തോന്നുന്ന നേരത്ത് കാപ്പി കുടിക്കരുത്, കാരണം ഇതാണ്
Mail This Article
വൈകുന്നേരം കോഫി കുടിച്ചാല്‍ ഉറക്കം കിട്ടാത്ത ഒട്ടേറെ ആളുകളുണ്ട്. ദിവസം മുഴുവനും ഊര്‍ജ്ജം കിട്ടണമെങ്കില്‍ രാവിലെ ഒരു കോഫി പലര്‍ക്കും നിര്‍ബന്ധമാണ്. എത്ര കോഫി കുടിച്ചാലും ഉറക്കം വിടാത്ത ആളുകളുമുണ്ട്. ഗുണദോഷ സമ്മിശ്രമായ ഈ പാനീയം ലോകമൊട്ടാകെയുള്ള ആളുകള്‍ക്ക് പ്രിയപ്പെട്ടതാണെന്ന കാര്യത്തില്‍ സംശയമില്ല.
കോഫി എങ്ങനെ കുടിക്കണം, എപ്പോള്‍ കുടിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഇക്കാലയളവില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞ കോഫിക്ക് തലച്ചോറിന്റെ പ്രവർത്തനത്തെയും ഹൃദയാരോഗ്യത്തെയും സഹായിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും കഴിയും. പരമാവധി ഗുണങ്ങള്‍ ലഭിക്കുന്നതിന് കോഫി കുടിക്കേണ്ട രീതി എങ്ങനെയാണ് എന്നതിനെക്കുറിച്ച് പോഷകാഹാര വിദഗ്ധയും iTrive സ്ഥാപകയുമായ മുഗ്ധ പ്രധാൻ, വോഗ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കാപ്പിയിലെ കഫീൻ ഒരു സ്വാഭാവിക ഉത്തേജകമായി പ്രവർത്തിക്കുകയും ഊർജ്ജം ചിലവിടുന്നതിന്‍റെ നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിൻ്റെ സ്വാഭാവിക കോർട്ടിസോൾ പ്രവര്‍ത്തനം തകരാറാകാതിരിക്കാന്‍, ഉറക്കമുണർന്നതിന് ശേഷം 90 മിനിറ്റ് കഴിഞ്ഞ ശേഷം മാത്രം കോഫി കുടിക്കുക. ഇങ്ങനെ ചെയ്താല്‍ കഫീന് കൂടുതല്‍ ഫലപ്രദമായി ഊർജ്ജ നില വർദ്ധിപ്പിക്കാൻ കഴിയും.
വ്യായാമത്തിന് മുമ്പ് ബ്ലാക്ക് കോഫി കഴിക്കുന്നത് ശാരീരിക പ്രകടനം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കത്തുന്ന പ്രക്രിയ കൂട്ടുകയും ചെയ്യും. വ്യായാമത്തിന് ശേഷം, പേശികള്‍ക്ക് പുതുജീവന്‍ പകരാനും ഇത് സഹായിച്ചേക്കാം. എന്നിരുന്നാലും, വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണമില്ലാതെ രാവിലെ ആദ്യം കാപ്പി കഴിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും, ഇത് അസ്വസ്ഥത ഉണ്ടാക്കും. കോഫിക്ക് മുന്‍പ് ലഘുഭക്ഷണമോ പ്രഭാതഭക്ഷണമോ കഴിക്കുന്നത് ശരീരത്തിലെ കോർട്ടിസോളിൻ്റെ അളവ് സ്ഥിരപ്പെടുത്താനും കഫീനിനായി വയറിനെ തയ്യാറാക്കാനും സഹായിക്കും.
ഉച്ച തിരിഞ്ഞ് ഉറക്കം തൂങ്ങുന്നവര്‍ക്ക് കോഫി നല്ലതാണ്. ഈ സമയത്ത് കോഫി കുടിക്കുന്നത് ജാഗ്രതയും ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കുമെന്ന് പോഷകാഹാര വിദഗ്ധ അനുപമ മേനോൻ പറയുന്നു. എന്നിരുന്നാലും, കോഫി കുടിക്കുന്ന സമയം നിർണായകമാണ്. ദിവസം വളരെ വൈകി കാപ്പി കുടിക്കുന്നത് ഉറക്കം തടസ്സപ്പെടുത്തും. കഫീന് ഏകദേശം എട്ട് മണിക്കൂർ അർദ്ധായുസ്സ് ഉള്ളതിനാൽ, വൈകുന്നേരം 4 മണിക്ക് ശേഷം കാപ്പി കുടിക്കുന്നത് ഉറക്കം ബുദ്ധിമുട്ടാക്കും, ഇങ്ങനെയുള്ളവര്‍ വൈകിയുള്ള കോഫി പൂർണമായും ഒഴിവാക്കുക.
ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും അമിതമായി കോഫി കുടിക്കുന്നതിന്‍റെ ദൂഷ്യഫലങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കോഫിയുടെ ഡൈയൂററ്റിക് ഗുണങ്ങൾ കാരണം, മൂത്രമൊഴിക്കുന്നത് കൂടാം. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. പ്രതിദിനം നാല് കപ്പിൽ കൂടുതൽ കാപ്പി അല്ലെങ്കിൽ ഏകദേശം 500 മില്ലിഗ്രാം കഫീൻ കഴിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഉയർന്ന കഫീൻ അളവ് ഈസ്ട്രജൻ്റെ അളവ് വർദ്ധിപ്പിക്കും, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഒരു ദിവസം 3 മുതൽ 4 കപ്പ് വരെ മാത്രം കോഫി കുടിക്കുന്നത് ഇത്തരം സങ്കീർണതകൾ തടയാനും ശരീരത്തില്‍ ശരിയായ ജലാംശം ഉറപ്പാക്കാനും സഹായിക്കും.
വ്യത്യസ്ത രുചികളിൽ കോഫി തയാറാക്കാം
സിന്നമൺ ഇൻഫ്യൂസ്ഡ് ഫില്ലര്‍ കോഫീ മൂസ്
1. മാസ്കർപോണ്‍ ചീസ്- 100 ഗ്രാം
ഐസിംഗ് ഷുഗർ - 100 ഗ്രാം
2. ഹെവി വിപ്പിംഗ് ക്രീം - 150 ഗ്രാം
3. കടുപ്പമുള്ള ഫിൽറ്റര്‍ കോഫി ഡികോക്ഷൻ - 75 മില്ലി
4. കറുവാപ്പട്ട പൊടിച്ചത് - അഞ്ചു ഗ്രാം
5. ബദാം ഫ്ളേക്സ്- 20 ഗ്രാം
പാകം ചെയ്യുന്ന വിധം
1. ചീസും ഐസിംഗ് ഷുഗറും നന്നായി അടിച്ചുപയോഗിക്കുക.
2. ഹെവി ക്രീം അടിച്ചു കട്ടിയാക്കി, കുന്നുകൾ പോലെ വരണം.
3. ചീസ് മിശ്രിതത്തിൽ ഫിൽറ്റര്‍ കോഫി ഡികോക്ഷൻ യോജിപ്പിച്ച ശേഷം വിപ്പിഡ് ക്രീമിൽ മെല്ലെ ചേര്‍ത്ത് യോജിപ്പിക്കുക.
4. ഇതിൽ കറുവാപ്പട്ട പൊടിച്ചത് ചേർത്ത് മെല്ലെ ഇളക്കണം.
5. വിളമ്പാനുള്ള ഗ്ലാസുകളിലാക്കി മൂന്നു - നാലു മണിക്കൂർ ഫ്രിജിൽ വച്ചു സെറ്റ് ചെയ്ത് ബദാം ഫ്ളേക്ക്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.
എഗ്ഗ് ലെസ്സ് കോഫീ ഐസ്ക്രീം
1. ഇന്സ്റ്റന്റ് കോഫീ പൗഡർ - രണ്ടു വലിയ സ്പൂൺ
ചൂടുവെള്ളം - ഒരു വലിയ സ്പൂണ്‍
2. കണ്ടന്സ്ഡ് മിൽക്ക് - 200 ഗ്രാം
3. ക്രീം - 300 മില്ലി
പാകം ചെയ്യുന്ന വിധം
1. ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചശേഷം അൽപം ചൂടാറാനായി മാറ്റി വയ്ക്കുക.
2. കണ്ടന്സ്ഡ് മിൽക്ക് ഒരു ബൗളിലാക്കി അതിലേക്ക് കോഫി മിശ്രിതം ചേർത്തു നന്നായി ഇളക്കുക.
3. ഒരു ബൗളിൽ ക്രീമും കോഫി മിശ്രിതവും യോജിപ്പിച്ച് കട്ടിയാകും വരെ അടിക്കണം. ഇതൊരു പാത്രത്തിലാക്കി ഒരു രാത്രി മുഴുവൻ ഫ്രീസറിൽ വയ്ക്കണം.
4. വിളമ്പുന്നതിന് അഞ്ചു - ആറ് മിനിറ്റു മുൻപ് ഐസ്ക്രീം പുറത്തെടുത്തു വച്ചശേഷം വിളമ്പാം.