ദീപിക പദുക്കോണിന്റെ ആ ഇഷ്ടവിഭവമാണ് ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞത്
Mail This Article
ഒരു വർഷം കൂടി അതിന്റെ അവസാനത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ റെസിപ്പി പക്ഷേ ഇന്ത്യയുടേതല്ല. ഭൂട്ടാൻ വിഭവമായ 'എമ ദട്ഷി' ആണ് ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ വിഭവം. ഈ വിഭവം ഇന്ത്യക്കാർ തിരഞ്ഞുപോയതിന് കാരണം ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ്.
'എമ ദട്ഷി' തനിക്ക് ഇഷ്ടപ്പെട്ട വിഭവമാണെന്ന് ദീപിക പദുക്കോൺ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എമ ദട്ഷി ഉണ്ടാക്കുന്ന വിധം വിശദീകരിച്ചു കൊണ്ടുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
പേര് കുറച്ച് കുഴപ്പിക്കുന്നത് ആണെങ്കിലും ഭൂട്ടാൻകാരുടെ വിഭവമായ 'എമ ദട്ഷി' ഒരു തരത്തിൽ നമ്മുടെ സ്റ്റൂ തന്നെയാണ്. പ്രധാനമായും ചോറിന് ഒപ്പമാണ് ഈ വിഭവം കഴിക്കുന്നത്. എരിവുള്ളതും ചീസ് ചേർക്കുന്നതുമായ ഈ വിഭവം ചൂടോടെയാണ് കഴിക്കേണ്ടത്. ടിബറ്റൻ രീതിയിൽ ഇത് കഴിക്കുന്നത് ആവിയിൽ വേവിച്ച ബ്രെഡിന് ഒപ്പമാണ്.
ഈ വിഭവത്തിൻ്റെ പേര് തന്നെ അതിൻ്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. ഭൂട്ടാന്റെ ദേശീയ ഭാഷയായ സോങ്കയിൽ
എമ എന്ന വാക്കിന് അർത്ഥം മുളക് എന്നും ദട്ഷി എന്ന വാക്കിന് ചീസ് എന്നുമാണ് അർത്ഥം.
ഭൂട്ടാനിലെ ആളുകളെ സംബന്ധിച്ച് എമ ദട്ഷി വെറുമൊരു വിഭവം എന്നതിന് അപ്പുറത്തേക്ക് അവരുടെ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതിഫലനമാണ്. എമ ദട്ഷി ഇല്ലാതെ ഭൂട്ടാനിൽ ഒരു നേരത്തെ ഭക്ഷണവും പൂർണമാകില്ല എന്ന് തന്നെ പറയാം. അത്രയേറെ അവരുടെ ജീവിതത്തിൻ്റെ ഭാഗമാണ് ഈ വിഭവം.
എമ ദട്ഷി തയ്യാറാക്കാൻ ആവശ്യമായ പ്രധാന വിഭവങ്ങൾ
ചീസ്
പച്ചമുളക്
സവാള
എണ്ണ
വെളുത്തുള്ളി
ഉപ്പ്
കുരുമുളക് പൊടി
വെള്ളം
പച്ചമുളക് നടുകെ കീറി അകത്തെ അരി കളഞ്ഞ് മാറ്റിവെക്കുക. ഒരു പാൻ എടുത്ത് അതിൽ എണ്ണ ചൂടാക്കുക. പൊടിയായി അരിഞ്ഞുവെച്ച വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞ സവാളയും ഇതിലേക്കിട്ട് നന്നായി വഴറ്റി എടുക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളക് ഇതിലേക്ക് ചേർക്കുക. എല്ലാം നന്നായി വഴന്നു വരുമ്പോൾ വെള്ളം ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. വെള്ളം തിളച്ചു വരുമ്പോൾ ചീസ് ചേർക്കുക. ചീസ് കറിയിലേക്ക് അലിഞ്ഞു ചേരുമ്പോൾ തീയണച്ച് ചൂടോടെ ചോറിനൊപ്പമോ ബ്രെഡിന് ഒപ്പമോ കഴിക്കാം.