടുന്ന വടാപാവ് താരമാണ്. ബ്രെഡ് ബണ്ണിന്‍റെ (പാവ്) നടുക്ക് വട വെച്ച്, സാൻഡ്‌വിച്ച് പോലെ ആക്കിയാണ് വടാപാവ് തയ്യാറാക്കുന്നത്. ഇതിനൊപ്പം മുളകുപൊടിയും, പച്ചമുളകും, കൂടാതെ, പുതിനയും മല്ലിയിലയും ചേർത്തുണ്ടാക്കിയ എരിവുള്ള പച്ച ചട്നിയുമെല്ലാം ഉണ്ടാകും.
2017 ലെ ഏറ്റവും രുചികരമായ ഭക്ഷണമായി ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും പാചക കോളമിസ്റ്റുമായ നിഗല്ല ലോസൺ തിരഞ്ഞെടുത്തത് വടാപാവിനെയായിരുന്നു. എന്നാലിതാ, വടാപാവ് പ്രേമികളുടെ മുഴുവന്‍ രോഷവും ഏറ്റുവാങ്ങിക്കൊണ്ട് ഇന്‍റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ് അഹമ്മദാബാദില്‍ നിന്നുള്ള ഫുഡ് വ്ളോഗർ ത്രിവേദി മയൂർ പകർത്തിയ വടാപാവ് വീഡിയോ.
ഇത് വെറുമൊരു വടാപാവ് അല്ല. ഉള്ളില്‍ വടയ്ക്ക് പകരം ഐസ്ക്രീം വെച്ചാണ് ഇത് തയ്യാറാക്കുന്നത്. വട നടുകെ കീറി, അതിലേക്ക് ഒരു സ്കൂപ്പ് ഐസ്ക്രീം വയ്ക്കുന്നു. പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് ഈ വട വച്ച് രണ്ടു വശവും നന്നായി പൊരിച്ചെടുക്കുന്നു. ഇത് പ്ലേറ്റിലേക്ക് മാറ്റുന്നു. ഈ വടാപാവ് പിളര്‍ത്തി നോക്കിയാല്‍ ഐസ്ക്രീം ഉരുകി പോകാതെ ക്രീം പോലെ നില്‍ക്കുന്നത് കാണാം. ഇതെന്താണ് ഇങ്ങനെ എന്ന് ഒട്ടേറെ ആളുകള്‍ കമന്‍റില്‍ ചോദിച്ചു.
ഇതുവരെ ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്. "മുഴുവൻ ഗുജറാത്തി സമൂഹത്തിനും വേണ്ടി ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു" എന്ന രീതിയിലുള്ള രസകരമായ ഒട്ടേറെ കമന്‍റുകളും ഇതിനടിയില്‍ കാണാം.