പിടിയും കോഴിയും നിങ്ങൾ ഈ രീതിയിൽ ഉണ്ടാക്കിയിട്ടുണ്ടോ? ഇത് ന്യൂജെന് സ്റ്റൈൽ
Mail This Article
വീട്ടുകാരും സുഹൃത്തുക്കളുമൊക്കെയായി ഒത്തൊരുമിക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കേക്കും നല്ലരുചിയുള്ള വിഭവങ്ങളുമൊക്കെയായി എല്ലാവരും അടിച്ചുപൊളിച്ച് ആഘോഷമാക്കും. ഇത്തവണത്തെ ക്രിസ്മസിന് ഒരു സ്പെഷൽ വിഭവം തയാറാക്കിയാലോ? ട്രെഡീഷനലും ട്രെൻഡിയും ഒന്നിച്ച ഫ്യൂഷൻ ബേക്ക്ഡ് പിടി കോഴി ഉണ്ടാക്കാം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
കോട്ടയം സ്പെഷൽ
കോട്ടയംകാരുടെ വിശേഷ വിഭവമാണ് പിടിയും കോഴിയും. ക്രിസ്മസ്, ഈസ്റ്റർ, മാമോദീസ, ഇങ്ങനെ വിശേഷദിവസങ്ങളിൽ ക്രിസ്ത്യൻ കുടുംബങ്ങളിൽ തയാറാക്കുന്ന ഒരു പരമ്പരാഗത വിഭവമാണു പിടിയും കോഴിയും. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി.
അരിപ്പൊടിയുടെ കുറുക്കിൽ വെളുത്തുള്ളിയുടെയും ജീരകത്തിന്റെയും സ്വാദുമായി കുഞ്ഞുപിടികൾ പതുങ്ങിക്കിടക്കും. അടുപ്പിൽനിന്നു വാങ്ങിവയ്‌ക്കുന്ന കുറുക്കും അതിൽ മുങ്ങിക്കിടക്കുന്ന പിടിയും തണുത്തുകഴിഞ്ഞാൽ മുറിച്ചെടുത്തു പ്ലേറ്റിലെത്തിക്കാം. അതിനുമീതെ കോഴിക്കറി വിളമ്പാം. രണ്ടും നന്നായി യോജിപ്പിച്ചു നാവിലേക്കു വയ്‌ക്കാം. ഈ രുചിയിൽ നിന്നും വ്യത്യസ്തമായാണ് ബേക്ക്ഡ് പിടിയും കോഴിയും.
ബേക്ക്ഡ് കോഴിപിടി
തിരുവനന്തപുരം ഒ ബൈ താമരയിലെ ഷെഫായ ചിന്തുവാണ് ഈ സ്പെഷൽ ഫൂഡ് തയാറാക്കുന്നത്. ആദ്യം പാൻ വച്ച് അരിപ്പൊടിയ്ക്ക് അനുസരിച്ച് വെള്ളം ചേർക്കാം. നന്നായി തിളച്ച് വരുമ്പോൾ തേങ്ങ, ചെറിയയുള്ളി, വെളുത്തുള്ളി, ജീരകം എന്നിവ ചതച്ചതു ചേർക്കാം. ഒപ്പം ഇത്തിരി തേങ്ങാ പാലും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കാം. തിളച്ച് വരുമ്പോൾ തീ അണയ്ക്കാം, അതിലേക്ക് അരിപൊടി ഇത്തിരിയായി ചേർത്ത് നന്നായി കുഴച്ചെടുക്കാം. ശേഷം ചെറുതായി പിടിയുടെ വലുപ്പത്തിൽ ഉരുളകളാക്കി എടുക്കാം. അത് ആവിയിൽ വേവിച്ചെടുക്കാം.
പിടി പാകമാകുന്ന സമയത്ത് ചിക്കൻ തയാറാക്കാം. മറ്റൊരു പാൻ വയ്ക്കാം. വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റാം. നല്ലതായി വഴന്ന് വന്നു കഴിയുമ്പോൾ മഞ്ഞപൊടിയും മല്ലിപൊടിയും കുരുമളകുപൊടിയും ചേർത്ത് നന്നായി ഇളക്കാം. അതിലേക്ക് എല്ലില്ലാത്ത ചിക്കന്റെ ചെറിയ കഷണങ്ങളും ചേർത്ത് നന്നായി ഇളക്കാം.
ഇത്തിരി വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് അടച്ച് വച്ച് വേവിക്കാം. വെള്ളം വറ്റി വരുമ്പോൾ അതിലേക്ക് അരച്ചവച്ച കശുവണ്ടി പേസ്റ്റ് ചേർക്കാം. ഒപ്പം തന്നെ തേങ്ങാപാലും മൊസറില്ല ചീസും ചേർക്കാം. അതിലേക്ക് പാകമായ പിടിയും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം പാത്രത്തിലാക്കി ബേക്ക് ചെയ്ത് എടുക്കാം. അഞ്ചുമിനിട്ട് മതി. ശേഷം അതിലേക്ക് വറുത്തവെച്ച പപ്പടവും കറിവേപ്പിലയും ചേർത്ത് അലങ്കരിക്കാം. കുട്ടികൾക്കടക്കം എല്ലാവർക്കും ഈ രുചി ഇഷ്ടമാകും. ഇത്തവണത്തെ ക്രിസ്മസിന് ബേക്ക്ഡ് കോഴിപിടി തന്നെ തയാറാക്കാം.