വന്ദേഭാരതും രാജധാനിയും ഇനി വേറെ ലെവൽ; പ്രമേഹമുള്ളവർക്ക് പ്രത്യേക ഭക്ഷണം
Mail This Article
ഒരു യാത്ര പോകുമ്പോൾ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പ്രമേഹം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. കാരണം ഭക്ഷണത്തിൽ വളരെ നിബന്ധനകളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും യാത്രയിൽ അതൊന്നും പാലിക്കാൻ കഴിയാറില്ല. എന്നാൽ, അത്തരക്കാർ ഇനി ധൈര്യമായി യാത്ര പോകാൻ ഒരുങ്ങിക്കോളൂ.
പ്രമേഹമുള്ളവർക്ക് പ്രത്യേക ഭക്ഷണം ഒരുക്കിയിരിക്കുകയാണ് വന്ദേഭാരത്, രാജധാനി പോലെയുള്ള പ്രീമിയം ട്രെയിനുകൾ. യാത്രകളിൽ പ്രമേഹബാധിതർ നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ നടപടികൾ സ്വീകരിച്ചത്.
ഇതിന്റെ ആദ്യപടിയായി പ്രീമിയം ട്രെയിനുകളിലാണ് പ്രമേഹബാധിതർക്കായി പ്രത്യേക ഭക്ഷണം ഒരുങ്ങുക. വന്ദേഭാരത്, രാജധാനി പോലെയുള്ള പ്രീമിയം ട്രയിനുകളിൽ ഇതുവരെ സസ്യ(വെജ്), സസ്യേതര (നോൺ വെജ്) ആഹാരങ്ങളാണ് യാത്രക്കാർക്ക് നൽകിയിരുന്നത്. എന്നാൽ, പുതിയ തീരുമാനത്തിന്റെ ഭാഗമായി പ്രമേഹരോഗമുള്ളവർക്ക് അതിന് അനുയോജ്യമായ ഭക്ഷണവും ലഭിക്കും. യാത്രയ്ക്ക് ആവശ്യമായ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ അവരവർക്ക് ആവശ്യമുള്ള ഭക്ഷണത്തിന്റെ ഓർഡർ നൽകാനുള്ള സൌകര്യവും ഉണ്ടായിരിക്കും. ഈ സൌകര്യം ഉപയോഗിച്ച് യാത്രക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്.
സസ്യ, സസ്യേതര ഭക്ഷണമാണ് നിലവിൽ ട്രയിനുകളിൽ യാത്രക്കാർക്ക് ഓർഡർ ചെയ്യാൻ കഴിയുന്നത്. എന്നാൽ, പ്രമേഹബാധിതർക്കുള്ള ഭക്ഷണക്രമം കൂടി വന്നതോടെ അവർക്കുള്ള സസ്യ, സസ്യേതര ഭക്ഷണവും ഓർഡർ ചെയ്യാം. ജൈനമതക്കാർക്കുള്ള ഭക്ഷണക്രമവും പ്രീമിയം ട്രയിനുകളിൽ ലഭ്യമാണ്. ഇത് കൂടാതെ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയവയും യാത്രക്കാരുടെ തിരഞ്ഞെടുപ്പിന് അടിസ്ഥാനമാക്കി നൽകും.
ഇത്തരം ട്രെയിനുകളിൽ ഭക്ഷണത്തിന്റെ തുക യാത്രക്കാരുടെ യാത്രാചാർജിനൊപ്പം തന്നെ ഈടാക്കുന്നതാണ്. ഐ ആർ സി ടി സി ആയിരിക്കും ഏതൊക്കെ ഭക്ഷണമെന്നത് തീരുമാനിക്കുക.