പച്ച അല്ലെങ്കിൽ പർപ്പിൾ കാബേജ്, ഏതാണ് കൂടുതല്‍ നല്ലത്?
Mail This Article
ലോകമെങ്ങും കിട്ടുന്ന പച്ചക്കറികളില്‍ ഒന്നാണ് കാബേജ്. എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന കാബേജ് പച്ചയ്ക്കോ വേവിച്ചോ കഴിക്കാം. കാലറി വളരെ കുറവായതിനാല്‍ തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് വളരെ പ്രയോജനകരമാണ് ഇത്. മാത്രമല്ല, പ്രധാനപ്പെട്ട ഒട്ടേറെ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
പലതരം കാബേജുകൾ വിപണിയിൽ ലഭ്യമാണ്. സാധാരണയായി പച്ചയും പര്‍പ്പിളും നിറങ്ങളില്‍ ഉള്ള കാബേജുകള്‍ ആണ് കാണാറുള്ളത്. പച്ചയേക്കാള്‍ പല മടങ്ങ് വിലയുണ്ട് പര്‍പ്പിള്‍ കാബേജിന്. കാണാനും നല്ല ഭംഗിയാണ് ഇത്. ഇക്കാര്യങ്ങള്‍ ഒഴിച്ചാല്‍, വിലയ്ക്കൊത്ത ഗുണമുള്ള ഒന്നാണോ പര്‍പ്പിള്‍ കാബേജ്?
∙ രുചിയും രൂപവും
പച്ച കാബേജിന് നേരിയ മധുരമുള്ള രുചിയാണ് ഉള്ളത് . പര്‍പ്പിള്‍ കാബേജിനാകട്ടെ, ചെറിയ ചവര്‍പ്പും മണ്ണിന്‍റെ രുചിയും കാണും. ഇളം പച്ച മുതല്‍ ഇളംമഞ്ഞ വരെയാണ് പച്ച കാബേജിന്‍റെ നിറമെങ്കില്‍ പര്‍പ്പിള്‍ മുതല്‍ ചുവപ്പ് വരെയാണ് പര്‍പ്പിള്‍ കാബേജിന്‍റെ നിറം വരുന്നത്. മണ്ണിൻ്റെ pH നെ ആശ്രയിച്ച് നിറം വ്യത്യാസപ്പെടുന്നു. ആല്‍ക്കലൈന്‍ ഗുണമുള്ള മണ്ണ് ആണെങ്കില്‍ കൂടുതല്‍ നീല കലര്‍ന്ന നിറവും അസിഡിറ്റി കൂടുതല്‍ ഉള്ള മണ്ണില്‍ വളരുന്ന കാബേജിന് കൂടുതല്‍ ചുവപ്പ് കലര്‍ന്ന നിറവും കാണപ്പെടുന്നു.
∙ പോഷകഗുണങ്ങള്‍ ഒരുപോലെയല്ല
രണ്ട് ഇനങ്ങളും പോഷക സമൃദ്ധമാണെങ്കിലും, പര്‍പ്പിള്‍ കാബേജില്‍ ചില പോഷകങ്ങള്‍ അല്‍പ്പം കൂടുതലാണ്. ചുവന്ന കാബേജ്, ആൻ്റിഓക്‌സിഡൻ്റുകൾ (പ്രത്യേകിച്ച് ആന്തോസയാനിനുകൾ), വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്. ക്യാൻസറിനെ ചെറുക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും ആന്തോസയാനിനുകൾ സഹായിക്കുന്നു.
നൂറു ഗ്രാം പച്ച കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്, അതേ സമയം പര്‍പ്പിള്‍ കാബേജില്‍ 57 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യത്തിന്‍റെ അളവും പര്‍പ്പിള്‍ കാബേജില്‍ കൂടുതലാണ്. നൂറു ഗ്രാമില്‍ 216 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, പച്ച കാബേജിലാകട്ടെ, ഇത് 170 മില്ലിഗ്രാം ആണ്. എന്നാല്‍ വിറ്റാമിന്‍ കെ പച്ച കാബേജില്‍ ആണ് കൂടുതല്‍, 76 എം.സി.ജി വിറ്റാമിന്‍ കെ ഇതിലുണ്ട്, പര്‍പ്പിള്‍ കാബേജില്‍ ഇത് 67 എംസിജി ആണ്.
കൂടാതെ, ചുവന്ന കാബേജിൽ പച്ചയിലേക്കാൾ 10 മടങ്ങ് വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പര്‍പ്പിള്‍ കാബേജില്‍ പ്രതിദിനം വേണ്ട വിറ്റാമിൻ എയുടെ 33 ശതമാനം ഉണ്ട്. പച്ച കാബേജില്‍ 3 ശതമാനം മാത്രമേയുള്ളൂ.
∙കാബേജ് സൂക്ഷിക്കാം
അത്ര പെട്ടെന്നൊന്നും കാബേജ് കേടാവില്ല. എന്നിരുന്നാലും പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കാബേജ് ശരിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനായി കാബേജ് ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്ജിലെ ക്രിസ്പർ ഡ്രോയറിൽ വയ്ക്കുക. ഈ രീതിയിൽ സംഭരിച്ചാൽ കാബേജ് രണ്ട് മാസം വരെ കേടാകാതെ നില്‍ക്കും.