കറിവേപ്പില ആറുമാസം വരെ കേടാകാതെ വയ്ക്കാം, ഫ്രിജ് ഇല്ലാതെ വെള്ളം തണുപ്പിക്കാം; 2024ല് ഹിറ്റായ ട്രിക്കുകള്
Mail This Article
ചെറിയ ട്രിക്കുകളും എളുപ്പവഴികളുമാണ് അടുക്കളജോലികൾ എളുപ്പമുള്ളതാക്കി തീർക്കുന്നത്. കറിയിൽ ഉപ്പ്, എണ്ണ എന്നിവ കൂടിപ്പോയാൽ പച്ചക്കറികൾ ഫ്രെഷായി സൂക്ഷിക്കാൻ തുടങ്ങി നിരവധി ട്രിക്കുകളാണ് ഓരോ ദിവസവും അടുക്കളയിൽ പിറക്കുന്നത്. വീട്ടിലെ പരീക്ഷണശാലയേതെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ, അത് അടുക്കളയാണ്. വിജയിക്കുന്നതും പരാജയപ്പെടുന്നതുമായ നിരവധി പരീക്ഷണങ്ങളാണ് ഓരോ ദിവസവും അടുക്കളയിൽ നടക്കുന്നത്. 2024ൽ നിരവധി അടുക്കള ട്രിക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഭക്ഷണ പാകം ചെയ്യുന്നതിനും ഭക്ഷണം സൂക്ഷിക്കുന്നതിനും എല്ലാം ഇത്തരം ട്രിക്കുകൾ വളരെ ഉപകാരപ്രദമാണ്. ഫുഡ് ഹാക്കുകളുടെ ഒരു പ്രളയം തന്നെയായിരുന്നു 2024ൽ സോഷ്യൽ മീഡിയയിൽ. സമയം ലാഭിക്കുന്നതിനുള്ള നുറുങ്ങുകൾ മുതൽ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള നൂതന രീതികൾ വരെ ഈ ഹാക്കിലുണ്ട്. ഇത്തരത്തിലുള്ള ഹാക്കുകൾ മിക്കതും എളുപ്പമാണെന്ന് മാത്രമല്ല ഫലപ്രദമാണെന്നതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.
ചീസ് മുറിക്കാൻ ഡെന്റൽ ഫ്ലോസ്
മൃദുവായ ചീസ് മുറിക്കുക എന്നത് എപ്പോഴും കുഴപ്പം പിടിച്ച ഒരു ടാസ്ക് തന്നെയാണ്. ഒരു കത്തി ഉപയോഗിച്ച് ചീസ് മുറിക്കാൻ ശ്രമിച്ചാൽ പലപ്പോഴും അത് കൃത്യമല്ലാതാകുകയും സ്റ്റിക്കി ചീസ് ആകുകയും ചെയ്യും. ഇതിനിടയിൽ ആണ് ഡെന്റൽ ഫ്ലോസ് ഉപയോഗിച്ച് ചീസ് കട്ട് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വൈറലായത്. ഡെന്റൽ ഫ്ലോസിന്റെ ഒരു കഷണം എടുത്ത് കൈയിൽ മുറുകെ പിടിച്ച് ചീസ് മുറിക്കാൻ ഉപയോഗിക്കുക. ഇത് ചീസ് വളരെ വൃത്തിയായി മുറിക്കാൻ നിങ്ങളെ സഹായിക്കുന്നു. ചീസ് മുറിക്കാൻ ഒരു കത്തി ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ഇത് വളരെ വൃത്തിയുള്ളതാണ്.
അധികമായിട്ടുള്ള എണ്ണ നീക്കം ചെയ്യാം
കറിയിൽ എണ്ണ അൽപം കൂടിപ്പോയാൽ അത് എങ്ങനെ ഒഴിവാക്കുമെന്ന് തല പുകഞ്ഞ് ആലോചിക്കുന്നവരാണ് നമ്മൾ. കാരണം, ആരോഗ്യകാര്യത്തിൽ നമ്മൾ അത്രയധികം ശ്രദ്ധിക്കുന്നുണ്ട് എന്നത് തന്നെ. അമിതമായി എണ്ണ ശരീരത്തിലേക്ക് ചെല്ലുന്നത് ഭാരം വർദ്ധിക്കുന്നതിനും കാരണമാകും. എന്നാൽ, വളരെ എളുപ്പത്തിൽ കറിയിൽ അമിതമായ എണ്ണ ഒഴിവാക്കാൻ ഒരു ട്രിക്കുണ്ട്. കറി ഏകദേശം പാകമാകുമ്പോൾ പാത്രത്തിന്റെ നടുഭാഗത്തായി ചെറിയൊരു പാത്രം വെയ്ക്കുക. കറി ഈ പാത്രത്തിന്റെ ചുറ്റുമായി വേണം വെയ്ക്കാൻ. പത്തു മിനിട്ട് മൂടിവെയ്ക്കുക. ആ സമയം കൊണ്ട് എണ്ണ പതിയെ നടുവിൽ ഇരിക്കുന്ന പാത്രത്തിന്റെ അടിഭാഗത്തേക്ക് ശേഖരിക്കപ്പെടും.
എണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ എളുപ്പവഴി
പാക്കറ്റുകളിൽ നിന്നോ കുപ്പികളിൽ നിന്നോ എണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നത് പലപ്പോഴും കുഴപ്പങ്ങളിൽ ചെന്ന് ചാടാറുണ്ട്. എണ്ണ നിലത്ത് തൂവുകയും പാത്രം മറിയുകയും ഒക്കെ ചെയ്യുന്നത് അധികമായ പണികളാണ് നൽകുന്നത്. എണ്ണ കുപ്പിയിലേക്ക് ഒഴിക്കുന്നതിന് മുമ്പ് കുപ്പിയിൽ ഒരു സ്പൂൺ വെയ്ക്കുക. പതിയെ ആ സ്പൂൺ ലക്ഷ്യമാക്കി എണ്ണ പകരുക. എണ്ണ കൃത്യമായി കുപ്പിയിലേക്ക് തന്നെ വീഴുന്നത് കാണാൻ സാധിക്കും.
റോളിംഗ് പിൻ ഇല്ലാതെ തന്നെ വൃത്താകൃതിയിലുള്ള പൂരി
വൃത്താകൃതിയിലുള്ള പൂരികൾ ഉണ്ടാക്കാൻ റോളിംഗ് പിൻ ഇല്ലാതെ തന്നെ സാധ്യമാണ്. ഒരു പ്ലാസ്റ്റിക് കവറിന്റെ ഭാഗവും ഒരു പാത്രവും ഉണ്ടെങ്കിൽ വൃത്താകൃതിയിലുള്ള പൂരികൾ അടിപൊളിയായി ലഭിക്കും. പൂരിക്കായി കുഴച്ച മാവ് ഒരു ചെറിയ ബോൾ പരുവത്തിലാക്കി രണ്ട് പ്ലാസ്റ്റിക് കവറുകൾക്കിടയിൽ ചെറിതായി പരത്തി വെയ്ക്കുക. അതിനു ശേഷം, പ്ലേറ്റ് പോലുള്ള പരന്ന എന്തെങ്കിലും ഉപയോഗിച്ച് നന്നായി അമർത്തുക. പൂരികൾ വൃത്താകൃതിയിൽ വൃത്തിയുള്ളതായി ലഭിക്കും.
പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ച് വയ്ക്കാം
ദീർഘനാളത്തേക്ക് പഴങ്ങളും പച്ചക്കറികളും സൂക്ഷിച്ച് വെക്കാൻ കഴിയുന്ന ഫുഡ് ഹാക്ക് ആണ് 2024ൽ ഏറ്റവും വൈറലായത്. ഫുഡ് വ്ലോഗർ അർമൻ അദംജാൻ ആണ് ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. തണ്ണിമത്തൻ ഫ്രിഡ്ജിൻ സൂക്ഷിക്കുകയാണെങ്കിൽ അത് ഒരു മാസം വരെ സൂക്ഷിക്കാൻ കഴിയും. മുന്തിരി സുഷിരങ്ങളുള്ള ഒരു സിപ് ലോക്ക് ബാഗിൽ വേണം സൂക്ഷിക്കാൻ. ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിച്ചാൽ നാലാഴ്ച വരെ ചീര പുതുമയോടെ ഇരിക്കും.
കറിവേപ്പില ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാം
എന്ത് വിഭവം ഉണ്ടാക്കുമ്പോഴും കറിവേപ്പില നമുക്ക് വളരെ പ്രധാനമാണ്. പക്ഷേ, കറിവേപ്പില വളരെ പെട്ടെന്ന് തന്നെ കേടാകും. ആറുമാസം വരെ കറിവേപ്പില നമുക്ക് സൂക്ഷിക്കാൻ കഴിയും. തണ്ടിൽ നിന്ന് ഇലകൾ എടുത്ത് ഐസ് ക്യൂബ് ട്രേയിൽ വെയ്ക്കുക. ഇലകൾ മുങ്ങാൻ വെള്ളം ചേർത്ത് ഫ്രീസ് ചെയ്യുക. ഫ്രീസ് ചെയ്തു കഴിഞ്ഞാൽ ഐസ് ക്യൂബുകൾ ഒരു സിപ് ലോക്ക് ബാഗിലാക്കി വെയ്ക്കുക. ആവശ്യാനുസരണം കറിവേപ്പില എടുത്ത് ഉപയോഗിക്കാവുന്നതാണ്.
വെള്ളം തണുപ്പിക്കുന്ന ഗ്രാമത്തിലെ റഫ്രിജറേറ്റർ
പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം നിറച്ച് അത് ഉപയോഗിച്ച് തന്നെ തണുപ്പിക്കാനും കഴിയും. ഇന്ത്യൻ ഗ്രാമത്തിലെ ഒരു റഫ്രിജറേറ്റർ ആണ് ഇൻ്റർനെറ്റിനെ പിടിച്ചു കുലുക്കിയത്. ഒരു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം നിറയ്ക്കുക. നനവുള്ള തുണിയിൽ പൊതിഞ്ഞ് കാറ്റുള്ള സ്ഥലത്ത് ഒരു മരക്കൊമ്പിൽ തൂക്കിയിടുക. 10 മുതൽ 15 മിനിറ്റു കൊണ്ട് കുപ്പിക്കുള്ളിലെ വെള്ളം തണുത്ത് കിട്ടും. വൈദ്യുതി ഉപയോഗിക്കാതെ തന്നെ വെള്ളം തണുപ്പിക്കാനുള്ള ഒരു മാർഗമാണ് ഇത്.
പ്രായോഗികതയും സർഗാത്മകതയും കൊണ്ടാണ് 2024ലെ ഈ ഫുഡ് ഹാക്കുകൾ വൈറലായത്. വരും വർഷങ്ങളിൽ ഇതിലും വലിയ ഫുഡ് ഹാക്കുകൾ ആണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്.