കണ്ടാൽ തക്കാളി പോലെ, തേനൂറും മധുരം; ഇതാണ് ദൈവങ്ങളുടെ പഴം
Mail This Article
കണ്ടാല്‍ ഓറഞ്ച് നിറമുള്ള ഒരു തക്കാളി പോലെയിരിക്കും. ഉള്ളിലാണെങ്കിലോ, അതിമധുരമൂറുന്ന കാമ്പ്. കഴിച്ചുനോക്കിയാല്‍ പനനൊങ്കിന്‍റെ രുചി ഓര്‍മ വരും. ഇവനാണ് കാക്കിപ്പഴം. കാക്കപ്പനച്ചിപ്പഴം. കാക്കപ്പഴം, കാക്കത്തിന്നിപ്പനച്ചി, കാകതിന്ദുകം, തമ്പിൽപ്പഴം എന്നും ചിലയിടങ്ങളിൽ ഇതിനു പേരുണ്ട്. കേരളത്തില്‍ കൃഷി ചെയ്യുന്നില്ലെങ്കിലും ഈയിടെയായി നമ്മുടെ നാട്ടിലെ കടകളില്‍ ഈ പഴം ധാരാളമായി കാണാം.
പെഴ്സിമെൻ വിഭാഗത്തില്‍പ്പെട്ട പഴങ്ങളില്‍ ഒന്നാണ് കാക്കിപ്പഴം. പെഴ്സിമെൻ കുടുംബത്തില്‍ കായ്ക്കുന്ന ഒട്ടേറെ മരങ്ങള്‍ ഉണ്ടെങ്കിലും ചിലയിനങ്ങള്‍ മാത്രമാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ കാക്കിപ്പഴം കൃഷി ചെയ്തിരുന്നതായി ചരിത്രമുണ്ട്. ഇപ്പോൾ ലോകമെമ്പാടും കാക്കിപ്പഴക്കൃഷി വ്യാപിച്ചിട്ടുണ്ടെങ്കിലും ചൈന, ജപ്പാൻ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് വ്യാപകമായി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്.
ചൈനയിലും ജപ്പാനിലും കാണപ്പെടുന്ന മധുരമുള്ള പെഴ്സിമെൻ ഇനം പിന്നീട് അമേരിക്കയിലും യൂറോപ്പിലും എത്തി. ഇന്ന് എറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പെഴ്സിമെൻ ഇനമാണിത്. ജപ്പാനിൽ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന 'ഹാച്ചിയ' എന്ന ഇനമാകട്ടെ, പച്ചയായിരിക്കുമ്പോള്‍ വായില്‍ വയ്ക്കാന്‍ പറ്റില്ല, നല്ല ചവര്‍പ്പും കയ്പ്പും ഉള്ള ഈയിനം പഴുത്തുകഴിഞ്ഞാല്‍ പക്ഷേ, അതീവരുചികരമാണ്.
തെക്കുപടിഞ്ഞാറൻ ഏഷ്യയിലും തെക്കുകിഴക്കൻ യൂറോപ്പിലും തദ്ദേശീയമായി വളരുന്ന ഈന്തപ്പെഴ്സിമെൻ (Date-plum) അതിമധുരമുള്ളതാണ്. പുരാതന ഗ്രീക്കുകാർക്കിടയിൽ ഇത് ദൈവങ്ങളുടെ പഴം, പ്രകൃതിയുടെ കൽക്കണ്ടം എന്നൊക്കെയാണ് വിളിക്കപ്പെടുന്നത്. ഹോമറുടെ ഓഡീസിയിൽ ഒഡീസിയസിന്‍റെ കൂടെയുള്ള നാവികരെ മോഹിപ്പിച്ച മധുരഫലം ഇതായിരുന്നു എന്നും കരുതപ്പെടുന്നു.
ഇന്ത്യയില്‍ ജമ്മു കശ്മീർ, തമിഴ്നാട്ടിലെ കൂനൂർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കാക്കിപ്പഴം കൃഷി ചെയ്തുവരുന്നു. മെയ് മുതൽ ജൂൺ വരെയുള്ള കാലത്ത് പൂക്കുന്ന മരങ്ങള്‍, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ വിളവെടുക്കാം.
തയാമിൻ (ബി1), റൈബോഫ്ലേവിൻ (ബി2), ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിൻ എ എന്നിവയുടെ നല്ല ഉറവിടമാണ് കാക്കിപ്പഴം. വിറ്റാമിനുകളും ധാതുക്കളും കൂടാതെ, ഇവയില്‍ ടാന്നിൻസ്, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ഗുണകരമായ സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
കാക്കിപ്പഴം കൊണ്ട് രുചികരമായ ഡിസര്‍ട്ട് തയാറാക്കാം
പോഷകസമൃദ്ധമായ കാക്കിപ്പഴം ഉപയോഗിച്ച് ഡിസര്‍ട്ട് ഉണ്ടാക്കാം. അതിനായി ആദ്യം നന്നായി പഴുത്ത നാലു കാക്കിപ്പഴം എടുക്കുക. ഇതു നടുവേ മുറിച്ച് പുറമെയുള്ള തൊലി നീക്കം ചെയ്യുക. ഇത് ഒരു ബ്ലെന്‍ഡറില്‍ ഇട്ടു നാലു ടേബിള്‍സ്പൂണ്‍ കൊക്കോ പൗഡര്‍ ചേര്‍ത്ത് അടിച്ചെടുക്കുക.
ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഫ്രിജില്‍ വച്ച് തണുപ്പിക്കുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് എടുത്ത് കഴിക്കാം. ആവശ്യമെങ്കില്‍ മേപ്പിള്‍ സിറപ്പ്, യോഗര്‍ട്ട്, ചോക്ലേറ്റ് ചിപ്സ് മുതലായവ കൂടി മുകളില്‍ തൂവാം.