മുരിങ്ങക്കാ കൊണ്ട് സാമ്പാറും അവിയലും മാത്രമല്ല, കൊതിയൂറും വിഭവങ്ങള്‍ ഉണ്ടാക്കാം!
Mail This Article
അതീവ പോഷക സമൃദ്ധവും ഏറെ ആരോഗ്യകരവുമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും പൂവും കായും തൊലിയുമെല്ലാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മുരിങ്ങയില കൊണ്ടും പൂവ് കൊണ്ടും തോരന്‍ വയ്ക്കാറുണ്ട്. മുരിങ്ങാക്കോല്‍ ഇല്ലാത്ത സാമ്പാറും അവിയലുമൊന്നും നമുക്ക് സങ്കല്‍പ്പിക്കാനേ പറ്റില്ല.
ഇലകളാണ് മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗം. ഇതിൽ ധാരാളം വൈറ്റമിൻ ബി, വൈറ്റമിൻ സി, ബീറ്റ കരോട്ടിൻ രൂപത്തിൽ വൈറ്റമിൻ എ, വൈറ്റമിൻ കെ, മാംഗനീസ്, മാംസ്യം കൂടാതെ മറ്റു അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. മുരിങ്ങക്കായയാകട്ടെ, ഭക്ഷ്യനാരുകളുടെ അളവിനാലും പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവയാലും സമ്പന്നമാണ്. തിളപ്പിച്ച് പാകം ചെയ്താൽപ്പോലും മുരിങ്ങക്കായിലെ വൈറ്റമിൻ സിയുടെ അളവ് താരതമ്യേന കൂടുതൽ തന്നെയായിരിക്കും എന്നാണ് പറയപ്പെടുന്നത്. സാധാരണയായി ഉണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് പുറമേ, മുരിങ്ങക്കാ ഉപയോഗിച്ച് രുചികരമായ ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം.
∙ മുരിങ്ങക്കാ മസാല
ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ച്, ഉള്ളി തക്കാളി എന്നിവ വഴറ്റുക. ഇതിലേക്ക് ആവശ്യമുള്ള മസാലകള്‍ ചേര്‍ക്കുക. ഇതിലേക്ക് മുരിങ്ങക്കാ ഇട്ടു വേവിച്ച് എടുക്കുന്നതാണ് മുരിങ്ങക്കാ മസാല. ആവശ്യമെങ്കില്‍ അല്‍പ്പം തേങ്ങ കൂടി അരച്ച് ചേര്‍ക്കാം. രസം ചോറ്, തൈര് ചോറ്, സാമ്പാർ ചോറ് എന്നിവയ്‌ക്കൊപ്പം അടിപൊളിയാണ് ഈ മസാല.
∙ മുരിങ്ങക്കാ കട്ലറ്റ്
മുരിങ്ങക്കാ വേവിച്ച് ഉള്ളിലെ പള്‍പ്പ് എടുക്കുന്നു. ഇതിലേക്ക് മല്ലിയിലയും മസാലകളും സാധാരണ കട്ലറ്റ് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കുന്ന മറ്റു ചേരുവകളും ചേര്‍ത്താണ് മുരിങ്ങക്കാ കട്ലറ്റ് ഉണ്ടാക്കുന്നത്. നാലുമണിക്ക് കഴിക്കാന്‍ വളരെ രുചികരമായ ഒരു പലഹാരമാണിത്.
∙ മുരിങ്ങക്കാ തോരന്‍
മുരിങ്ങയുടെ ഇല മാത്രമല്ല, കായയും തോരന്‍ വയ്ക്കാം. മുരിങ്ങക്കായ വേവിച്ച ശേഷം, പിളര്‍ന്ന് അതിന്‍റെ കാമ്പ് എടുക്കുന്നു. തേങ്ങാ ചിരകിയത്, ഉള്ളി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചു, മുരിങ്ങക്കാ കാമ്പിലേക്കു ചേർത്ത് യോജിപ്പിച്ച് എടുക്കാം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മുരിങ്ങക്കാ കൂട്ട് ചേർത്തു വേവിച്ച് എടുക്കാം.
∙ മുരിങ്ങക്കാ അച്ചാര്‍
മുരിങ്ങക്കാ ആവിയില്‍ വേവിച്ച് അതിന്‍റെ കാമ്പ് എടുക്കാം. അടുപ്പത്ത് ചട്ടി വെച്ച് എണ്ണ ഒഴിക്കുന്നു. ഇതിലേക്ക് വറ്റല്‍ മുളക്, ഉള്ളി അരിഞ്ഞത്, ചുവന്ന മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം അല്‍പ്പം പുളിവെള്ളം കൂടി പിഴിഞ്ഞ് ഒഴിക്കാം. ഇതിലേക്ക് മുരിങ്ങക്കാ കാമ്പ് കൂടി ചേര്‍ത്തിളക്കി വേവിച്ചെടുത്താല്‍ രുചികരമായ മുരിങ്ങക്കാ അച്ചാര്‍ റെഡി!
∙ മുരിങ്ങക്കാ പറാത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങക്കാ പറാത്ത. ഇത് ഉണ്ടാക്കാന്‍ രണ്ടു മുരിങ്ങക്കാ കുക്കറില്‍ വേവിച്ച് പള്‍പ്പ് എടുക്കുക. അതിലേക്ക് മസാലകളും ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇത് എല്ലാം കൂടി നന്നായി ഇളക്കി ഗോതമ്പുപൊടി ചേര്‍ത്തു കുഴയ്ക്കുന്നു. ഇതിലേക്ക് മല്ലിയിലയും എള്ളും കൂടി ഇട്ടു പരത്താം. ചുട്ടെടുക്കുമ്പോള്‍ മുകളില്‍ അല്‍പ്പം നെയ്യ് തൂവുക. തൈര്, അച്ചാര്‍ എന്നിവയ്ക്കൊപ്പം കൂട്ടി മുരിങ്ങക്കാ പറാത്ത കഴിക്കാം.