ഇങ്ങനെ ചായ ഉണ്ടാക്കുന്നത് തെറ്റാണോ? ശരിയായ രീതി ഇതോ!
Mail This Article
എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ചായ പതിവുള്ളവരാണ് മിക്കവരും. എന്നാൽ, ഈ ചായ പല വീടുകളിലും പല വിധത്തിലാണ് ഉണ്ടാകുന്നത് എന്ന് മാത്രം. അതുകൊണ്ടാണ് 'ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ' എന്ന ചോദ്യവുമായി പുലീക്കറിന്റെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഫുഡ് റീലുകളുമായി സജീവമായ അക്കൗണ്ടാണ് പ്രവാസിയായ സുൾഫീക്കറിന്റേത്. ഏതായാലും ചായ വിഡിയോയ്ക്ക് ഒരു ദിവസം കൊണ്ടു തന്നെ 3.9 മില്യൺ വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.
ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ എന്ന ചോദ്യത്തോടെയാണ് റീൽ ആരംഭിക്കുന്നത്. രുചിയും ഗുണവും മണവും കൂട്ടി ഒരു ചായ ഉണ്ടാക്കിയാലോ എന്ന് പറഞ്ഞ് രണ്ടു പേർക്കുള്ള ചായയുടെ അളവിലാണ് ചായ ഉണ്ടാക്കുന്നത്. 'ഒരു കപ്പ് വെള്ളം നന്നായി തിളച്ചതിന് ശേഷം രണ്ട് ടീസ്പൂൺ ചെറിയ തരികളായ തേയിലപ്പൊടികൾ ചേർത്ത് തീ ഓഫ് ചെയ്ത് ഏകദേശം ഒരു അഞ്ചു മിനിറ്റ് അടച്ച് വെക്കണം. അൽപാൽപമായി കടുപ്പം അരിച്ചിറങ്ങി കിട്ടുന്ന ഇതിലേക്കാണ് പാൽ ഉൾപ്പെടെയുള്ള മറ്റ് കൂട്ടുകൾ ചേർക്കേണ്ടത്.'
തുറന്നു വച്ചിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ഗ്ലൂക്കോസൈസ് എന്നിവയെല്ലാം ബാഷ്പീകരിച്ച് പോകുമെന്നും പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളറ് വെള്ളം മാത്രം ആയിരിക്കുമെന്നും പറയുന്നു പുലീക്കർ. 'ഇനി ഒരു കപ്പ് കൊഴുത്ത പാൽ തിളപ്പിച്ച് എടുക്കാം. ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ട് തിളപ്പിക്കരുത്. പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ രുചികളിൽ മാറ്റമുണ്ടാക്കും. ഇനി ഒരു കപ്പിലേക്ക് ഒന്നര ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് തേയിലവെള്ളം അരിച്ചൊഴിക്കാം. ഇതിലേക്ക് നന്നായി തിളച്ച പാൽ ചേർക്കണം. പാൽപ്പാട വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ ചായയ്ക്ക് വെണ്ണയുടെ രുചി ഉണ്ടാകും. ഇനി ഇത് നന്നായി അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകർത്താം. അവസാനം മുകളിലായിട്ട് ഓരോ ടേബിൾ സ്പൂൺ പാലും അൽപം തേയിലവെള്ളവും കൂടി ചേർത്ത് കഴിഞ്ഞാൽ കിടിലൻ ചായ റെഡി.' - പുലീക്കറിന്റെ വിഡിയോ ഏതായാലും ചായ പ്രേമികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.
വ്യത്യസ്തവും തമാശ നിറഞ്ഞതും മനോഹരവുമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ' അപ്പൊ ഇനി 2 പാത്രവും ഒരു കപ്പും പിന്നെ ഗ്ലാസും കഴുകണം', 'അല്ല അപ്പം വെള്ളം തണുത്തു പോകില്ലേ?? ഇവിടെ എല്ലാവർക്കും ഗുപ്തനെ പോലെ ഊതി കുടിക്കാനാണ് ഇഷ്ടം', '3 പാത്രം എടുത്താൽ അമ്മ വഴക്ക് പറയും', 'ഞാനാണല്ലോ എല്ലാം കൂടെ ഇട്ടിട്ടു അങ്ങോട്ട് തിളപ്പിക്കും', 'രണ്ട് മിനുട്ട് കൊണ്ട് ഉണ്ടാക്കുന്ന ചായക്ക് ഇങ്ങള് പറഞ്ഞ രീതിയിലാണെൽ 10 മിനുട്ട് എടുക്കും', 'ഇതിപ്പോ ഇണ്ടാകുന്ന നേരം കൊണ്ട് ചോറും ഒരു കറീം വക്കാലോ' , 'ഒരു ഏലക്കായ കൂടി ഇട്ടാൽ സെറ്റ് ആവും... അതും ഒന്ന് ചതച്ചു ഇട്ടാൽ സെറ്റ്' ഇങ്ങനെ പോകുന്നു കമന്റുകൾ.
ചായ ഉണ്ടാക്കിയ ശേഷം അരിപ്പയിലെ ചായപ്പൊടി വലിച്ചെറിയല്ലേ
എന്നും ചായ ഉണ്ടാക്കുന്നതു കൊണ്ടുതന്നെ ഉപയോഗിച്ചു കഴിഞ്ഞ ചായപ്പൊടി വീടുകളില്‍ സുലഭമായിരിക്കും. ഇവ ചുമ്മാ പുറത്തേക്ക വലിച്ചെറിയാതെ ഉപയോഗപ്രദമായി മാറ്റിയെടുത്താലോ? വീണ്ടും ഉപയോഗിക്കാനായി, ആദ്യം തന്നെ ഉപയോഗം കഴിഞ്ഞ ചായപ്പൊടിയില്‍ നിന്നും പഞ്ചസാരയുടെയും പാലിന്‍റെയുമെല്ലാം അംശം മാറ്റുകയാണ് വേണ്ടത്. അതിനായി, ഈ ചായപ്പൊടി നല്ല വെള്ളത്തില്‍ മൂന്നു നാലു തവണ കഴുകി ഉണക്കി ഒരു ബോട്ടിലിലാക്കി വയ്ക്കുക.
ഈ ചായപ്പൊടി കുറച്ചു വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ തുള്ളി പുല്‍തൈലമോ എസന്‍ഷ്യല്‍ ഓയിലോ ചേര്‍ക്കാം. ഇത് ഒരു അണുനാശിനി ആയി ഉപയോഗിക്കാം. കൂടാതെ, എസന്‍ഷ്യല്‍ ഓയിലോ പുല്‍ത്തൈലമോ ചേര്‍ക്കാത്ത ചായവെള്ളം സ്പ്രേ ചെയ്താല്‍ വെള്ള ക്രോക്കറിയും കണ്ണാടിയും പളുങ്ക് പോലെ തിളങ്ങും. ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ഈ തേയില നല്ലൊരു വളമാണ്. തേയിലയിലെ ടാനിൻ മണ്ണിൻ്റെ അസിഡിറ്റി അളവ് വർദ്ധിപ്പിക്കുന്നു, ഇത് റോസാപ്പൂക്കൾ പോലുള്ള സസ്യങ്ങളെ തഴച്ചുവളരാൻ സഹായിക്കുന്നു.
ഈര്‍പ്പം തങ്ങി നില്ക്കാന്‍ സാധ്യതയുള്ള ക്യാബിനറ്റുകള്‍ക്കുള്ളിലും മറ്റും, ഈ തേയില ഒരു തുറന്ന പാത്രത്തിലാക്കി സൂക്ഷിക്കുക. ഇതില്‍ ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലിന്‍റെ ഏതാനും തുള്ളികള്‍ ചേര്‍ക്കുക. ക്യാബിനറ്റുകൾക്ക് നല്ല ഗന്ധം ലഭിക്കും എന്ന് മാത്രമല്ല, ഉള്ളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാതെ സൂക്ഷിക്കാനും സഹായിക്കും. ഈ ചായപ്പൊടി ഇടയ്ക്കിടെ മാറ്റിക്കൊടുക്കണം.
ഒരു തുറന്ന ബൌളില്‍ ഈ ചായപ്പൊടി ഇട്ട് അത് കുറച്ചുനേരം ഫ്രിജിനുള്ളില്‍ വയ്ക്കുക. ഇത് ഉള്ളിലെ ദുര്‍ഗന്ധം മുഴുവന്‍ വലിച്ചെടുക്കുകയും ഫ്രിജ് ഫ്രെഷായി വയ്ക്കുകയും ചെയ്യും.