കറുത്ത പ്ലാസ്റ്റിക് സ്പൂണും തവിയും നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കാം
Mail This Article
കറുത്ത നിറമുള്ള അടുക്കള പാത്രങ്ങളും സ്പൂണും തവിയുമെല്ലാം കാണാന്‍ വളരെ മനോഹരമാണ്. ഇവ ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദവും വൃത്തിയാക്കാന്‍ എളുപ്പവുമാണ്. എന്നാല്‍ ഇവ ആരോഗ്യത്തിന് വളരെയധികം ഹാനികരമാണ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ടോക്‌സിക് ഫ്രീ ഫ്യൂച്ചർ, വ്രിജെ യൂണിവേഴ്‌സിറ്റി ആംസ്റ്റർഡാം എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ യുഎസിൽ നടത്തിയ പഠനത്തിൽ, കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച വിവിധ ഗാർഹിക ഉൽപന്നങ്ങളിൽ കാൻസറിന് കാരണമാകുന്നതും ഹോർമോൺ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതുമായ ഫ്ലെയിം റിട്ടാർഡൻ്റുകളുടെ സാന്നിധ്യം കണ്ടെത്തി.
തീ പടരുന്നത് സാവധാനത്തിലാക്കുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഫ്ലെയിം റിട്ടാർഡൻ്റുകള്‍. ഫർണിച്ചർ, ഇലക്ട്രോണിക്സ്, നിർമാണ സാമഗ്രികൾ, പ്ലാസ്റ്റിക്, ടെക്സ്റ്റൈൽസ്, ഗതാഗത ഉപകരണങ്ങൾ തുടങ്ങിയവയിലെല്ലാം ഇവ ചേര്‍ക്കുന്നത് സാധാരണമാണ്. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന മറ്റ് പ്ലാസ്റ്റിക് ഇനങ്ങൾ, അടുക്കള പാത്രങ്ങൾ, കറുത്ത പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിവ പോലുള്ള ദൈനംദിന ഇനങ്ങളിലും ഈ വിഷവസ്തുക്കള്‍ ഉണ്ടെന്നു ഗവേഷകര്‍ കണ്ടെത്തി.
ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ പലപ്പോഴും, വിഷാംശമുള്ള ഫ്ലെയിം റിട്ടാർഡൻ്റുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്. അടുക്കള പാത്രങ്ങൾ പോലുള്ള വീട്ടുപകരണങ്ങൾ നിർമിക്കാൻ ഇവ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നു. ഫ്ലെയിം റിട്ടാർഡൻ്റുകൾ അടങ്ങിയ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുമ്പോള്‍ അതിനു കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം വിഷ രാസവസ്തുക്കൾ കൂടുതലായി കാണുന്നത്.
കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, കറുത്ത പ്ലാസ്റ്റിക്കിൽ നിർമിച്ച 203 ഗാർഹിക ഉൽപ്പന്നങ്ങൾ പരീക്ഷിച്ചു. അവയിൽ 85% ത്തിലും വിഷമയമായ ഫ്ലെയിം റിട്ടാർഡന്റുകൾ ഉണ്ടായിരുന്നു. ഇവ നിര്‍മിക്കുന്ന ബ്രാൻഡുകളെയോ നിർമ്മാതാക്കളെയോ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല. സുഷി ട്രേ, സ്പാറ്റുല, ബീഡ് നെക്ലേസ് എന്നിവയിൽ ഉയർന്ന തോതിലുള്ള വിഷവസ്തുക്കള്‍ ഉണ്ടെന്നു പഠനത്തിൽ കണ്ടെത്തി.
കാന്‍സറിനു കാരണമാകുന്നതിന് പുറമേ, പ്രായപൂർത്തിയായ പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രവർത്തനത്തിലും പ്രത്യുൽപാദനക്ഷമതയിലും പ്രതികൂല ഫലങ്ങൾ ഇതുമൂലം ഉണ്ടാകാം. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. മാത്രമല്ല, കുട്ടികളില്‍ വളര്‍ച്ച, വികസനം എന്നിവ തടയാനും സ്വഭാവവൈകല്യങ്ങള്‍ക്കും ഈ വിഷവസ്തുക്കള്‍ കാരണമാകും എന്ന് പഠനം പറയുന്നു.