'വൗ, എനിക്ക് ഇത് ഇഷ്ടപ്പെട്ടു', ഇന്ത്യൻ ഡെസേർട്ട് ആണോയെന്ന് കൊറിയൻ ടൂറിസ്റ്റ്
Mail This Article
യാത്രകളിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഭക്ഷണവും. ഓരോ രാജ്യത്തേക്കും ദേശത്തേക്കും യാത്ര പോകുമ്പോൾ ആ നാട്ടിലെ ഭക്ഷണരുചികൾ അറിയാൻ താൽപര്യമുള്ളവരാണ് നമ്മൾ ഓരോരുത്തരും. വ്യത്യസ്തമായ രുചികൾ യാത്രയുടെ ഭാഗവുമാണ്. ഇന്ത്യയിലേക്ക് എത്തിയ ഒരു കൊറിയൻ സഞ്ചാരി ഈ നാട്ടിലെ ഭക്ഷണവൈവിധ്യങ്ങൾ അറിയാൻ നടത്തിയ ശ്രമത്തിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊറിയൻ വ്ലോഗറും സഞ്ചാരിയുമായ കെല്ലി കൊറിയ ആണ് ഗുലാബ് ജാമുൻ കഴിച്ച സന്തോഷം തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ പങ്കുവച്ചത്.
ഇന്ത്യൻ സംസ്കാരത്തിൽ ഗുലാബ് ജാമുൻ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. ഉത്സവങ്ങളിലും വിവാഹങ്ങളിലും ആഘോഷങ്ങളിലും എല്ലാം മധുരത്തിന്റെ സാന്നിധ്യമായി എപ്പോഴും ഗുലാബ് ജാമുൻ ഉണ്ടായിരിക്കും. ആദ്യമായി ഗുലാബ് ജാമുൻ കഴിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് കൊറിയയിൽ നിന്നുള്ള വ്ലോഗറായ കെല്ലി പങ്കുവച്ചത്. നിമിഷനേരം കൊണ്ട് തന്നെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
ഗുലാബ് ജാമുൻ ഒരു ചെറിയ കോപ്പയിലാണ് കെല്ലിക്ക് ലഭിച്ചത്. ഒപ്പം ഒരു സ്പൂണും ഉണ്ടായിരുന്നു. 'ഇത് എന്താണ്, ഇത്ര വലുത്' എന്ന് കെല്ലി ചോദിക്കുന്നുണ്ട്. അപ്പോൾ സമീപത്തുള്ള ഒരാൾ അത് മുറിച്ചു വേണം കഴിക്കാനെന്ന് പറയുന്നു. തുടർന്ന് സ്പൂൺ കൊണ്ട് കെല്ലി ഗുലാബ് ജാമുൻ മുറിക്കുന്നു. ഗുലാബ് ജാമുൻ മുറിക്കുന്ന സമയത്താണ് അത് വളരെയേറെ മാർദ്ദവമുള്ളതാണെന്ന് കെല്ലിക്ക് മനസിലാകുന്നത്.
രണ്ടായി മുറിച്ചതിനു ശേഷം ഒരു പങ്ക് വായിലേക്ക് വെയ്ക്കുന്നു. ഒരു ചെറിയ ഭാഗം കഴിച്ച് കഴിയുമ്പോൾ വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് കെല്ലിയുടെ പ്രതികരണം. മൃദുവാണെന്നും ഒത്തിരി ഇഷ്ടമായെന്നും പറയുന്നു കെല്ലി. ഇത് ഇന്ത്യൻ ഡെസേർട്ട് ആണോയെന്ന് ചോദിക്കുമ്പോൾ ഒരാൾ അതേയെന്ന് മറുപടി നൽകുന്നുണ്ട്. ഏതായാലും നമുക്ക് വളരെ ഇഷ്ടമുള്ള ഗുലാബ് ജാമുൻ കൊറിയക്കാർക്കും ഇഷ്ടപ്പെട്ടെന്ന് ചുരുക്കം.