ചിയാ സീഡ്സ് ഉലുവവെള്ളത്തില് ചേർത്ത് ഇങ്ങനെയും കുടിക്കാം; ഇരട്ടി ഫലം നൽകും
Mail This Article
സൂപ്പര്‍ഫുഡുകളുടെ കൂട്ടത്തില്‍ പെടുത്തുന്ന രണ്ടു വിത്തുകളാണ് ചിയയും ഉലുവയും. ഇവയ്ക്ക് രണ്ടിനും അദ്ഭുതകരമായ ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ചിയ സീഡ്സ് വളരെ ഗുണകരമാണ്. ഉലുവയാകട്ടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പേരുകേട്ടതാണ്. ഇവ രണ്ടും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനു പുറമേ, ഒട്ടേറെ സൂക്ഷ്മപോഷകങ്ങളുടെ കലവറ കൂടിയാണ്.
ചിയയും ഉലുവയും വെള്ളത്തിൽ കുതിർത്ത് വെറും വയറ്റില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇവ രണ്ടും സാധാരണയായി വെവ്വേറെ കഴിക്കാറുണ്ട്. എന്നാല്‍ രണ്ടുംകൂടി ഒരുമിച്ച് കഴിക്കുന്നത് ഇരട്ടി ഫലം നല്‍കും. അതിനായി രാത്രിയില്‍ ഓരോ ടീസ്പൂണ്‍ വീതം ഉലുവയും ചിയ സീഡ്സും വെവ്വേറെ ഓരോ കപ്പ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. രാവിലെ ഉലുവ വെള്ളം ചെറുതായി ചൂടാക്കി അരിച്ചെടുക്കുക. ഇതിലേക്ക് കുതിര്‍ത്ത ചിയ വിത്തുകള്‍ ഇട്ടു ഇളക്കി കുടിക്കാം.
ഉലുവയിൽ ഗാലക്‌ടോമന്നൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ട്രൈഗോനെല്ലിൻ പോലുള്ള ആൽക്കലോയിഡുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു.
ചിയ വിത്തുകളുടെ ജെൽ പോലെയുള്ള സ്ഥിരത കാരണം, ഇതിന്‍റെ ദഹനം മന്ദഗതിയിലാണ് നടക്കുന്നത്. അതിനാല്‍ ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു. പ്രമേഹരോഗികൾക്കും, പ്രമേഹം തടയാൻ ശ്രമിക്കുന്നവർക്കും ഈ കോമ്പിനേഷൻ വളരെ പ്രയോജനകരമാണ്.
പ്രോട്ടീൻ, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ, ഊർജ്ജം വർദ്ധിപ്പിക്കുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ. ചിയ വിത്തുകളിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ദഹനവും ,ഇരുമ്പിന്റെ ആഗിരണവും മെച്ചപ്പെടുത്തി ഉലുവയും ഊർജ്ജനില കൂട്ടുന്നു. ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഉലുവ വിത്തുകൾ സഹായിക്കുന്നു.
കുതിർത്ത ചിയ വിത്തുകൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഉലുവയാകട്ടെ, വിഷവസ്തുക്കളെ പുറന്തള്ളുകയും കരളിൻ്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
ചിയ വിത്തിൽ ക്വെർസെറ്റിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, അതേസമയം ഉലുവയിൽ സന്ധി വേദന കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുകയും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ആൻ്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞതിനു ശേഷം ഒരു ടേബിൾ സ്പൂൺ ചിയാ സീഡ് ചേർക്കുക ഇത് നന്നായി ഇളക്കി കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഹണി കൂടി ചേർക്കാം ഇത് രാവിലെ വെറും വയറ്റിൽ ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി കുടിക്കുക. രണ്ടാഴ്‍ച കൊണ്ട് 6 കിലോ വരെ കുറക്കാം.
ചിയാ സീഡ് പുഡ്ഡിങ്
ചിയാ സീഡ് – 3 സ്പൂൺ
പാൽ– 1 ഗ്ലാസ്
തേന്‍– ഒരു സ്പൂൺ
മാമ്പഴം–1
ബദാം – ഒരു പിടി പൊടിച്ചത്
തയാറാക്കുന്ന വിധം
ഒരു ഗ്ലാസ് ജാറിൽ 3 സ്പൂൺ ചിയാ സീഡും 1 ഗ്ലാസ് നേർപ്പിച്ച് പാട നീക്കിയ പാലും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് ഫ്രിജിൽ വയ്ക്കാം. രാവിലെ ആകുമ്പോൾ നല്ല കട്ടിയുള്ള പരുവത്തിൽ കിട്ടും. അതിലേക്ക് സീസണിൽ ലഭിക്കുന്ന പഴങ്ങൾ ചേർക്കാം. ഇപ്പോൾ മാമ്പഴം ആണെങ്കിൽ ചെറുതായി അരിഞ്ഞ് പാലും ചിയാ സീഡും ചേർന്ന മിശ്രിതത്തിലേക്ക് ചേർക്കാം. അതിനുമുകളിലായി ബാക്കിയുള്ള ചീയാ സീഡും മാങ്ങാപഴവും ചേർത്ത് കൊടുക്കാം.
ഏറ്റവും മുകളിലായി ചെറുതായി പൊടിച്ച ബദാം അല്ലെങ്കിൽ പിസ്തയോ ചേർക്കാം. വളരെ പെട്ടെന്ന് തയാറാക്കാവുന്ന രുചിയൂറും വിഭവമാണിത്. മാങ്ങാ പഴത്തിന് പകരം റോബസ്റ്റ പഴമോ ആപ്പിളോ ചേർത്ത് പുഡ്ഡിങ് ഇങ്ങനെ തയാറാക്കാവുന്നതാണ്.