ADVERTISEMENT

ആരോഗ്യകരമായ ജീവിതത്തിന് തൈര് വളരെ വളരെ പ്രധാനമാണ്. കാരണം, കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പ്രോ ബയോട്ടിക്സിന്റെ മികച്ച ഉറവിടമാണ് തൈര്. ഉച്ചയ്ക്ക് ഊണിനൊപ്പം തൈര് അല്ലെങ്കിൽ മോര് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ, തണുപ്പുകാലമാകുന്നതോടെ പലരും തൈരിൽ നിന്ന് ഒരു അകലം പാലിച്ചു തുടങ്ങും. തൈര് തണുപ്പായതു കൊണ്ടു തന്നെ ശൈത്യകാലത്ത് കഴിക്കരുതെന്ന് ആയുർവേദവും നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ, തണുപ്പുകാലത്ത് മുറിയുടെ താപനിലയിലുള്ള തൈര് കഴിക്കുന്നതു കൊണ്ട് ഗുണം മാത്രമേ ഉള്ളൂവെന്നും ഭക്ഷണക്രമത്തിൽ തൈര് ചേർക്കുന്നത് നല്ലതാണെന്നുമാണ് ന്യൂട്രിഷനിസ്റ്റുകളുടെ വാദം.

തണുപ്പുകാലത്ത് തൈര് കഴിക്കുന്നതിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം അടിപൊളിയായി സംരക്ഷിക്കാം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും മികച്ച ദഹനത്തിനും തൈര് കഴിക്കുന്നത് നല്ലതാണ്. എന്നാൽ, തണുപ്പ് കാലത്ത് തൈര് കഴിച്ചാൽ അത് ജലദോഷം പോലെയുള്ള അസ്വസ്ഥതകൾക്ക് കാരണമാകുമെന്നാണ് ആയുർവേദം പറയുന്നത്. എന്നാൽ, തൈര് കഴിക്കുന്നതിൽ ഒന്ന് ശ്രദ്ധിച്ചാൽ അസുഖങ്ങൾ ഒന്നും വരില്ലെന്ന് മാത്രമല്ല ശൈത്യകാലത്ത് മികച്ച രീതിയിൽ ആരോഗ്യം കാത്തു സൂക്ഷിക്കുകയും ചെയ്യാം.

2479209939
Image credit: Sea Wave/Shutterstock

ഒരു മികച്ച പ്രോബയോട്ടിക് ആയതിനാൽ കുടലിന്റെ ആരോഗ്യസംരക്ഷണത്തിന് ഭക്ഷണത്തിന് ഒപ്പം തൈര് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം മികച്ച പോഷകഗുണം നൽകുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനാൽ തന്നെ ശൈത്യകാലത്ത് സാധാരണമായ ജലദോഷവും പനിയും വരുന്നത് തടയുകയും ചെയ്യും. ചർമസംരക്ഷണത്തിനും തൈര് മികച്ചതാണ്. സ്ഥിരമായി തൈര് കഴിക്കുന്നത് ശൈത്യകാലത്ത് ചർമം വരളുന്നത് തടയും.

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് തൈര്. വൈറ്റമിൻ ബി 2, വൈറ്റമിൻ ബി 12, വൈറ്റമിൻ ബി 5, വൈറ്റമിൻ ഡി, ഫോളിക് ആസിഡ് എന്നിവ തൈരിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നീ പോഷകഗുണങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ നല്ലൊരു സ്രോതസ് കൂടിയാണ് തൈര്. ഇത്രയും ഗുണങ്ങളുള്ള തൈര് ശൈത്യകാലത്ത് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കരുത്. പകരം ഏതൊക്കെ രീതിയിൽ തൈര് കഴിക്കാം എന്ന് നോക്കാം. 

yogurt-Valentyn-Volkov-Shutterstoc

സീസണൽ പഴങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന സ്മൂത്തികളിൽ തൈര് ചേർത്ത് ഉപയോഗിക്കാം. കൂടാതെ തേൻ, കറുവപ്പട്ട, ജാതിക്ക എന്നീ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് അതിൽ തൈര് മിക്സ് ചെയ്തും ഉപയോഗിക്കാം. രുചികരമാണ് എന്നതിനൊപ്പം വളരെ പോഷകഗുണമുള്ള ഒന്ന് കൂടിയാണ് ഇത്തരത്തിലുള്ള സ്മൂത്തികൾ.

തൈര് സാദമാണ് മറ്റൊരു വിഭവം. തമിഴ്നാട്ടിൽ ഒക്കെ ജോലി ചെയ്തിട്ടുള്ളവർക്ക് അവരുടെ ആഹാര രീതിയുടെ ഭാഗമാണ് തൈര് സാദം. ജീരകം, കടുക് എന്നിവയൊക്കെ ചേർത്തുണ്ടാക്കുന്ന തൈര് സാദം തണുപ്പുകാലത്ത് കഴിക്കാൻ പറ്റിയ പോഷകസമ്പുഷ്ടമായ നല്ലൊരു ഭക്ഷണമാണ്.

സൂപ്പുകൾക്ക് ഒപ്പം ചേർത്തും തൈര് കഴിക്കാവുന്നതാണ്. തക്കാളി സൂപ്പ്, പരിപ്പ് സൂപ്പ് എന്നിവ തണുപ്പുകാലത്ത് സാധാരണഗതിയിൽ ഉപയോഗിക്കുന്ന സൂപ്പുകളാണ്. ഇത്തരം സൂപ്പുകളിൽ തൈര് ഉപയോഗിക്കുന്നത് രുചി വർദ്ധിപ്പിക്കുന്നതിന് ഒപ്പം ഭക്ഷണത്തിന് പ്രോബയോട്ടിക് ഗുണങ്ങൾ നൽകുകയും ചെയ്യും.

ബ്രഡിനൊപ്പവും സലാഡിന് ഒപ്പവും മറ്റും ഉപയോഗിക്കാൻ കഴിയുന്ന ഡിപ്പുകൾ തണുപ്പുകാലത്ത് തൈര് കൊണ്ട് ഉണ്ടാക്കാം. തൈര്, വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ് ഇത്തരത്തിലുള്ള ഡിപ്പുകൾ തയ്യാറാക്കുക. ചൂടാക്കിയ ബ്രഡിനൊപ്പം ഇത് ഉപയോഗിക്കാം. തണുപ്പുകാലത്ത് ലഭിക്കുന്ന പച്ചക്കറികൾക്ക് ഒപ്പവും ഇത് ഉപയോഗിക്കാം. തൈരിനൊപ്പം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഇഞ്ചി, തേൻ, എന്നിവ ചേർത്ത് മസാല ലസ്സി തയാറാക്കാം. രുചികരമാണ് എന്നതിനൊപ്പം തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ് മസ്സാല ലസ്സി.

English Summary:

Winter Wellness Yogurt Recipes Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com